സി എസ് ചന്ദ്രികയെക്കുറിച്ച് പറഞ്ഞു തുടങ്ങാം എന്നു കരുതുന്നു. ചന്ദ്രികയും ഞാനും ഒരേ കോളേജിലാണ് പഠിച്ചത്. നാട്ടിക എസ് എന്‍ കോളേജില്‍. നാട്ടിക മണപ്പുറം, മലബാറിന്റെ തെക്കേ അറ്റമായിരുന്നു. ഒരു പ്രവിശ്യയുടെ അതിര്‍ത്തി. പഞ്ചാര തോല്‍ക്കുന്ന വെളുത്തമണല്‍ വിരിച്ച സ്ഥലം. കടല്‍ ഏതാനും കിലോമീറ്ററുകള്‍ മാത്രം അകലെ. കാലവര്‍ഷക്കാലത്ത് കാതുകൂര്‍പ്പിച്ചാല്‍ കടലിന്റെ ഒച്ചകേൾക്കാം. വിളിപ്പാടകലെ കനോലി കനാല്‍. അതിനപ്പുറം പണ്ടത്തെ കൊച്ചിരാജ്യം. പഴയ മലബാറിനെയും പഴയ കൊച്ചിയെയും ബന്ധിപ്പിച്ച്, കോളേജിന്റെ വടക്കുവശം കണ്ടശ്ശാം കടവ് പാലം. തെക്ക് തൃപ്രയാര്‍ പാലം. ചന്ദ്രിക വരുന്നത് പഴയ കൊച്ചി രാജ്യത്തിലെ പെരിങ്ങോട്ടുകരയില്‍നിന്ന്. ഞാന്‍ മലബാറുകാരന്‍. ചന്ദ്രികയുടെ താഴെ ക്ലാസ്സിലായിരുന്നു ഞാന്‍. ഞാനെത്തുമ്പോഴേക്കും ചന്ദ്രിക കോളേജില്‍ പേരെടുത്തിരുന്നു. എഴുത്തുകാരിയായിട്ടല്ല, പാട്ടുകാരിയായി. ഞങ്ങളുടെ കോളേജിലെ പേരുകേട്ട പാട്ടുകാരിയായിരുന്നു ചന്ദ്രിക. ഒപ്പം, രാഷ്ട്രീയപ്രവര്‍ത്തനവും.
വീറുറ്റ ഇടതുപക്ഷ രാഷ്ട്രീയപ്രവര്‍ത്തകയായിരുന്നു, ചന്ദ്രിക. കോളേജ് യൂണിയന്‍ ഭാരവാഹിയായിരുന്നോ? ഓര്‍മ്മയില്ല. കുറച്ചു വര്‍ഷങ്ങള്‍ക്കുശേഷം ദേശാഭിമാനി പത്രത്തിന്റെ മുഖപ്പേജില്‍ ചന്ദ്രികയുടെ ചിത്രം കണ്ടു. പാട്ടുകാരിയായി സമ്മാനം വാങ്ങുന്ന ചന്ദ്രികയല്ല. പോലീസിന്റെ അടിവാങ്ങുന്ന ചന്ദ്രിക. ആ ചിത്രം കണ്ട് ഞാന്‍ സങ്കടപ്പെട്ടു. കോളേജില്‍ വെച്ച് ഞങ്ങള്‍ തമ്മില്‍ പരിചയപ്പെട്ടിരുന്നില്ല. ഞാന്‍ അന്തര്‍മുഖനും ചെറിയ വൃത്തത്തില്‍ മാത്രം രാഷ്ട്രീയ സംവാദം നടത്തുന്ന ആളുമായിരുന്നു. അതിനാല്‍ വളരെപ്പേര്‍ക്കൊന്നും എന്നെ അറിയുമായിരുന്നില്ല.
