“ഉപ്പുകാലത്ത്
കായലിൽ ഒരുങ്ങുന്ന
മായാജാലം
ഞങ്ങൾക്കത് ഒരു സ്വപ്നലോകം
തന്നെ ആയിരുന്നു.”
ഇങ്ങനെയാണ് അരവിന്ദൻ കെ.എസ്. മംഗലത്തിന്റെ കാവ്യസമാഹാരത്തിലെ ശീർഷക കവിതയായ ‘കവര്’ ആരംഭിക്കുന്നത്. കടൽവെള്ളത്തിലും ഉപ്പുവെള്ളം നിറഞ്ഞ കായലിലും രാത്രിയിൽ കാണപ്പെടുന്ന ഒരു പ്രതിഭാസമാണ് കവര്. ബാക്റ്റീരിയ, ആൽഗ, ഫംഗസ് പോലുള്ള ജീവികൾ പുറപ്പെടുവിക്കുന്ന പ്രകാശവിശേഷം (Bioluminscence). ഈ പ്രതിഭാസംപോലെ ബിംബകല്പനകളാൽ, രൂപകങ്ങളാൽ, ആന്തരികാർത്ഥവിന്യാസങ്ങളാൽ പുറപ്പെടുവിക്കുന്ന പ്രകാശവിശേഷങ്ങളാണ് ഈ സമാഹാരത്തിലെ ഓരോ കവിതകളും.
മഴയിൽ തുടങ്ങി യാത്രയിലവസാനിക്കുന്ന കാവ്യപുസ്തകം ഗദ്യവും പദ്യവും കലർന്ന കവിതകളുടെ സമാഹാരമാണ്. ഏകാന്തതയുടെ നോവും പ്രണയത്തിന്റെ ആർദ്രതയും വിരഹത്തിന്റെ വേദനയും തോരാതെ പെയ്യുകയാണ് മഴയിൽ. കടലും കാലവും കടന്ന് അനന്തതയിലേക്ക് നടക്കാൻ കൊതിക്കുന്ന കവി അറ്റമില്ലാത്ത പ്രണയത്തിന്റെ വിശുദ്ധിയാഗ്രഹിക്കുന്നു. മഴ പോലെ പ്രണയത്തിന്റെ ശുദ്ധവും സുന്ദരവുമായ ആവിഷ്കാരങ്ങൾ പല കവിതകളിൽ പ്രമേയമാവുന്നു.
