കീഴാളൻ: പൊള്ളുന്ന അടിയാള ജീവിതത്തിന്റെ നേർസാക്ഷ്യം

Book Review

കീഴാളൻ: പൊള്ളുന്ന അടിയാള ജീവിതത്തിന്റെ നേർസാക്ഷ്യം


വിശപ്പിന്റെ വിളികൾക്ക് മുന്നിൽ മനുഷ്യൻ എപ്പോഴും നിസ്സഹായനാണ്. അതിലേക്ക് അവൻ എന്തും എറിഞ്ഞുകൊടുക്കും. തന്റെ സ്വാതന്ത്ര്യം, ആത്മാഭിമാനം, ആരോഗ്യം, ധാർമ്മികത...'കീഴാളൻ'എന്ന പുസ്തകം ആരംഭിക്കുന്നത് തന്നെ മനുഷ്യന്റെയും മൃഗങ്ങളുടെയും ഈ വിശപ്പിൽ നിന്നാണ്. വിശപ്പിന്റെ കുറ്റിയിൽ ബന്ധിക്കപ്പെട്ട് ഗൗണ്ടർമാരുടെ കാലിത്തൊഴുത്തുകളിൽ ജീവിതം ഹോമിക്കപ്പെടേണ്ടി വരുന്ന ചക്കിലിയൻ സമുദായത്തിൽപ്പെട്ട ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും അതിദയനീയമായ ജീവിതവും നിസ്സഹായതയും പെരുമാൾ മുരുകൻ ഈ നോവലിൽ അത്രമേൽ ആഴത്തിൽ കുറിച്ചിടുന്നു. കൂലയ്യൻ എന്ന ചക്കിലിയൻ ബാലനിലൂടെയാണ് കഥയുടെ ലോകം വികസിക്കുന്നത്. അവനെക്കൂടാതെ വാവുറി, നെടുമ്പൻ, ശെവിടി, മൊണ്ടി തുടങ്ങിയ മറ്റ് ബാലവേലക്കാരുടെ ദയനീയമായ അതിജീവന പോരാട്ടങ്ങളെയും നോവൽ അടയാളപ്പെടുത്തുന്നു.

ജാതിവ്യവസ്ഥയുടെ ഏറ്റവും അടിത്തട്ടിലേക്ക് തളയ്ക്കപ്പെട്ട ചക്കിലിയ മനുഷ്യരെ, തങ്ങൾ മേയ്ക്കുന്ന ആട്ടിൻപറ്റങ്ങളെക്കാൾ നിസ്സാരമായാണ് ഗൗണ്ടർമാർ നോക്കിക്കണ്ടത്. ചാണകത്തിന്റെയും ആട്ടിൻകാഷ്ഠത്തിന്റെയും രൂക്ഷഗന്ധം നിറഞ്ഞ കാലിത്തൊഴുത്തുകളിലായിരുന്നു അവരുടെ ജീവിതം. തങ്ങൾ മേയ്ക്കുന്ന മൃഗങ്ങൾക്ക് എന്തെങ്കിലും ഒരു അബദ്ധം സംഭവിച്ചാൽ പിന്നെ ആ ചക്കിലിയന്റെ ജീവിതം അതോടെ തരിപ്പണമാകും. ക്രൂരമായ ശാരീരിക മർദ്ദനങ്ങൾക്കൊപ്പം അവരുടെ അരവയർ ആഹാരം കൂടി അതോടെ എന്നെന്നേക്കുമായി അറ്റുപോകും.

ചാക്കിലിയന്മാർക്ക് ഗൗണ്ടർ ദൈവമാണ്. തങ്ങൾ ഗൗണ്ടർമാരുടെ അടിയാന്മാരായി ജനിച്ചവരാണെന്ന അന്ധമായ ചിന്തയും ചക്കിലിയന്മാർ തങ്ങളുടെ ജന്മനാലുള്ള അടിമകളാണെന്ന പൊതുബോധവും ഇരുസമുദായങ്ങളുടെയും ഉള്ളിൽ ആഴത്തിൽ വേരോടിയിരുന്നു. അതുകൊണ്ടുതന്നെ ചക്കിലിയൻ കുട്ടി പണിയെടുക്കാൻ പാകമായെന്ന് തോന്നുന്ന മാത്രയിൽ മാതാപിതാക്കൾ അവരെ ഗൗണ്ടർമാരുടെ കാലിത്തൊഴുത്തുകളിലേക്ക് എറിഞ്ഞുകൊടുക്കുമായിരുന്നു. മാത്രമല്ല അവരുടെ പണിക്കൂലി മുൻകൂറായി പറ്റുമായിരുന്നു. അതുകൊണ്ടു തന്നെ ഓരോ ചക്കിലിയൻ കുട്ടിക്കും ഇഷ്ടമില്ലെങ്കിൽ പോലും ഗൗണ്ടറുടെ കീഴിൽ വർഷങ്ങളോളം പണിയെടുക്കേണ്ടതായി വന്നു. കൊയ്ത്തൊഴിഞ്ഞ ആ പാടങ്ങളിൽ ആടുകളെ മേയ്ക്കാനെത്തുമ്പോൾ മാത്രമാണ് ആ കുട്ടികൾ തങ്ങളുടെ സ്വാതന്ത്ര്യം അല്പമെങ്കിലും ആഘോഷിക്കുന്നതും ഉള്ളിലെ അമർഷങ്ങൾ പങ്കുവെക്കുന്നതും. പനകയറിയും, കല്ലുകൊത്തിക്കളിച്ചും, തൊട്ടുകളിച്ചും, പാടത്തുനിന്ന് നിലക്കടല കുഴിച്ചെടുത്തും, പരസ്പരം ഓടിത്തോൽപ്പിച്ചും ആ സമയങ്ങളിൽ പാടശേഖരങ്ങളെ അവർ സജീവമാക്കും. എന്നാൽ അപ്പോഴും അവരുടെ മനസ്സിന്റെ ഒരു കോണിൽ മേയ്ക്കാൻ കൊണ്ടുവന്ന ആട്ടിൻപറ്റങ്ങളെക്കുറിച്ചുള്ള ഭയം നിഴലിച്ചുനിൽക്കുന്നുണ്ടാകും. അവക്ക് എന്തെങ്കിലും പറ്റുമോ എന്ന ചിന്തയും അവയുടെ വയർ നിറയാതെ തൂങ്ങിയാടിയാണ് വീട്ടിലെത്തുന്നതെങ്കിൽ ഉണ്ടാകാവുന്ന ഭവിഷ്യത്തും അവരെ വേട്ടയാടിക്കൊണ്ടിരിക്കും.


Related Articles