നോവലിന്റെയും ജീവചരിത്രത്തിന്റെയും വരമ്പുകൾ ഭേദിക്കുന്ന, കൃത്യമായ നിർവചനങ്ങൾക്ക് വഴങ്ങാത്ത ഒരു കൃതിയാണ് ബെന്യാമിന്റെ 'മൾബെറി എന്നോട് നിൻ്റെ സോർബയെക്കുറച്ച് പറയൂ'. അപ്രതീക്ഷിതമായ ജീവിതത്തിൽ നിന്നും ആരോടും പറയാതെ പടിയിറങ്ങിപ്പോയ ഷെൽവിയുടെ അന്ത്യയാത്രയുടെ കാരണം തിരയുന്ന രചയിതാവ്, കസാൻസാകിയുടെ ജീവിതയാത്രയിലൂടെ തൻെറ രചനയെ നയിക്കുന്നു. കസാൻസാകിയുടെ കബറിടത്തിൽ ഡെയ്സി എത്തിച്ചേരുന്നതോടെ കൃതി അവസാനിക്കുന്നു. നോവലിന്റെ അവസാനപുറത്തെ കത്തിൽ ഡെയ്സി പട്ടുനൂൽ പുഴുവിനോടാണ് ഷെൽവിയെ ഉപമിക്കുന്നത്. അക്ഷരങ്ങൾക്കൊണ്ട് സ്വന്തം ശവക്കച്ച നെയ്ത രണ്ട് മഹാത്മാക്കളുടെ ജീവിതത്തിലൂടെയുള്ള സമാന്തര യാത്രയാണ് ഈ കൃതി.
കസാൻസാകിയുടെ ജീവിതത്തിലൂടെ മാത്രമല്ല അദ്ദേഹത്തിൻറെ കൃതികളിലൂടെയും രചയിതാവ് സഞ്ചരിക്കുന്നു. ഷെൽവിയുടെ ജീവിതം മാത്രമല്ല അദ്ദേഹത്തിന്റെ എഴുത്തുകളെക്കുറിച്ചും അദ്ദേഹം പ്രസിദ്ധീകരിച്ച പുസ്തകങ്ങളെക്കുറിച്ചും ബെന്യാമിൻ ഈ കൃതിയിൽ പരാമർശിക്കുന്നു. വ്യത്യസ്തമായ സമവാക്യങ്ങളിൽ ബെന്യാമിൻ ഒളിപ്പിച്ചുവച്ചിരിക്കുന്നത് മഹത്തായ ചില കൃതികളുടെ സ്മരണയാണ്. നോവലിലെ ചില വാക്യങ്ങൾ വിശ്വപ്രസിദ്ധമായ ചില കൃതികളുടെ സൂചന നൽകുന്നത് ആഖ്യാനത്തിലെ യാദൃശ്ചികതയല്ല, സർഗ്ഗാത്മകവൈഭവത്തിന്റെ മാസ്മരികതയാണ്. ഈ നോവലിൽ ഒളിഞ്ഞുകിടക്കുന്ന ഇത്തരം സമവാക്യങ്ങളെ കണ്ടെടുത്ത് ഉത്തരം കണ്ടെത്താനുള്ള ശ്രമമാണ് ഈ പഠനം.
നോവൽ ആരംഭിക്കുന്നത് ഒരു യാഥാർഥ്യം പ്രഖ്യാപിച്ചുകൊണ്ടാണ്. "ലോകമുള്ളകാലം നിലനിൽക്കുമെന്ന അഹങ്കാരത്തോടെ നാം പടുത്തുയർത്തുന്ന മഹാസൗധങ്ങളെല്ലാം ഒരു ദിവസം ഇങ്ങനെ തകർന്നടിയാനുള്ളതാണല്ലോ." എന്തൊക്കെ ചരിത്ര സംഭവങ്ങളാണ് ഈ വാചകം അനുവാചകരെ ഓർമ്മപ്പെടുത്തുന്നത്. ഒരുകാലത്ത് പ്രൗഢിയോടെ നിലനിന്ന ഏതൻസിലെ അക്രോപ്പോളി തകർന്നടിഞ്ഞതിന്റെ വിവരണം നോവൽ നൽകുന്നു. അഥീനാ ദേവിയുടെ ക്ഷേത്രം, പ്രൊപീലിയ എന്ന നഗരകവാടം, ഹെറോഡെസ് ആറ്റിക്കസിന്റെ ഓഡിയൻ എന്ന ഓപ്പൺ എയർ തിയേറ്റർ, ഡയോനിസസ് തിയേറ്റർ എന്നിങ്ങനെ ഇരുപതോളം പുരാതന നിർമ്മിതികൾ കൊണ്ട് പുകൽപ്പെറ്റ അക്രോപോളി തകർന്നടിഞ്ഞ് കൽക്കൂമ്പാരമായി കിടക്കുന്ന കാഴ്ച 480 BC യിലെ പേർഷ്യൻ ആക്രമണത്തിന്റെ ഓർമ്മ പുതുക്കുന്നു. ഈ നോവൽ അവസാനിമ്പോൾ വായനക്കാരുടെ മനസ്സിൽ തെളിയുന്നത് നോവലിലെ ആദ്യ വാചകമാണ്. കാരണം നോവൽ പ്രതിപാദിക്കുന്നത് പുസ്തകപ്രസാധന സംരംഭത്തിൽ വ്യത്യസ്തതകൾ തീർത്ത മൾബെറി ബുക്സിന്റെ പതനം കൂടിയാണ്. വിശുദ്ധ ബൈബിൾ മറ്റൊരു പതനത്തെ ഓർമ്മിപ്പിക്കുന്നു."കിഴക്കുനിന്നു വന്നവര്‍ ഷീനാറില്‍ ഒരു സമതലപ്രദേശം കണ്ടെത്തി, അവിടെ പാര്‍പ്പുറപ്പിച്ചു. നമുക്ക് ഇഷ്ടികയുണ്ടാക്കി ചുട്ടെടുക്കാം എന്ന് അവര്‍ പറഞ്ഞു. അങ്ങനെ കല്ലിനു പകരം ഇഷ്ടികയും കുമ്മായത്തിനു പകരം കളിമണ്ണും അവര്‍ ഉപയോഗിച്ചു. അവര്‍ പരസ്പരം പറഞ്ഞു: നമുക്ക് ഒരു പട്ടണവും ആകാശം മുട്ടുന്ന ഒരു ഗോപുരവും തീര്‍ത്തു പ്രശസ്തി നിലനിര്‍ത്താം. അല്ലെങ്കില്‍, നാം ഭൂമുഖത്താകെ ചിന്നിച്ചിതറിപ്പോകും" (ഉല്പത്തി 11: 2-4). ദൈവം മനുഷ്യരുടെ അഹങ്കാരത്തിന്റെ തണ്ടു മുറിച്ച ബാബേൽ ഗോപുരത്തിന്റെ സൂചനയുടെ കൂടെ 'മഹാസൗധം'എന്ന പ്രയോഗം നോവലിസ്റ്റ് നൽകുന്നു. അതിലൂടെ വിശുദ്ധ ബൈബിൾ എന്ന മഹാഗ്രന്ഥത്തെയും.
