മുകിലൻ, മറവായനം, കണ്ണകി എന്നീ നോവലുകളിലൂടെ മലയാള സാഹിത്യത്തിൽ സ്വയം അടയാളപ്പെടുത്തിക്കഴിഞ്ഞ എഴുത്തുകാരനാണ് ദീപു. ഭാവനാധീരതയുടെയും ആഖ്യാനമികവിന്റെയും തനതുമുദ്രകൾ മുൻ നോവലുകളിൽതന്നെ കൃത്യമായി പതിഞ്ഞു കിടപ്പുണ്ട്. ചരിത്രത്തിന്റെ ആരും കടന്നുചെല്ലാത്ത നിഴലാഴങ്ങളിലേക്ക് നടന്നുകയറാനാണ് ദീപുവിനിഷ്ടം. അജ്ഞേയതയുടെ പോർവിളി ഏറ്റെടുക്കാനാണ് കൗതുകം. ഈ സർഗ്ഗാത്മക സാഹസികതയാണ് ദീപുവിന്റെ കരുത്ത്. ഓരോ നോവലിലും കാണാം ആഴമറിയാത്ത കയങ്ങളിൽ മുങ്ങാനുള്ള ചങ്കുറപ്പ്. തുരങ്കത്തിൽ ആ വാസന പുതിയ വിതാനങ്ങളിലേക്ക് വളരുന്നു. ഇതുവരെയുള്ള സ്വന്തം നേട്ടങ്ങളെ ഈ നോവൽ പിന്നിലാക്കിക്കളയുന്നു. സ്വന്തം നേട്ടങ്ങളെ അതിശയിക്കാനുള്ള വാസനയാണല്ലോ മികവിലേക്കുള്ള കുതിപ്പിന് അടയാളം.
ഒരുകാലത്ത് രാജാക്കന്മാർ സുരക്ഷിതത്വത്തിനും രഹസ്യനീക്കങ്ങൾക്കുമായി തുരങ്കങ്ങൾ നിർമ്മിച്ചിരുന്നു. രഹസ്യസ്വഭാവം കാരണം തുരങ്കനിർമ്മിതിയുടെ ശാസ്ത്രം സാധാരണക്കാർക്ക് അപ്രാപ്യമായിരുന്നു. അവയെക്കുറിച്ചു പിൻതലമുറകൾക്കു പലപ്പോഴും കൃത്യമായ അറിവോ ധാരണയോ ഉണ്ടായില്ല. എന്നാൽ തുരങ്കനിർമ്മിതിയിൽ പ്രാവീണ്യം നേടിയ "തുരങ്കന്മാർ'ക്ക് അവയുടെ അളവുകളെക്കുറിച്ചും സവിശേഷതകളെക്കുറിച്ചും നിർമ്മാണ നൈപുണിയെക്കുറിച്ചും അവയ്ക്കുള്ളിലെ വായുസഞ്ചാരത്തിന്റെ ശാസ്ത്രത്തെക്കുറിച്ചും രഹസ്യസ്വഭാവത്തെക്കുറിച്ചുമെല്ലാം കൃത്യമായ അറിവുണ്ട്. മണ്ണിന്റെ സ്വഭാവവും ഘടനയും അവർക്ക് അടിസ്ഥാന വിജ്ഞാനമായിരുന്നു. തലമുറകളിലൂടെ കൈമാറപ്പെട്ട ആ വിജ്ഞാനം തുരങ്കന്മാരുടെ നിലവറകളിലെ ചുരുണകളിൽ നിദ്രകൊണ്ടു. എന്നാൽ അറിവ് വിവേകത്തോട് ചേർന്നില്ലെങ്കിൽ അപകടകാരിയാവും. വിശുദ്ധിയും ആദരവും നിലനിർത്തിക്കൊണ്ടുമാത്രം ആ അറിവിനെ ഉപാസിക്കുന്നവർക്കേ ശാശ്വതമായ കീർത്തിയും സമാധാനവും വിധിച്ചിട്ടുള്ളൂ. അറിവിനോടുള്ള മനുഷ്യന്റെ ബന്ധത്തിൽ വൈകല്യങ്ങളുണ്ടാവുമ്പോൾ അത് മണ്ണിന്റെ താളത്തെ ഭഞ്ജിക്കും. അപ്പോൾ അത് അപകടകാരിയാവും. മനുഷ്യന്റെ നിസ്സാരതയെ പ്രകൃതി ബോധ്യപ്പെടുത്തും. എന്നാൽ ദുരകൊണ്ട് അന്ധരാവുമ്പോൾ മനുഷ്യർ ഇതൊന്നും ഓർക്കാറില്ല. തുരങ്കം എന്ന നോവലിന്റെ തത്ത്വശാസ്ത്രത്തെ ഇങ്ങനെ സംക്ഷേപിക്കാമെന്നു തോന്നുന്നു. ഉത്കർഷത്തിനു ഹേതുവാകുന്ന അറിവ് ദുരകൊണ്ടും സ്വാർത്ഥതകൊണ്ടും മൃത്യുകാരകമാവുന്ന ചിത്രം വരച്ചിടുന്ന ഈ നോവലിസ്റ്റ്, ലോകസാഹിത്യത്തിലെയും പുരാണങ്ങളിലെയും അനേകം സന്ദർഭങ്ങളെ അനുസ്മരിപ്പിക്കും. ശ്രീകൃഷ്ണകഥയിലെ സ്യമന്തകം കഥയും സ്റ്റെയിൻബക്കിന്റെ ഗ്രേപ്സ് ഓഫ് റാത്ത് എന്ന നോവലും മക്കനാസ് ഗോൾഡ് എന്ന വിശ്രുത ഹോളിവുഡ് സിനിമയും പെട്ടെന്ന് ഓർമ്മയിൽ വന്നുവെന്നു മാത്രം. വേറെയും അനേകം കഥകളുണ്ട് ഈ ജനുസ്സിൽ.
