ആഴം വെളിച്ചത്തെ വഹിക്കുമ്പോൾ

Book Review

ആഴം വെളിച്ചത്തെ വഹിക്കുമ്പോൾ


ജലജന്മത്തിൻ്റെ സ്മരണകളടിഞ്ഞ അബോധമാകാം മനുഷ്യനെ എന്നും ഒഴുക്കിലേക്കാകർഷിക്കുന്നത്. പരിണാമത്തിൻ്റെ പടവുകളിൽ നിന്നുള്ള പിന്നിറക്കം ഒരു ഘട്ടത്തിൽ എത്തിച്ചേരുന്നത്, നിശ്ചലതയും പ്രക്ഷുബ്ധിയും ഇടകലരുന്ന സമുദ്രാന്തരത്തിലേക്കാണ്. നിർവ്വചിക്കപ്പെടാനാകാത്തതും അളവുകൾക്കതീതവുമായ ആഴത്തിലേക്ക് അത് നമ്മെ വശീകരിക്കുന്നു. പൊടിച്ചു വരുന്ന ജീവൻ ഭ്രൂണജലത്തിൽനിന്ന് ധാതുക്കൾ ഉൾക്കൊള്ളുന്നതു പോലെ മനുഷ്യൻ ജീവിതത്തിൻ്റെ പ്രതലത്തിനു താഴെ കാണപ്പെടുന്ന പ്രകാശാംശങ്ങളിൽ നിന്ന്, സ്വതവേ പ്രത്യാശാരഹിതമായ വ്യക്തി ലോകത്തിലേക്ക് ആഹ്ലാദത്തിൻ്റെ നിറങ്ങൾ ചേർക്കാൻ ശ്രമിക്കുന്നു. ഒരു സാധാരണ പ്രവൃത്തി പോലും അടിസ്ഥാനപരമായി, വെളിച്ചപ്പെടാനുള്ള ശ്രമത്തിൻ്റെ ഭാഗമാണ്. എന്നാൽ കവിതയെന്ന മഹനീയഉദ്യമത്തിലേക്കു കടക്കുമ്പോൾ തന്നിലൂടെ പാഞ്ഞുപോകുന്ന വേഗപ്രയാണങ്ങൾക്കൊപ്പമെത്താൻ അയാൾക്ക് ഭാവിയുടെ ചിറകുകൾ കടം ചോദിക്കേണ്ടി വരുന്നു.

'കവര്' എന്ന കവിതാസമാഹാരത്തിലൂടെ അരവിന്ദൻ കെ.എസ്. മംഗലവും ഇതേ മട്ടിൽ വേഗവും നിഷ്പന്ദവും ചിലപ്പോൾ മന്ദവുമായ യാത്രകൾ മൂന്നുവിതാനങ്ങളിലൂടെയും നടത്തി നിറയുന്നു. ഒഴുകി നിറഞ്ഞ് സ്വയം പിരിഞ്ഞ നീർവഴികളിലൂടെയും വായു പഥങ്ങളിലൂടെയും യാഥാർഥ്യത്തിൻ്റെ ഖരപാതകളിലൂടെയും അറിയുന്നതും അറിയപ്പെടാത്തതുമായ ഇടങ്ങളിലേക്കാണ് അതിൻ്റെ പോക്ക്. അവിടെ മഴ പെയ്യുന്നു. ഇരുട്ടിൽ മരവും മുളങ്കാടും ഉറക്കമായനേരത്ത്, ആദിസംഗീതത്തിൻ്റെ ഉറവു തേടി, ആവരണമറ്റും വിവസ്ത്രമായും നഗ്നമായും കടന്നുപോകുന്നത്, ഹിതാനുസാരിയായി വരികയും പോവുകയും ചെയ്യുന്ന ഒന്നാണ്. പുതപ്പുകൾ ഊരിയെറിഞ്ഞ്, അത് മറികടക്കാൻ ശ്രമിക്കുന്നത് സ്ഥൂലതയാൽ ബന്ധിക്കപ്പെട്ട ഈ ലോകത്തിൻ്റെ വസ്തുതാ സമുച്ചയങ്ങളെയാണ്. അത് സൂക്ഷ്മത്തിൻ്റെ സുതാര്യമായകാഴ്ചയിലേക്കെത്തിപ്പെടാൻ, കനങ്ങളൊഴിഞ്ഞുപോകുന്ന ഒന്നിൻ്റെ ആത്മബലിയുമാണ്.

ഈ സമാഹാരത്തിലെ കവരെന്നുതന്നെ പേരുള്ള കവിതയിൽ, കായൽക്കരയിലുള്ള ജീവിതം, ഓർമ്മകളുടെ വെള്ളത്തള്ളിച്ചയിൽ പ്രദേശങ്ങൾ കടന്നുപോകുന്നതു കാണാം. ഉപ്പുകാലത്ത് പ്രകാശം നിറഞ്ഞുനിൽക്കുന്ന ജലാന്തരം, ഉപരിതലത്തിനു താഴെ ഒളിഞ്ഞിരുന്നും പിടി തരാതെയും വഴുതിപ്പോയ രഹസ്യങ്ങളായി, പൗരാണിക പ്രഭ വിതറുന്നു. നീരിനോട് നിരന്തര സമ്പർക്കമുള്ള ജൈവപരിസരം വ്യക്തിയെ പരിണാമപ്പെടുത്തുന്നുണ്ട്. മലമുകളിൽ താമസിക്കുന്നവനും സമതലവാസിയും തമ്മിൽ, ഉയരത്താൽ സ്വാധീനിക്കപ്പെടുന്ന മനോഘടനാഭേദമുണ്ട്. പൊതുധാരയോടൊപ്പം, ചുറ്റും കാണുന്നതും ചേർന്നൊരുക്കുന്ന ഉഭയസംസ്ക്കാരത്തിലൂടെയാണ് വ്യക്തി ചരിത്രത്തിലേക്ക് ആനയിക്കപ്പെടുന്നത്. ഇവിടെ നിയന്ത്രണമേതുമില്ലാതൊഴുകുന്ന സർവ്വാലിംഗനബദ്ധയായ വെള്ളം അതിൻ്റെ തീരത്തിനും ദേശവാസികൾക്കും കൂടുതൽ മാനുഷികത നൽകുന്നു. ജലമേകുന്ന കഠിനതയില്ലായ്മ, പ്രകാശരൂപികളായ പ്ലവഗങ്ങളെപ്പോലെ 'കവരിലെ' ഓരോ കവിതയിലും സ്നേഹം, ആർദ്രത, അനുതാപം തുടങ്ങിയ അസംഖ്യം ഗുണ കണങ്ങളായി ജ്വലിക്കുന്നു. ഒരു തോണിയിൽ ഒറ്റയ്ക്ക്, നിശ്ശബ്ദമായതിനെ ധ്യാനിച്ചും അപാരമായതിനെ സ്നേഹിച്ചും വായന യാനപാത്രമേറുന്നു. അതിരറ്റ പരപ്പിൻ്റെ നടുവിൽ ആത്മാവിൻ്റെ ഏകതയെ അറിയിക്കുന്ന അനുഭവമായി അത് മാറുന്നു.


Related Articles