അദൃശ്യരേഖകളുടെ വ്യാമോഹചരിത്രം

Book Review

അദൃശ്യരേഖകളുടെ വ്യാമോഹചരിത്രം


സമകാല വിഷയങ്ങളിൽ ഊന്നിക്കൊണ്ട് എന്നാൽ പ്രമേയത്തെ വിസ്തൃതമാക്കാനായി ചരിത്രവും ഭൂമിശാസ്ത്രവും പരിസ്ഥിതിയും പുരാണവും കെട്ടുകഥകളും ഭ്രമകല്പനകളും ധാരാളം ഉപയോഗിച്ചുകൊണ്ട് എഴുതിയ അമിതാവ് ഘോഷിന്റെ പുതിയ നോവലാണ് 'Ghost-Eye'. സ്ഥിരം എഴുത്തുശൈലിയിൽ അഭിരമിച്ചുകൊണ്ട്, പരിചിതമായ അന്തരീക്ഷവും പരിസരവും കഥാപാത്രങ്ങളും നിറഞ്ഞു നിൽക്കുന്ന നോവൽ, ബംഗാളിലും സുന്ദർബൻ പ്രദേശങ്ങളിലും ആയി ചുറ്റപ്പെട്ടിരിക്കുന്നു. അധിനിവേശ ചിന്തകളും പാരിസ്ഥിതിക വെല്ലുവിളികളും ശാസ്ത്രത്തിന്റെയും കുടിയേറ്റത്തിന്റെയും ശകലങ്ങളും ചേർന്ന ആഖ്യാനത്തിൽ അവിശ്വസനീയമായ കഥാതന്തുവിനെ ആസ്പദമാക്കിയുള്ള വിനിമയങ്ങൾ കാണാം. ആദ്യകാല നോവലുകളിൽ മുതൽ അമിതാവ് ഘോഷ് പിന്തുടരുന്ന ആലോചനകളുടെയും രചനാരീതിയുടെയും മാതൃകയിൽ തന്നെയാണ് പുതിയ നോവലും ഒരുക്കിയിരിക്കുന്നത്. അശാസ്ത്രീയമെന്നു തോന്നുന്ന അംശത്തെ സർഗാത്മകമായി പരിഗണിച്ച് അതിനു മറ്റൊരു മാനം നൽകാനുള്ള, The Calcutta Chromosomeലും, A Circle of Reasonലും മറ്റും അദ്ദേഹം അനുവർത്തിച്ച ശൈലിയുടെ ഖണ്ഡങ്ങൾ ഇവിടെയും വായിച്ചെടുക്കാം. എങ്കിലും വായനയെ ബാധിക്കാത്ത തരത്തിൽ ആഖ്യാനത്തെ മുന്നോട്ടു നയിക്കാനുള്ള പാടവം അദ്ദേഹം ഈ നോവലിലും പ്രകടമാക്കുന്നു. ഇതുവരെ എഴുതിയിട്ടുള്ള നോവലുകളിൽ പറഞ്ഞതും പറയാതെ പറഞ്ഞതുമായ കാര്യങ്ങളെ വിപുലീകരിക്കുക എന്നതാണ് ഘോഷ് Ghost-Eyeൽ ചെയ്തത്.

