എന്റെ തിരുച്ചെങ്കോട്

Book Review

എന്റെ തിരുച്ചെങ്കോട്


മാതൊരുപാകൻ'എന്ന തലക്കെട്ട് ഞാനെന്റെ സുഹൃത്തിനോടു പറഞ്ഞപ്പോൾ അത് ശൈവഭക്തി നിറഞ്ഞതാണെന്നായിരുന്നു അയാളുടെ മറുപടി. അതു ശരിയാണ്. അത് ശിവന്റെ മറ്റൊരു പേരാണ്. അർദ്ധനാരീശ്വരൻ എന്നാണ് അതിന്റെ അർത്ഥം. തന്റെ ഇടതുപകുതി സ്ത്രീക്ക് വിട്ടുകൊടുത്തവൻ. അർദ്ധനാരീശ്വരൻ, അമൈയപ്പൻ, മങ്ങൈഭംഗൻ ഈ പേരുകളെല്ലാം അർത്ഥമാക്കുന്നത് ഒന്നാണ്. പക്ഷേ, എന്റെ മനസ്സിനെ ഏറ്റവും ആകർഷിച്ചത് 'മാതൊരുപാകൻ' എന്ന പേരാണ്. സാധാരണയായി എഴുതിക്കഴിയുമ്പോഴാണ് ഞാൻ തലക്കെട്ടിടുക. ഈ നോവലിന്റെ കാര്യത്തിൽ ഞാൻ എഴുതുന്നതിനുമുമ്പുതന്നെ പേര് മനസ്സിൽ വന്നിരുന്നു. ഏതായാലും ഞാനതു മാറ്റിവച്ചു. എന്നിട്ട് മറ്റെന്തെങ്കിലുമൊരു തലക്കെട്ടിന് കാത്തിരുന്നു. എന്നാൽ 'മാതൊരുപാകൻ' എന്ന തലക്കെട്ടിനെക്കാൾ എനിക്ക് സംതൃപ്തി നല്കിയ ഒന്നില്ലായിരുന്നു.

തിരുച്ചെങ്കോട് മാത്രമാണ് ശിവൻ മാതൊരുപാകൻ എന്ന പേരിൽ ആരാധിക്കപ്പെടുന്നത്. അതിന് പല കാര്യങ്ങൾ ഉണ്ടായിരിക്കും, ഉള്ളിൽനിന്നും നമ്മുടെ മനസ്സിലാക്കലിൽനിന്നും അകലത്തുനിന്നും. എങ്ങനെയാണ് ഈ രൂപം ഈ ക്ഷേത്രത്തിൽ വന്നതെന്ന് അറിയില്ല. പക്ഷേ, ശൈവഭക്തിക്കും അമ്പലത്തിന്റെ ചരിത്രത്തിനുമപ്പുറം എന്നെ ആകർഷിച്ചത് ആളുകളുടെ മനസ്സിൽ ഈ ക്ഷേത്രത്തിനുണ്ടായ സ്ഥാനമാണ്. എങ്ങനെയോ ഈ ക്ഷേത്രത്തിന് ജീവിതത്തിന്റെ എല്ലാ കാര്യത്തിലും വളരെ പ്രാധാന്യമുണ്ടായിത്തീർന്നു. താഴ്‌വരകൾമുതൽ മലയുടെ മുകൾ ഭാഗംവരെ അവിടെ ഒരു നിര ദൈവങ്ങൾ നിങ്ങളെ അനുഗ്രഹിക്കുവാനും കഷ്ടപ്പാടുകളിൽനിന്ന് ആശ്വസിപ്പിക്കുവാനും തയ്യാറായിട്ടുണ്ട്. നിങ്ങൾക്ക് അപേക്ഷ സമർപ്പിക്കാനുള്ള ദൈവത്തെ ആവശ്യാനുസരണം തിരഞ്ഞെടുക്കാനാവും.

തിരുച്ചെങ്കോടിന്റെ ചരിത്രപരമായ കാര്യങ്ങളെക്കുറിച്ചുള്ള അന്വേഷണത്തിൽ എനിക്ക് ഒട്ടേറെ സംഗതികൾ തിരിച്ചറിയാൻ സാധിച്ചു. എന്റെ ചെറുപ്പം ഇവിടെയാണ് ഞാൻ ചെലവാക്കിയതെന്നും ഇത് എന്റെ സ്വന്തം നാടാണെന്നതുമായ അഹന്തകളെല്ലാം ഞാൻ തകർത്തിട്ട് പുതിയ പല സംഗതികളും കണ്ടെത്തി. ഈ പട്ടണം അതിന്റെ രഹസ്യമായ നീരുറവകളെ തുറന്നു തന്നപ്പോൾ അത് അത്ഭുതമായിരുന്നു. 'ദൈവമക്കൾ' എന്ന പേരിൽ അറിയപ്പെടുന്ന കുറെയാളുകൾ തിരിച്ചെങ്കോട് ചുറ്റുവട്ടത്തുള്ള ഗ്രാമങ്ങളിൽ ഉണ്ടായിരുന്നു. ദൈവത്തോടുള്ള ഉപാസനയെയും പ്രാർത്ഥനയെയും തുടർന്നാണ് അവരുണ്ടായതെന്ന് മാത്രമാണ് എനിക്ക് തോന്നിയത്. പക്ഷേ, എന്റെ അന്വേഷണത്തിൽ മനസ്സിലായത് ക്ഷേത്രോത്സവവും 'ദൈവമക്കളും' തമ്മിലെന്തോ ബന്ധമുണ്ടെന്നാണ്. ഒരു വഴിക്കല്ലെങ്കിൽ മറ്റൊരു വഴിക്ക്. ഈ സമൂഹം അതിന്റെ അടിസ്ഥാന വികാരങ്ങളെ എങ്ങനെയോ അടക്കിവച്ചിരിക്കുന്നു. ഈ അടിസ്ഥാനത്തിൽ മുമ്പോട്ടു വന്നപ്പോൾ സംഭവങ്ങളും ചിത്രങ്ങളും നന്നായി മനസ്സിൽ വന്നു. ആളുകളുടെ മുഖത്തിന് തെളിച്ചം വന്നു. എഴുപതെൺപത് വർഷങ്ങൾക്കുമുമ്പുള്ള വ്യക്തതയോടെ പരിമിതമായ സ്ഥലങ്ങൾക്കിടയിലൂടെ എനിക്ക് സഞ്ചരിക്കാനായി. നോവൽ മൊത്തമായി എന്റെ മനസ്സിൽ വന്നിരുന്നു, കൃത്യമായ ഒരു വേഗത്തിൽ ഈ നോവലെഴുതാൻ എനിക്കായി.


Related Articles