"ഒരു ജീവിയുടെയെങ്കിലും മരണത്തിന് കാരണമാകാത്ത ഒരു മനുഷ്യൻ പോലും ഭൂമിയിലില്ല. എത്ര കരുതലോടെ ജീവിച്ചാലും മറ്റൊരാളെ വേദനിപ്പിക്കാതെ മണ്ണ് വിട്ടു പോകാൻ നമുക്ക് സാധ്യമല്ല."
- ഷംസുദ്ദീൻ കുട്ടോത്ത്, ഇരീച്ചാൽ കാപ്പ്
പ്രമേയം, ആഖ്യാനശൈലി, കഥാപാത്ര ചിത്രീകരണം എന്നീ സവിശേഷതകളാൽ വേറിട്ട് നിൽക്കുന്ന ഒരു നോവലാണ് ഷംസുദ്ദീൻ കുട്ടോത്തിൻ്റെ 'ഇരീച്ചാൽ കാപ്പ്'. സ്വന്തം നാട്ടിലേക്ക് മടങ്ങുന്ന മുൻ പത്രപ്രവർത്തകനായ റൂമിയുടെ ആത്മാന്വേഷണമാണ് ഈ നോവൽ. ഇരീച്ചാൽ കാപ്പിന്റെ ആത്മാവിനെ ഓർത്തെടുക്കുകയാണ് റൂമി. റൂമിയുടെ തിരിച്ച് വരവ് വെറും ഭൗതിക യാത്രയല്ല. അത് ചരിത്രത്തെയും വർത്തമാനത്തെയും അന്വേഷിക്കുന്ന റൂമിയുടെ ആത്മ സാക്ഷാത്കാരമാണ്.
റൂമി ഓർമ്മകളിലൂടെ സഞ്ചരിക്കുമ്പോൾ ഇരീച്ചാൽ കാപ്പ് എന്ന പ്രദേശം ഭൂമിയുടെ ആത്മാവായി മാറുന്നു. അവിടെ അയാൾ തന്നിലേക്ക് തന്നെ തിരിഞ്ഞ് നടക്കുന്നു. ഇരീച്ചാൽ കാപ്പ് വെറുമൊരു സ്ഥലമല്ല. മറിച്ച് അത് അവിടെ ജീവിക്കുന്ന ജനങ്ങളുടെ ജീവിക്കുന്ന ഓർമ്മയാണ്.
