മലയാളകവിതയിലെ സ്ത്രീരചനകളുടെ അഭിരുചിയിൽ പ്രബലമായ രാഷ്ട്രീയബോധത്തിന്റെ ഒരടരാണ് സ്ത്രീപക്ഷപരമായ പ്രതിരോധമെന്നത്. ആസന്നമായ സാമൂഹിക തിന്മകളാൽ സദാ ചൂഴ്ന്നുനിൽക്കുന്ന വർത്തമാനകാലത്തിന്റെ മുഖം നാം അവിടെ കാണുന്നു. മീരാബെൻ ആ വഴിയിലേക്കു നടന്നെത്തുമ്പോൾ കവിതയിൽ ചരിത്രപരമായൊരു ദൃഷ്ടികൂടി വീണുകിടപ്പുണ്ട്. "കണ്ണെഴുത്ത്' എന്ന കവിതയിൽ എൺപതുകളിലെ പെൺകിടാവിനെ വരയ്ക്കാൻ ഈ ക്യാൻവാസ് തികയില്ല എന്നെഴുതുന്നതിൽ ആത്മനിഷ്ഠസാദ്ധ്യതകളും നവസാമൂഹികപ്രസ്ഥാനങ്ങളിലെ സ്ത്രീപ്രശ്നങ്ങളുടെ സൂക്ഷ്മരാഷ്ട്രീയവും ഒരുപോലെ ചേർന്നുകിടപ്പുണ്ട്
"എൺപതുകളിലെ പെൺകിടാവിനെ വരയ്ക്കാൻ
ഈ ക്യാൻവാസു തികയില്ല
എന്നാൽ
മഷി ഒരൽപ്പം മതിയാകും
രണ്ടു കണ്ണുകൾ മാത്രം
വരച്ചാൽ മതിയല്ലോ!'
ഈ രണ്ടു കണ്ണുകൾ ഭയചകിതയായ ഇരയുടേതെന്ന പ്രതീതിയിലും സ്വയം പ്രതിരോധിക്കുന്ന തന്മയുടേതുംകൂടിയാണ്. "മൈൻഡ് സ്കേപ്പിങ്ങി'ൽ ആഘോഷശേഷം ഊടുവഴികളിലൂടെ ഒറ്റപ്പെട്ടു നടക്കുന്ന പെണ്ണുങ്ങളുടെ കൈയിലെ വാളുകൾ ദാഹമടക്കാൻ ശ്രമിക്കുന്നുണ്ട്. ആ ഊടുവഴികളും കടന്നു "സ്വന്തം' വീട്ടിലേക്കുള്ള വഴിവെട്ടാൻ തുടങ്ങുന്നതിന്റെ തിരിച്ചറിവ് ധ്വനിപ്പിക്കാൻ കവിക്കു സാധിക്കുന്നു
