അനാഥത്വത്തിന്റെ വേദന, നഷ്ടപ്പെടലിന്റെ സങ്കടം, രക്തബന്ധുക്കളുടെ വേർപാട്, ജന്മരാജ്യവും കുടിയേറ്റയിടവുമായുള്ള അന്തരം, വിവേചനത്തിന്റെ രാഷ്ട്രീയം എന്നിങ്ങനെ ഒട്ടനവധി വിഷയങ്ങളെ അടിസ്ഥാനപ്പെടുത്തി ഒരു ആഖ്യാനം രൂപപ്പെടുന്ന പ്രക്രിയയയാണ് അമേരിക്കയിലെ നോവലിസ്റ്റായ സൂസൻ ചോയിയുടെ 'Flashlight'. കഥയായി പ്രസിദ്ധീകരിച്ച 'Flashlight' നെ വികസിപ്പിച്ചു പിന്നീട് സൂസൻ ചോയി നോവലാക്കുകയായിരുന്നു. ജപ്പാനിൽ ചെലവഴിച്ച ബാല്യകാലത്തെ ഓർമ്മകൾ കൂടി ചേർത്തുവെച്ചാണ് അമേരിക്കയിലെ ഇന്ത്യാനയിൽ ജനിച്ചു വളർന്ന സൂസൻ ചോയി ആറാമത്തെ നോവൽ രൂപകൽപ്പന ചെയ്തിരിക്കുന്നത്. തനിക്ക് പത്തൊൻപത് വയസ്സ് ഉള്ളപ്പോൾ ജനിച്ച മകനെ ഉപേക്ഷിക്കേണ്ടി വന്ന ആനിന് വർഷങ്ങൾക്ക് ശേഷം അവനുമായി സന്ധിക്കാനും അടുപ്പത്തിലാകാനും സാധിക്കുന്നു. ടോബിയാസ് എന്ന ആ മകനെ ജനിച്ച് അധികം വൈകാതെ അവന്റെ അച്ഛനെ ഏൽപ്പിച്ചതിന് ശേഷം പിന്നീടൊരു വിവാഹം കഴിക്കുകയാണ് ആൻ. അങ്ങനെ സെർക് അവളുടെ ജീവിതപങ്കാളിയാവുകയും ലൂയിസ എന്ന മകൾ അവർക്ക് ജനിക്കുകയും ചെയ്യുന്നു. സിയോക്ക് എന്ന പേര് സെർക്ക് എന്നാക്കിയ കേന്ദ്രകഥാപാത്രം ജപ്പാനിൽ വേരുകളുള്ള കൊറിയക്കാരനാണ്. യുദ്ധകാലത്ത് കൊറിയയിൽ നിന്ന് ജപ്പാനിലേക്ക് കുടിയേറിയവരായിരുന്നു അയാളുടെ മാതാപിതാക്കൾ.
പത്ത് വയസ്സുകാരി ലൂയിസ അച്ഛൻ സെർക്കിനൊപ്പം ജപ്പാൻ തീരത്ത് നടക്കുന്ന രംഗത്താണ് നോവൽ ആരംഭിക്കുന്നത്. തൊട്ടടുത്ത നിമിഷം നീന്തലറിയാത്ത അച്ഛൻ വേലിയേറ്റത്തിൽ നഷ്ടപ്പെട്ടു പോകുന്ന കാഴ്ച നാം കാണുന്നു. ആയിരത്തിത്തൊള്ളായിരത്തി എഴുപതുകളുടെ ഒടുവിലാണ് നോവലിൽ ഈ രംഗം നടക്കുന്നത്. നേരിയ കാറ്റും രാത്രിയിലെ മിതമായ വായുസഞ്ചാരവും ജലത്തിന്റെ സൗമ്യമായ താപനിലയുമുള്ള നാളുകളിലാണ് ഈ ദുര്യോഗം സംഭവിച്ചത്. പ്രസ്തുത സന്ദർഭം ലൂയിസയിൽ സൃഷ്ടിച്ച ആഘാതത്തിൽ നിന്ന് അവളെ രക്ഷപ്പെടുത്താനായി ആൻ ഒരു തെറാപ്പിസ്റ്റിന്റെ സഹായം തേടുന്നുണ്ട്. ഇതേ തുടർന്ന് മാനസികമായ വെല്ലുവിളികൾ നേരിടേണ്ടി വന്ന ലൂയിസയുടെയും ഒറ്റപ്പെട്ടു പോയ ആനിന്റെയും അവരുടെ ജീവിതത്തിലേക്ക് വരുന്ന മകനായ ടോബിയാസിന്റെയും അധ്യായങ്ങൾ നോവലിനെ സങ്കീർണവും ചടുലവുമാക്കുന്നു. ഒരു മിന്നൽവിളക്കും കൈയിലേന്തി അപ്രത്യക്ഷനായ അച്ഛന്റെയും തണുത്തു മരവിച്ച് ബോധം നശിച്ച രീതിയിൽ കാണപ്പെട്ട മകളുടെയും ജീവിതസാഹചര്യങ്ങളിലേക്കും അവരുടെ ഉറ്റവരുടെ ലോകത്തേക്കും രാഷ്ട്രങ്ങളുടെ ആന്തരിക പ്രതിസന്ധിയിലേക്കുമാണ് ആഖ്യാനം നമ്മെ കൂട്ടി കൊണ്ടുപോകുന്നത്.. അച്ഛനുമായി ബന്ധപ്പെട്ട ഓർമകളെ മിന്നൽവിളക്കിലൂടെ (Flashlight) തിരികെ കൊണ്ടുവരാൻ ശ്രമിക്കുന്ന ലൂയിസ അതിനെ അച്ഛന്റെ നിഴലിനെ പ്രതിനിധീകരിക്കുന്ന ബിംബമായി കാണുകയാണ്. സംഘർഷഭരിതമായ നാളുകളെ അഭിമുഖീകരിക്കുന്ന ആനിന് ലൂയിസയുടെ മനോനിലയെ സാധാരണമാക്കുന്ന ഉത്തരവാദിത്തം കൂടി ഏറ്റെടുക്കേണ്ടി വന്നു. ആനിന് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുന്നതും ആയിടയ്ക്കാണ്. സെർക്കിന്റെ തിരോധാനത്തിന്റെ പിന്നില് എന്തെങ്കിലും 'രഹസ്യ'ങ്ങളുണ്ടോ എന്ന ജിജ്ഞാസ ജനിപ്പിക്കുന്നതും വായനയുടെ ഭാഗമായി സംഭവിക്കുന്നു. കൊറിയയിലെ ഭരണകൂടത്തിന്റെ ഇടപെടലും അതിനു പിന്നിലുണ്ടോ എന്ന ആശങ്കയും തള്ളിക്കളയാനാവില്ല. വ്യക്തിപരമായ ദുരന്തത്തെ കുറിച്ചുള്ള സങ്കടം ആരോടും സംവദിക്കാനാവാത്ത തരത്തിൽ, ഏകയായി തീർന്ന ലൂയിസയും അതേ അളവിൽ വിഷമാവസ്ഥയിലുള്ള അമ്മയും നോവലിലെ മിഴിവുറ്റ കഥാപാത്രങ്ങളാണ്.
