ജലംകൊണ്ട് പൊള്ളുന്ന, ജനിമൃതികളുടെ കുളിപ്പുരരഹസ്യം

Book Review

ജലംകൊണ്ട് പൊള്ളുന്ന, ജനിമൃതികളുടെ കുളിപ്പുരരഹസ്യം


‘കഥ പറയാനുള്ള രസത്തിനുവേണ്ടിയാണ് ഞാൻ കഥയെഴുതുന്നതെന്ന് എനിക്ക് പലപ്പോഴും തോന്നി’ എന്ന മാർക്വേസിൻ്റെ വാക്യം ഉദ്ധരിച്ചുകൊണ്ടാണ് ഷനോജ് ആർ ചന്ദ്രൻ തൻ്റെ കഥാപ്രപഞ്ചത്തിലേയ്ക്ക് വായനക്കാരനെ ക്ഷണിക്കുന്നത്. രസിച്ചു കഥ പറയാൻ തന്നെയാണ് ഷനോജ് പേന ചലിപ്പിക്കുന്നതും. കുട്ടനാടിൻ്റെ ജലരാശിയിൽ പാദമൂന്നി നിന്നുകൊണ്ട് അവിടുത്തെ പച്ചമനുഷ്യരുടെ നിത്യജീവിതയാഥാർത്ഥ്യങ്ങളെ ഷനോജ് ജലത്തിൻ്റെ നനവും ഒഴുക്കും പരപ്പുമുള്ള ഭാഷയിൽ കോറിയിടുന്നു. 2022 ൽ പച്ചക്കുതിരയിൽ പ്രസിദ്ധീകരിക്കുകയും ‘കാലൊടിഞ്ഞ പുണ്യാളൻ’ എന്ന ചെറുകഥാസമാഹാരത്തിലുൾപ്പെടുത്തുകയും ചെയ്തിട്ടുള്ള കഥയാണ് ‘കുളിപ്പുരയിലെ രഹസ്യം’. ജലംകൊണ്ട് പൊള്ളുന്ന, ജലത്തിൽ ജനിമൃതികൾ തേടുന്ന സാധാരണ മനുഷ്യരുടെ ജീവിതത്തെ അസാധാരണമായ ആഖ്യാനവൈഭവത്തോടെ ഷനോജ് വരച്ചിടുന്നു.

കഥയിലെ പ്രധാന കഥാപാത്രമായ ഷൈജു എന്ന മീൻപിടുത്തക്കാരൻ്റെ സുഹൃത്തിൻ്റെ കാഴ്ചകോണിലൂടെയാണ് കഥാകൃത്ത് കഥയുടെ ചുരുളഴിക്കുന്നത്. പമ്പയാറ്റിൽ കോതറജെട്ടിയിൽനിന്ന് ആയിരത്തൊമ്പത് പാടത്തേക്ക് പോകുന്ന വഴിയിലുള്ള കുളിപ്പുരയാണ് കഥയുടെ പ്രഭവസ്ഥാനം. അവിടെയാണ് ഷൈജുവിന്റെ രതിമോഹങ്ങളുടെ പാത്രമായ പ്രബിത കുളിക്കാനെത്തുന്നത്. പ്രബിതയുടെ കുളിയിലേയ്ക്കുള്ള ഒളിനോട്ടങ്ങൾ അയാൾക്ക് ധ്യാനത്തിൽനിന്നെന്നപോലെ പരമാനന്ദസദൃശ്യമായ അനുഭൂതി പ്രാപ്യമാക്കുന്നു. അങ്ങനെയിരിക്കെ അപ്രതീക്ഷിതമായി പമ്പയാറ്റിലുണ്ടാകുന്ന ‘കഴുന്നയുടെ ആക്രമണം’ കഥാഗതിയെ മാറ്റിമറിക്കുന്നു. ഈ സാഹചര്യത്തിലാണ് ഷൈജു കഴുന്നയുമായി തനിക്കുള്ള പൂർവ്വകാല വൈരത്തിൻ്റെ ചരിത്രം ആഖ്യാതാവിന് മുന്നിൽ വെളിവാക്കുന്നത്. അമ്മയുടെ വയറ്റിൽ തന്നോടൊപ്പം ഉണ്ടായിരുന്ന, ഗർഭപാത്രത്തിലെ ജലത്തിൽ മുങ്ങിമരിച്ച ഇരട്ടയുടെ കഥ മുതൽ കുളിപ്പുരയിലെ തൻ്റെ ശൈശവക്കുളിയും കടന്ന്, അമ്മയുടെ ജീവനെടുത്ത കഴുന്നയോടുള്ള പക വരെ എത്തിനിൽക്കുന്ന അതിശയോക്തി നിറഞ്ഞ ഒരുകൂട്ടം കഥകളുടെ ചുരുളുകൾ പിന്നീട് അഴിക്കുകയായി.

