'ഘാതകൻ' പറയുന്ന രാഷ്ട്രീയം

Book Review

'ഘാതകൻ' പറയുന്ന രാഷ്ട്രീയം


നിങ്ങളെപ്പോഴെങ്കിലും ഒരു വധശ്രമത്തെ നേരിട്ടിട്ടുണ്ടോ? ഇല്ലെങ്കിൽ കഷ്ടം. അതിമഹത്തായ ആത്മവിമുക്തിയുടെ നിമിഷമാണ് അത്. ജീവിച്ചിരിക്കത്തന്നെ, ശരീരവും ആത്മാവും വിഘടിക്കും. രണ്ടും രണ്ടുവഴിക്കു ചിറകടിക്കും. പക്ഷേ ഒന്നുണ്ട് കൊലപാതകത്തിൽനിന്നു രക്ഷപ്പെടുന്നതിനേക്കാൾ അഭികാമ്യം കൊല്ലപ്പെടുന്നതാണ്. അതിജീവിച്ചാൽ, പിന്നീടുള്ള ജീവിതം സ്വാഹ. കാണുന്നവരിലെല്ലാം കൊലയാളിയെ സംശയിക്കും. സ്വന്തം നിഴൽ പോലും തന്റേതല്ല, അയാളുടേതാണ് എന്ന് തീരുമാനിക്കും. നെഞ്ചിൽ എന്തോ തുളഞ്ഞുകയറുന്ന വേദനയിൽ ഇടയ്ക്കിടെ പുളയും. നവംബർ പതിനാറിനുശേഷം അതായിരുന്നു എൻ്റെ അവസ്ഥ. അന്നാണ് ഞാൻ നേർക്കുനേരെ ആക്രമിക്കപ്പെട്ടത്. പകൽ മുഴുവൻ ബാങ്കിൽ ഞാൻ ക്യൂ നിൽക്കുകയായിരുന്നു. അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകൾ രാജ്യത്ത് നിരോധിക്കപ്പെട്ടത് അതിന് എട്ട് ദിവസം മുൻപായിരുന്നു.

ഘാതകനിലെ സത്യപ്രിയ, തൻ്റെ നർമ്മപരമായ പരാമർശങ്ങളും അചഞ്ചലമായ മനോഭാവവും കൊണ്ട്, ജീവിതവഴികളിലെ എല്ലാ വെല്ലുവിളികളെയും നേരിട്ട കഥാപാത്രമാണ്. ശക്തമായ സ്ത്രീകഥാപാത്രങ്ങളെ അവതരിപ്പിച്ചുകൊണ്ട് കെ.ആർ. മീര മലയാളത്തിലെ ഏറ്റവും ശക്തയായ എഴുത്തുകാരിൽ ഒരാളായി തുടരുന്നതിൽ ഒട്ടും അതിശയിക്കാനില്ല. 688 പേജുള്ള ഈ വലിയ നോവൽ വായിച്ചു തീരുമ്പോൾ പുസ്തകം വളരെ വേഗത്തിൽ അവസാനിച്ചു പോയല്ലോയെന്നാണ് മനസ്സിൽ തോന്നിയത്. മലയാള നോവലിൽ ഇന്നുവരെ ആരും പരീക്ഷണം നടത്താത്ത ഒരമ്മ കഥാപാത്രം ഘാതകൻ എന്ന നോവലിൻ്റെ മാത്രം പ്രത്യേകതയാണ്. നാം വായിച്ച അമ്മ കഥാപാത്രങ്ങളെയെല്ലാം വസന്തലക്ഷ്മി എന്ന ഈ അമ്മ പൊളിച്ചടുക്കുന്നുണ്ട്.

മീര തന്റെ നോവലിനെ ഗൗരി ലങ്കേഷിന്റെ വധവും നോട്ടുനിരോധനവും ചേർന്ന സാമൂഹ്യരാഷ്ട്രീയ പശ്ചാത്തലത്തിലൂടെ മുന്നോട്ട് നയിക്കുന്നു. ഗൗരി ലങ്കേഷ് ഭരണകൂടത്തിന്റെ അനീതിക്കെതിരെ നിലകൊണ്ട ധീര ശബ്ദമായിരുന്നു. അവളുടെ പത്രിക ‘ഗൗരി ലങ്കേഷ് പത്രിക’ ഹിന്ദുത്വ ശക്തികളുടെ ഉറക്കം കെടുത്തിയ ഒരു വേദിയായിരുന്നു. അതേ കാലഘട്ടത്തിലാണ് മീരയുടെ സത്യപ്രിയയും ജീവിക്കുന്നത്. ഭീഷണികളും അക്രമങ്ങളും നിറഞ്ഞ ലോകത്ത്.


Related Articles