വിമോചനങ്ങളുടെ കാൻവാസ്  

Book Review

വിമോചനങ്ങളുടെ കാൻവാസ്  


ഉത്തമകലാസൃഷ്ടികളിലേക്കാണ് അനുവാചകർ സഞ്ചരിക്കുവാൻ വ്യഗ്രതപ്പെടുന്നത്. ലക്ഷ്യസ്ഥാനത്തെക്കുറിച്ച് വ്യക്തമായ ബോധ്യമുണ്ടെങ്കിലും, ആ ശൃംഗത്തിലേക്കുള്ള യാത്ര എളുപ്പമുള്ളതല്ല. നിരന്തരമായ അന്വേഷണവും ആഴത്തിലുള്ള വായനയും അതാവശ്യപ്പെടുന്നു. 

മലയാളകഥയിൽത്തന്നെ, ശ്രദ്ധേയമായ കലാസൃഷ്ടികളുടെ ദൗർലഭ്യം നിരൂപകർ നിരീക്ഷണവിധേയമാക്കിയിട്ടുള്ളതാണെങ്കിലും, അത്തരം മ്ലാനതകളും മൂടലുകളും മറികടന്നു സഹൃദയരിലേക്ക് എത്തുന്ന അപൂർവം ചില കഥകളുണ്ട്. കഥയുടെ സൗന്ദര്യബോധവും സ്വാതന്ത്ര്യസങ്കൽപ്പവും കഥാപാത്രങ്ങളുടെ സങ്കീർണമായ മാനസികാവസ്ഥകളിലൂടെ ആവിഷ്കരിച്ചുകൊണ്ട് ഇ. സന്തോഷ്‌കുമാർ രചിച്ച "എന്റെ പ്രിയപ്പെട്ട കഥകൾ" എന്ന ചെറുകഥാസമാഹാരത്തിലെ മൂന്നു കഥകളാണ് വിശകലനം ചെയ്യുന്നത്. കഥാപാത്രങ്ങളുടെ ആന്തരിക സംഘർഷങ്ങളെയും സാമൂഹികാനുഭവങ്ങളെയും പരസ്പരം ബന്ധിപ്പിക്കുന്ന രചനാസങ്കേതമാണ് ഈ കഥകളിൽ ശ്രദ്ധേയമാകുന്നത്.

ഭൂതകാലങ്ങളുടെ സ്മരണകളെയും സഞ്ചിയിലാക്കി, ആഖ്യാതാവിന്റെ വർത്തമാനകാലജീവിതത്തിലേയ്ക്ക് ഇടിച്ചുകയറിവരുന്ന ഒരാളെക്കുറിച്ച് കേട്ടുകൊണ്ടാണ് "മൂന്നുവിരലുകൾ "എന്ന കഥയിലേക്ക് അനുവാചകർ പ്രവേശിക്കുന്നത്. ജോസഫ് മോനായി. ആഖ്യാതാവിന്റെ ഓർമ്മകളിൽ അയാൾ അവശേഷിക്കുന്നുണ്ട്. ദയാൽ ഇൻവെസ്റ്റ്‌മെന്റിലേയ്ക്കു വന്ന മൂന്നാമത്തെ ടൈപ്പിസ്റ്റ്. അറ്റം മുരടിച്ച ഛേദിക്കപ്പെട്ട വിരലുകളുള്ള അയാൾ വളരെ വേഗത്തിൽ ടൈപ്പ് ചെയ്യുമായിരുന്നു. പത്തുവിരലുകളുടെയും വേഗത അയാളുടെ ചൂണ്ടുവിരൽ ആവാഹിച്ചിരുന്നു. ദുരൂഹതയും ആകാംക്ഷയും നിലനിർത്തിക്കൊണ്ടാണ് ഈ കഥയുടെ സഞ്ചാരം. മോനായിയുടെ ഛേദിക്കപ്പെട്ട വിരലുകൾ, അയാൾ ആഖ്യാതാവിനൊപ്പം സമീപിക്കുന്ന അന്ധയായ കൈനോട്ടക്കാരിയുടെ ആക്രോശങ്ങൾ, മോനായിയുടെ വീട്ടിൽ ആഖ്യാതാവ് കാണുന്ന ദേവതാതുല്യയായ സ്ത്രീ ഇങ്ങനെ അപസർപ്പകഛായ തോന്നിപ്പിക്കുന്ന കഥാസന്ദർഭങ്ങളിലൂടെ ആസ്വാദകർ കടന്നെത്തുന്നത് കലയുടെ ദാർശനികമായ വീക്ഷണത്തിലേക്കാണ്.


Related Articles