സിൽവിയ
ഒരുവൻ ക്രൂശിതനായതു കൊണ്ട്
ഒരിക്കൽ മാത്രം ക്രൂശിതനായതു കൊണ്ട്
എല്ലാറ്റിനും പരിഹാരമാവുമോ
ഒറ്റക്കവിത കൊണ്ടു നിന്റെ
മുറിവാഴമത്രയും
വെളിപ്പെടുത്താനാവുമോ (യേശു)
ഒരു ജന്മ നീളം വെളിച്ചവുമായി ഇണ ചേർന്നതിനെക്കുറിച്ചൊരു ഉന്മാദ കല്പനയുണ്ട് ബാബു സക്കറിയയുടെ വെളിച്ചത്തിന്റെ രുചി എന്ന കവിതയിൽ. അന്നൊരന്തിച്ചായ്വിൽ പെരുമ്പള്ളിച്ചിറ ഇടവഴിയിൽ വെച്ച് അവിചാരിതമായി വെളിച്ചപ്പെട്ട വെളിച്ചം ചിറയിൽ മുങ്ങിയ ഈറനുമായി മുന്നിൽ ആളി നിന്നപ്പോൾ 'വെളിച്ചമേ എന്റെ വെളിച്ചമേ എന്നു വിളിച്ച് കവി വെളിച്ചത്തെ ആർദ്രമായി പുണർന്നു. നങ്ങേമ്മത്തമ്മേടെ കമ്പിളി നാരകത്തിന്റെ ചോട്ടിൽ കൊണ്ടുപോയി ഈറനഴിച്ച് നാരകക്കൊമ്പിലിട്ടവാറെ,
വെളിച്ചം പാതി മിഴി തുറന്നു പുഞ്ചിരിയിട്ടു
കമ്പിളിനാരങ്ങകളിൽ വിളഞ്ഞയൊന്ന്
പൊട്ടിച്ചിതറി ചുറ്റിലും തെറിച്ചു
മധുരനീരു നിറഞ്ഞ കതിരൊന്നെടുത്തു ഞാൻ
വെളിച്ചത്തിന്റെ ഇടംമുലക്കണ്ണിൽ തൊട്ടു
വെളിച്ചം കോരിത്തരിച്ചു
ഞാനക്കതിർ മെല്ലെ കടിച്ചു പൊട്ടിച്ചു '