തുരങ്കകുലത്തിന്റെ വേരുകൾ അന്വേഷിച്ചു ചെല്ലുന്നവർ എത്തിച്ചേരുന്നത് വിജയനഗരസാമ്രാജ്യത്തിലാണ്. തിരുവിതംകൂറിൽ മാർത്താണ്ഡവർമ്മയുടെ ഭരണം ഉറച്ചതോടെ തുരങ്കനിർമ്മിതിക്കു പ്രാധാന്യം കൈവരാൻ തുടങ്ങി. ശത്രുക്കൾ ധാരാളമുണ്ടായിരുന്ന മാർത്താണ്ഡവർമ്മ മഹാരാജാവിന് സുരക്ഷിതത്വം പരമ പ്രധാനമായത് സ്വാഭാവികം. അപ്പോൾ തുരങ്കങ്ങൾക്കു പ്രാധാന്യം വരാതെ നിവൃത്തിയില്ല. "തിരുവിതാംകൂറിൽ മേൽപ്പാതകളെക്കാൾ അടിപ്പാതകളായിരുന്നു കൂടുതൽ' എന്ന നോവലിസ്റ്റിന്റെ നിരീക്ഷണത്തിൽ ഒരു നാടിന്റെ രാഷ്ട്രീയ അരക്ഷിതത്വത്തിന്റെ ചിത്രം പതിഞ്ഞുകിടപ്പുണ്ട്. ആ ശുക്രദശയിൽ തുരങ്കകുലത്തിന്റെ ചരിതം ആരംഭിക്കുകയായിരുന്നു.
കുളച്ചൽ യുദ്ധത്തിൽ തടവുകാരനായി പിടിക്കപ്പെട്ട്, പിന്നീട് മാർത്താണ്ഡവർമ്മയുടെ പട്ടാളത്തിന്റെ തലപ്പത്തെത്തിയ ഡച്ചുകാരനായ ഡിലനോയി തുരങ്കക്കാരെ പൂർണ്ണമായി ഉപയോഗപ്പെടുത്തി. തുരങ്കങ്ങൾക്കു തിരുവിതാംകൂറിൽ വർദ്ധിച്ച പ്രാധാന്യം കൈവന്നതിനു കാരണം ഡിലനോയി ആയിരുന്നു. പത്മനാഭപുരം കൊട്ടാരവും ഡിലനോയിയുടെ ഉദയഗിരിക്കോട്ടയുമായി ബന്ധിപ്പിക്കുന്ന തന്ത്രപ്രധാനമായ തുരങ്കനിർമ്മിതി ചന്തുക്കുട്ടിതുരങ്കന്റെ നേതൃത്വത്തിൽ നടന്നിരുന്നു. വംശപരമ്പരയിൽപെട്ട എല്ലാവരും തുരങ്കനിർമ്മിതിയിൽ ഒരേപോലെ പ്രാവീണ്യം നേടിയവരായിരുന്നില്ല. തുരങ്കകുലത്തിന്റെ ഐശ്വര്യവും സ്ഥായിയായിരുന്നില്ല. സ്വാർത്ഥതയും ദുരാഗ്രഹങ്ങളും ദുരന്തങ്ങളെ ക്ഷണിച്ചു വരുത്തി. മറ്റു ചിലപ്പോൾ നിലവറയിൽ ഉറങ്ങുന്ന അറിവിനോടുള്ള ഉദാസീനത അവരെ അപ്രസക്തരാക്കി. അങ്ങനെയാണ് നാം കോമനിലേക്ക് എത്തുന്നത്. കോമന് മണ്ണിന്റെ വ്യാകരണമറിയാം. അഭ്രം കൊയ്യാൻ വിദേശികൾ നടത്തിയ മണ്ണുതുരക്കൽ വിജയിച്ചില്ല. പക്ഷേ, വിദേശികൾ കണക്കാക്കിയതിലും അപ്പുറത്തുള്ള നിധി മണ്ണ് സൂക്ഷിച്ചുവച്ചിട്ടുണ്ടെന്ന സത്യം അറിഞ്ഞ കോമനെ കാത്തിരുന്ന ദുരന്തം ഒരു വലിയ മുന്നറിയിപ്പായിരുന്നു. മണ്ണ് അനുവദിക്കുന്നതിനും അപ്പുറത്തേക്ക് കടക്കാൻ മനുഷ്യന് അധികാരമില്ല.
