ഡിസ്റ്റോപ്പിയയുടെ ഭാഷാഭൂപടം

Book Review

ഡിസ്റ്റോപ്പിയയുടെ ഭാഷാഭൂപടം


'ഏട്ടിലെ പശു പുല്ലുതിന്നില്ല' എന്ന ചൊല്ല് മാറുകയാണ്. ഏട്ടിൽ നിന്നാണ് പശു ആദ്യം പുല്ലു തിന്നുതുടങ്ങുക. പിന്നെയാണ് അവ കണ്ടത്തിലേക്കിറങ്ങുക. ഇന്ത്യയിൽ, പശുക്കൾ ഇപ്പോൾ മനുഷ്യരെത്തന്നെ തിന്നാൻ തുടങ്ങി.

റിഹാൻ റാഷിദിന്റെ ‘കാകപുരം’എന്ന നോവൽ വായിച്ചുതീർന്നപ്പോൾ ആദ്യം തോന്നിയ വചനങ്ങളാണിവ. വംശഹത്യ ഒറ്റയായോ കൂട്ടമായോ നടത്തുന്ന ഒരാക്രമണത്തിലൂടെ ഉണ്ടാകുന്നതല്ല. ഡാറ്റയും പാഠവും ഭൂപടവുമുണ്ടാക്കി സാവകാശം ഡിസൈൻ ചെയ്യുന്നതാണ്.

ആനന്ദ് 'മരുഭൂമികൾ ഉണ്ടാകുന്നത്' എന്ന നോവലിൽ ഉപയോഗിച്ച ഒരു മെറ്റഫർ ഓർമ്മവരുന്നു. "പരവതാനികളിൽ രൂപങ്ങൾ വരച്ചുതുടങ്ങുന്ന ചായങ്ങൾ പുലിയായോ കടുവയായോ മാറുമെന്ന് ആദ്യം നാമറിയില്ല."ഇന്നത്തെ അവസ്ഥയിൽ, രൂപം പുലിയാണോ നരിയാണോ എന്നറിയാൻ നാം സ്വല്പംപോലും കാത്തിരിക്കേണ്ടതില്ല എന്നതാണ് വാസ്തവം.

ഗൗതമനും അഹല്യയും പലപ്പോഴായി കുറിച്ചിട്ട ഈ കൃതിയിലെ ആഖ്യാനങ്ങൾ മായ്ക്കപ്പെട്ട ഒരു യഥാർത്ഥ ഭൂപടത്തിനുമീതെ അതിവിദഗ്ദ്ധമായി ഓവർ ഇമ്പോസ് ചെയ്തുവച്ച ഒന്നാണ്. ഗൗതമന്റെ പുതിയ നോവൽ കൈയെഴുത്തുപ്രതി അപഹരിക്കപ്പെട്ടതോടെ ചരിത്രപരമായ ഒരു ശൂന്യത ബാക്കിയാവുന്നു.


Related Articles