നവഭാവുകത്വത്തിന്റെ കാവ്യവാങ്മയം

Book Review

നവഭാവുകത്വത്തിന്റെ കാവ്യവാങ്മയം


പകുതി വായിച്ച് അടച്ചുവെക്കാനാവാത്ത ശ്രേഷ്ഠമായ കാവ്യകൃതിയാണ് ആര്യാംബികയുടെ കൺപീലി.

പദസംയോഗത്തിലെ പുതുമ, ബിംബസൃഷ്ടിയിലെ മൗലികത, ഭാവസംവേദനക്ഷമതയിലെ നിഷ്കർഷ, നിയതാർത്ഥത്തിനപ്പുറ​മുള്ള അർത്ഥച്ഛായകളുടെ ഉന്മീലനം, ധ്വനനസാധ്യതകളുടെ സവി​ശേഷ വിനിയോഗം, കേശാദിപാദശില്പപ്പൊരുത്തം, ഇമേജറിയി​ലൂടെയുള്ള ഭാവവിനിമയം, ലയോത്പാദനക്ഷമമായ ശയ്യാഗുണം, സുതാര്യശുദ്ധമായ അർത്ഥസംവേദനം, ഭാവവി​ന്യാസത്തിലെ ഔചിത്യഭംഗി, ഭാവോദാരമായ ധ്വനിഗഹനത തുടങ്ങിയവ​കൊണ്ട് അനുഗൃഹീതമായ കവിതകളുടെ സമാഹാരമാണ് കൺപീലി.

ഏതു പുതിയ കവിയും നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ഭാവുകത്വനവീകരണവുമായി ബന്ധപ്പെട്ടതാണ്. ആവർത്തിച്ചുള്ള ഉപയോഗത്താൽ അർത്ഥസംവേദനം അസാദ്ധ്യമായിത്തീർന്ന നില​യിലുള്ള തേഞ്ഞുപോയ വാക്കുകളും പല തലമുറകൾ കൈകാര്യം ചെയ്കയാൽ ഭാവലോപം വന്ന സന്ദർഭങ്ങളുമേ പുതിയ കവിക്കു മുമ്പിലുള്ളു. ഈ പഴമയിൽനിന്ന് എങ്ങനെ പുതുമയുണർത്തിയെടുക്കാം. ഇതാണു കവികൾ നേരിടുന്ന വലിയ വെല്ലുവിളി. ഇതിനെ നേരിടാൻ രണ്ടു കാര്യങ്ങളാണു സഹായകമാവുക. കാവ്യാ​ത്മകമായ പുതുപദസംയോഗങ്ങൾ കണ്ടെത്തുക, അചുംബിതകല്പനകളുടെ പുതുഭാഷ രൂപപ്പെടുത്തുക, സ്മൃതിസുഗന്ധങ്ങളെ പ്രത്യാനയിക്കുന്ന പുതുസന്ദർഭങ്ങൾ രൂപീകരിച്ചെടുക്കുക, എന്നിവ​യാണവ. ഇവയാകട്ടെ, മൗലികമായ പ്രതിഭകൊണ്ടും ഉദാത്തമായ സർഗ്ഗാത്മകതകൊണ്ടും ഭാഷയ്ക്കുമേലുള്ള മാസ്മരിക മാസ്റ്ററി കൊണ്ടും അനുഗൃഹീതരായ പ്രതിഭകൾക്കുമാത്രമേ സാദ്ധ്യമാവൂ. ഇതെല്ലാം ഒരു മാജിക്കൽ കൈയടക്കത്തിലെന്നപോലെ സ്വായത്ത​മാക്കാൻ കഴിഞ്ഞ പ്രതിഭയാണ് ആര്യാംബിക എന്നതിനു വേണ്ട​തി​ലധികം തെളിവു തരുന്നു അവരുടെ ഈ കാവ്യസമാഹാരം.


Related Articles