What is a rebel? A man who says no:
but whose refusal does not imply
a renunciation. He is also a man who
says yes as soon as he begins
to think for himself.
- Albert Camus-
ഏകാകിയുടെ അബോധത്തിൽ നിന്നും ചിലപ്പോൾ മാത്രം പുറത്തുവന്നും, ലോകാനുസൃതമായ നിർവ്വചനങ്ങൾക്കു തീരെ മെരുങ്ങാതെയും, കവിത അതിൻ്റെ സ്വതന്ത്രസഞ്ചാരം തുടരുകയാണ്. ശരീരവും മനസ്സും ഒരുപോലെ പരിവർത്തനപ്പെടുത്തുന്ന ഒരു ഊർജ്ജത്തിൻ്റെ തള്ളലിൽ, പിടിവിട്ട് പറക്കുമ്പോൾ, അതിൻ്റെ ബാധയേറ്റയാൾ ഉന്മാദിയായും ചിലപ്പോൾ തികച്ചും നിർമ്മമനായും തീരുന്നു. വിശേഷാനുപാതങ്ങളിൽ മൂലകങ്ങൾ സംയുക്തമായ് തീരുന്ന നിഗൂഢനേരമുൾപ്പെടെ, അനേകം മുഹൂർത്തങ്ങളുടെ രഹസ്യസ്വഭാവം എഴുത്തെന്ന പ്രവൃത്തിയെയാകെ പൊതിഞ്ഞു നില്‍ക്കുന്നു. അതുകൊണ്ടുതന്നെയാണ് മൗനം കൊണ്ടും മനനം കൊണ്ടും മാത്രമറിയേണ്ടുന്ന കവിതയെ വിവരിക്കാൻ ശ്രമിക്കൽ, വിജയത്തിനേക്കാൾ പരാജയത്തോടാണ് അടുത്തു നില്‍ക്കുന്നത് എന്ന് തോന്നുന്നത്.