തുടക്കം മുതൽ ഒടുക്കംവരെ കഥയിലെ സജീവസാന്നിധ്യം ജലമാണ്. പമ്പയാറെന്ന ജലരാശിയിലാണ് ഷനോജ് തൻ്റെ കഥാബീജത്തെ കൗശലത്തോടെ പൊലിപ്പിച്ചെടുക്കുന്നത്. അമ്മയുടെ ഗർഭപാത്രത്തിൽ തുടങ്ങുന്ന ഷൈജുവിൻ്റെ ജലസ്മൃതികൾ അമ്മയുടെ പ്രസവക്കുളിയിലൂടെയും തൻ്റെ ശൈശവക്കുളിയിലൂടെയും കടന്ന്, മെഡിക്കൽകോളേജ് വിദ്യാർത്ഥികൾക്ക് പഠിക്കാൻ നൽകിയ ഇരട്ടശിശുവിൻ്റെ ശരീരം സൂക്ഷിക്കുന്ന ഫോർമാലിൻ ലായനിയിലൂടെയും അമ്മയുടെ ജലമൃത്യുവിലൂടെയും സഞ്ചരിച്ച്, പ്രബിതയുടെ രത്യാവേശമുണർത്തുന്ന മോഹക്കുളിയിലും കുളിപ്പുരയിലെ അവളുടെ മരണക്കുളിയിലും എത്തിനിൽക്കുമ്പോൾ അനുവാചകൻ ഒരുകൂട്ടം ഭ്രമാത്മകകഥകളെ ഒന്നിച്ചാവേശിച്ച തലത്തിലേയ്ക്കെത്തപ്പെടുന്നു. ജലം, ജനി- മൃതി- രതി ഭാവങ്ങളിൽ ഷൈജുവിന്റെ സ്മൃതിമണ്ഡലത്തിൽ അടയാളപ്പെട്ടുകിടക്കുന്നു. ഒപ്പം അയാളുടെ പകയെയും ദ്വേഷത്തെയും കുറ്റബോധത്തെയും ഭയത്തെയും അതേ ജലം സ്വാംശീകരിക്കുന്നു. ജലം ഒരസാധാരണ സാന്നിധ്യമായി കഥാപാത്രങ്ങളുടെ ബോധമണ്ഡലത്തിലും അവരുടെ ഭൗതികയാഥാർഥ്യത്തിലും നനവുപടർത്തി നിൽക്കുന്നു. ജലത്തിൽ നിന്നുരുവാകുന്ന ജീവനെ സംബന്ധിച്ച ചിന്തകളും കഥ മുന്നോട്ടുവയ്ക്കുന്നുണ്ട്. ഗർഭപാത്രത്തിലെ ജലത്തെക്കുറിച്ചുള്ള സൂചന ശ്രദ്ധിക്കുക. ഈ ജലം ഒരേ സമയം ജനിമൃതികളെ സംഭവ്യമാക്കുന്നതെങ്ങനെയെന്ന് ഷൈജുവിൻ്റെയും ഇരട്ടയുടെയും കഥ ചൂണ്ടിക്കാട്ടുന്നു. പിന്നീട് പമ്പയാറെന്ന ജലരാശിയും ഇതേ ക്രിയ കഥയിൽ ആവർത്തിക്കുന്നു. കഥയിലെ കുളിപ്പുര പെണ്ണുടലിൻ്റെ പ്രതീകമാവുന്നുണ്ട്. കഥയിലെ ചില ഭാഗങ്ങൾ ശ്രദ്ധിക്കുക; “എത്രയോ തലമുറയിലെ പെണ്ണുങ്ങൾ കുളിച്ചു കുളിച്ച് ഈ പടികൾക്കൊക്കെ പെൺശരീരങ്ങളുടെ ഉയർച്ചതാഴ്ചകളായി”


Related Articles