അമിതാവ് ഘോഷിന്റെ എഴുത്തുജീവിതം പരിശോധിച്ചാൽ അദ്ദേഹം കൈക്കൊണ്ട നിലപാടുകളിൽ ഏറ്റവും പ്രധാനപ്പെട്ടത് കാലാവസ്ഥാവ്യതിയാനത്തെ ചൊല്ലിയുള്ള ആശങ്കയും ആകുലതയുമാണ്. അതിനെതിരെ അദ്ദേഹം നടത്തുന്ന പോരാട്ടങ്ങളാണ് അദ്ദേഹത്തിന്റെ കൃതികളെന്ന ആശയത്തെ മുന്നോട്ടു വെയ്ക്കുന്നത്. ഇതിന്റെ ദൃഷ്ടാന്തമായി പറയാൻ The Great Derangement: Climate Change and the Unthinkable-എന്ന പുസ്തകം മാത്രം മതി. മനുഷ്യരും പ്രകൃതിയും തമ്മിലുള്ള സമവാക്യങ്ങളുടെ സ്ഥിതിയിൽ അദ്ദേഹം ബദ്ധശ്രദ്ധനാണ്. അധിനിവേശത്തിന്റെ അനന്തരഫലങ്ങളെ പറ്റി വ്യാകുലചിത്തനായി സംസാരിക്കുമ്പോഴും കാലാവസ്ഥാമാറ്റം അദ്ദേഹത്തിന്റെ മുഖ്യ സംവാദവിഷയമായി നിലനിൽക്കുന്നു. ബംഗാളും ബ്രുക്ലിനും പരിസരങ്ങളാക്കി കോവിഡിന്റെ പശ്ചാത്തലത്തിൽ എഴുതിയ Ghost-Eyeൽ മനഃശാസ്ത്രവും മനോവിശകലനവും നരവംശപഠനവും ഉൾത്താരയായി വർത്തിക്കുന്നു. ബംഗാളിലെ മാർവാടികളുടെ ജീവിതവും അവർ കെട്ടിപ്പൊക്കുന്ന വ്യവസായത്തെ കുറിച്ചുള്ള വിവരവും നോവലിൽ പരാമർശിക്കുന്നുണ്ട്. അതുവഴി ആയിരത്തിത്തൊള്ളായിരത്തി അറുപതുകളിലെ കൽക്കട്ടയിലെ സമരസജ്ജമായ അന്തരീക്ഷത്തെയും അദ്ദേഹം സൂചിപ്പിക്കുന്നു. കൽക്കട്ടയുടെ പഴയ ചുറ്റുപാടുകളും സമകാലവും ഇടകലർന്നു വരുന്ന ആഖ്യാനത്തിൽ, പ്രധാനമായും ഒരു കഥാപാത്രത്തിന്റെ സ്വത്വത്തെ പുനർജന്മമായി ബന്ധപ്പെട്ടാണ് വ്യാഖ്യാനിക്കുന്നത്. പുനർജന്മമെന്ന ദുർഗ്രഹ പ്രശ്നത്തെ പരിഹരിക്കാൻ ഓർമ്മയുടെ വിവിധ ശ്രേണികളിലൂടെ കേന്ദ്രകഥാപാത്രമായ ദിനു എന്ന് വിളിക്കുന്ന ദിനനാഥിന്റെ സഞ്ചാരത്തിലൂടെയാണ് നോവൽ പുരോഗമിക്കുന്നത്. വർഷങ്ങൾക്ക് മുൻപ് കുടുംബത്തിൽ നടന്ന ഒരു കഥയുമായി ബന്ധപ്പെട്ട് ചരിത്രത്തിന്റെയും രഹസ്യത്തിന്റെയും ചുരുൾ തേടിയിറിങ്ങിയ ശാസ്ത്രാഭിമുഖ്യമുള്ള ദിനുവിന്റെ വ്യവഹാരങ്ങളാണ് നോവൽ എന്നും പറയാം. പതിറ്റാണ്ടുകൾക്കു മുമ്പു നടന്ന ഒരു സംഭവത്തിലേക്ക് അയാൾ ആകർഷിക്കപ്പെടുകയാണ്. വർഷ ഗുപ്ത എന്ന കഥാപാത്രത്തിന്റെ വിചിത്രചെയ്തികളുടെ അസ്തിവാരത്തിലാണ് നോവൽ കുടികൊള്ളുന്നത് സസ്യാഹാരികളായ കുടുംബത്തിൽ ജനിച്ച വർഷ ഗുപ്തയ്ക്ക് മത്സ്യം കഴിക്കാനുള്ള ആഗ്രഹം എല്ലാവരെയും ഞെട്ടിച്ചു. മാത്രമല്ല, പല തലത്തിലുള്ള മത്സ്യങ്ങളെ കുറിച്ചുള്ള അവളുടെ ആഴത്തിലുള്ള അറിവും സുന്ദർബൻ പ്രദേശത്തെ പൂർവ ജീവിതത്തെ കുറിച്ചുള്ള സൂചനയും ചില സംഭവങ്ങളെ മുൻകൂട്ടി അറിയാനുള്ള അവളുടെ കഴിവും ഉറ്റവർക്ക് ഒരു പ്രതിസന്ധിയായി തീരുകയാണ്.


Related Articles