അധികാരമുള്ളിടത്ത് അവകാശം നിഷേധിക്കപ്പെടുന്നു. അവകാശ ധ്വംസനം നടക്കുന്നിടത്തൊക്കെ, സൂക്ഷ്മമായി പരിശോധിച്ചാൽ അധികാരത്തിന്റെ ചങ്ങലക്കണ്ണികൾ ഒളിച്ചിരിക്കുന്നത് കാണാം. അത് വീടായാലും വിദ്യാലയമായാലും രാജ്യമായാലും അങ്ങനെത്തന്നെ. ഇന്ത്യൻ സമൂഹം അടിസ്ഥാനപരമായി ജനാധിപത്യത്തിന്റെ മാധുര്യം അനുഭവിക്കാൻ കഴിയാതെ പോയവരാണ്. വീട് മുതൽ പാർലമെന്റ് വരെയും ഈ ജനാധിപത്യ ധ്വംസനം നടക്കുന്നുണ്ട്. അധികാരം മനുഷ്യ മനസ്സിനെ നിയന്ത്രിച്ചു നിർത്തുന്ന സത്യങ്ങൾക്ക് പിറകെയുള്ള യാത്രയാണ് മിഥുൻ കൃഷ്ണയുടെ "ഭോഗവധ''ത്തിലെ കഥകൾ.
കോവിഡ് പശ്ചാത്തലത്തിൽ രചിക്കപ്പെട്ട കഥയാണ് "ഡിജി ചാലഞ്ച്''. ഒരു മനുഷ്യന്റെ സഹായ മനോഭാവത്തിലും അവന്റെ ജാതിയും തൊഴിലും ചികയുന്ന സാമൂഹ്യ ജീവിതത്തിന്റെ ജീർണത വെളിപ്പെടുത്തുന്നു ഈ കഥ. പരിഗണിക്കപ്പെടാതെ പോകുന്ന മനുഷ്യന്റെ വേദനകൾ കഥാകാരൻ തുറന്നു വിടുന്നു.
യുദ്ധം അവസാനിപ്പിക്കുന്നത് എന്താണ്? സർവ്വനാശം മാത്രം! യുദ്ധം, അഭയാർത്ഥി, പലായനം തുടങ്ങിയ വാക്കുകൾ നിത്യോപയോഗ സാധനങ്ങൾ പോലെ പരിചിതമായി കഴിഞ്ഞു. രാജ്യമേതായാലും ദേശമേതായാലും ഇരകളാക്കപ്പെടാൻ മാത്രം വിധിക്കപ്പെട്ട ചില മനുഷ്യരുണ്ട് ! എല്ലാ രാജ്യവും യുദ്ധത്തിൽ പങ്കെടുക്കുന്നവരുടെ സൈനികരെ വീരന്മാരായിട്ടാണ് വാഴ്ത്തുന്നത്. അവർ യഥാർത്ഥത്തിൽ ഇരകളോട് ചെയ്യുന്നത് എന്താണെന്ന് മാനവികതയുടെ തലത്തിൽ നിന്നുകൊണ്ട് നമ്മളിൽ എത്രപേർക്ക് ചിന്തിക്കാനാവും!. അത്തരത്തിൽ തലമുറകളായി ഇരയാക്കപ്പെട്ടു കൊണ്ടിരിക്കുന്ന, ജീവിതത്തിൽ സന്തോഷം അനുഭവിക്കാൻ ഭാഗ്യമില്ലാതെ പോയ മനുഷ്യരുടെ കഥയാണ് "ഗല്ലേ ഫേസ്''. അധികാരരൂപങ്ങൾ യുദ്ധം ചെയ്തുകൊണ്ടിരിക്കുമ്പോഴും മനുഷ്യർ പരസ്പരം സ്നേഹിച്ചു കൊണ്ടേയിരിക്കുന്നു എന്നത് മാനവികതയുടെ സ്നേഹപക്ഷമാകുന്നു.
