സമകാലിക മലയാള ഫിക്ഷനിൽ ചരിത്രം, ഓർമ്മ, ജനകീയത എന്നിവ തമ്മിലുള്ള ബന്ധങ്ങളെ പുതിയ രീതിയിൽ അന്വേഷിക്കുന്ന പ്രവണതകൾ ശക്തിപ്പെടുന്നുണ്ട്. ചരിത്രത്തെ ഒരു രേഖാപരമായ ഭൂതകാലമായി മാത്രം കാണാതെ, വർത്തമാനത്തിന്റെ അനുഭവലോകത്തിൽ സജീവമായി ഇടപെടുന്ന സാന്നിധ്യമായി വായിക്കാനുള്ള ശ്രമങ്ങളാണ് ഇത്തരത്തിലുള്ള കൃതികളുടെ പ്രത്യേകത. രാഹുൽ ആർ പിള്ളയുടെ കൊച്ചുതങ്കയുടെ രക്തം ഈ പശ്ചാത്തലത്തിൽ ശ്രദ്ധേയമായ ഒരു ഇടപെടലാണ്. ചരിത്രം, മിത്ത്, ഫാന്റസി, ദേശസ്മൃതി, ജാതി, അധികാരം എന്നിവയെ ഒരൊറ്റ ആഖ്യാനഘടനയിൽ സംയോജിപ്പിക്കുന്ന ഈ നോവൽ, ഭൂതകാലത്തെ പുനരാഖ്യാനം ചെയ്യുന്നതോടൊപ്പം ചരിത്രത്തെക്കുറിച്ചുള്ള നമ്മുടെ ധാരണകളെയും ചോദ്യം ചെയ്യുന്നു.
മാവേലിക്കര തട്ടാരമ്പലം പ്രദേശവുമായി ബന്ധപ്പെട്ട ദേശസ്മൃതികളും തലമുറകളായി കൈമാറിവന്ന കഥകളും വിശ്വാസങ്ങളുമാണ് നോവലിന്റെ കാതൽ. ഈ പ്രാദേശികതയെ എഴുത്തുകാരൻ വെറും പശ്ചാത്തലമായി ഉപയോഗിക്കുന്നില്ല. മറിച്ച്, ഒരു ദേശത്തിന്റെ കൂട്ടായ ഓർമ്മകൾ എങ്ങനെയാണ് ചരിത്രത്തെ സൂക്ഷിക്കുകയും പുനരുത്പാദിപ്പിക്കുകയും ചെയ്യുന്നത് എന്ന അന്വേഷണമാണ് നടത്തുന്നത്. അതിനാൽ കൊച്ചുതങ്കയുടെ രക്തം ഒരു പ്രാദേശിക കഥയെന്നതിലുപരി, പ്രാദേശികതയ്ക്കുള്ളിൽ ഒളിഞ്ഞിരിക്കുന്ന ചരിത്രപരവും സാമൂഹികവുമായ അനുഭവങ്ങളുടെ പുനർവായന കൂടിയാണ്. മുത്തശ്ശിക്കഥകൾ പോലെ ഓർമ്മയിൽ തറഞ്ഞുകിടക്കുന്ന ഒട്ടനേകം അനുഭവങ്ങൾ നമ്മുടെ ജീവിതത്തിലുണ്ടാകാം. അത്തരം അനുഭവലോകത്തു നിന്നും ഭാവനാത്മകമായ ആഖ്യാനപരിസരത്തെ കണ്ടെടുക്കുകയാണ് രാഹുൽ.
ലളിതമായ ആഖ്യാനഘടനയ്ക്കുള്ളിൽ വായനക്കാർ അനുഭവിക്കുന്നത് രണ്ട് കാലങ്ങളിലൂടെയുള്ള സഞ്ചാരമാണ്. തറവാട്ടുകാവിന്റെ പുനഃപ്രതിഷ്ഠയിൽ തുടങ്ങുന്ന നോവലിൽ, വർത്തമാന കാലത്തെ പൂരിപ്പിക്കുന്നത് ഭൂതകാലത്തിന്റെ അടരുകളാണ്. അത് വിടരുന്നത് ദാസനെന്ന കഥാപാത്രത്തിന്റെ സ്വപ്നദർശനത്തിലൂടെയും. ഈ പശ്ചാത്തലത്തിൽ കാവ് എന്ന സ്ഥലം പ്രത്യേക ശ്രദ്ധ അർഹിക്കുന്നു. കാവ് ഇവിടെ ഒരു ആരാധനാസ്ഥലം മാത്രമല്ല. അത് ഓർമ്മയുടെ ആർക്കൈവാണ്. തലമുറകളുടെ അനുഭവങ്ങളും വിശ്വാസങ്ങളും മൗനങ്ങളും അതിനുള്ളിൽ അടിഞ്ഞുകൂടിയിരിക്കുന്നു. ചരിത്രം രേഖകളിൽ നിന്ന് മാഞ്ഞുപോയാലും സ്ഥലങ്ങൾ അത് സൂക്ഷിച്ചുവയ്ക്കുന്നുണ്ടെന്ന ആശയമാണ് ഈ പ്രതീകം മുന്നോട്ടുവയ്ക്കുന്നത്. കാവ് ഒരു ഭൗതിക ഇടത്തിൽ നിന്ന് സാംസ്കാരിക സ്മൃതിയുടെ കേന്ദ്രമായി രൂപാന്തരപ്പെടുന്നു.
