"അറിവിൻ വെളിച്ചമേ ദൂരെപ്പോ, ദൂരെപ്പോ, നീ വെറുതേ സൗന്ദര്യത്തെ കാണുന്ന കൺ പൊട്ടിച്ചു", എന്നെഴുതിയത് മഹാകവി ജി ശങ്കരക്കുറുപ്പാണ്.
വായനയിൽ ഈ കാഴ്ചപ്പാട് ഏറെ അനിവാര്യമാണുതാനും. യുക്തിസഹമായി ചിന്തിക്കുമ്പോൾ തന്നെ യുക്തിരഹിതമായിക്കൂടി കലാസൃഷ്ടികളെ, വിശേഷിച്ച് സാഹിത്യ രചനകളെ സമീപിക്കണമെന്നുകൂടിയാണ് ആ വരികൾ നമ്മെ ഓർമിപ്പിക്കുന്നത്. പക്ഷേ ആരാണ് വായനക്കാരന്റെ യുക്തിയുടെ കണ്ണൊന്നു കെട്ടിവയ്ക്കുക? നിശ്ചയമായും അതെഴുത്തുകാരന്റെ/കാരിയുടെ ദൗത്യമാണ്. ആ ദൗത്യം നിറവേറ്റിയ അപൂർവം പുസ്തകങ്ങളിലൊന്നാണ് ഫർസാനയുടെ കിള. കണ്ണുകെട്ടിക്കുക മാത്രമല്ല, പൊള്ളും യാഥാർത്ഥ്യവും തിരിച്ചറിയാൻ കഴിയാത്ത വിധം വായനക്കാരനെ ഭ്രമിപ്പിക്കുന്ന അനേകം രംഗങ്ങളും കിളയിലുണ്ട്.
പ്രവാചകനു പുതപ്പായ ഖദീജ മുതൽ ഇന്നത്തെ സേബ വരെ, അറബിക്കല്യാണം മുതൽ ഡേറ്റിങ് ആപ്പ് വരെ, ഉരുക്കൾ മുതൽ വിമാനങ്ങൾ വരെ, മരുഭൂമി മുതൽ കടൽ വരെ ഒട്ടനേകം യാത്രകളുടെ അരേഖീയമായ സഞ്ചാരമാണ് കിള എന്ന് ഒറ്റവാക്കിൽ പറയാം. അത് കേവലം ഒരു ഭംഗി വാക്കല്ല. കഥാപാത്രനിർമ്മിതിയിൽ മുതൽ നോവലിന്റെ ചരടുകൾ ബഹുകേന്ദ്രീകൃത ഇടങ്ങളിലേക്ക് വലിച്ചുകെട്ടുന്നതുവരെയുണ്ട് അരേഖീയത. സുൽത്താനും സേബയും കപ്പലാടനും ലിയാഖത്തലിയും അടക്കമുള്ളവർ അത്തരത്തിൽ കിളയുടെ കേന്ദ്രങ്ങളായി മാറുകയാണ്.
