സങ്കീർണാനുഭവങ്ങളുടെ ഉന്മാദതീരം

Book Review

സങ്കീർണാനുഭവങ്ങളുടെ ഉന്മാദതീരം


ഭ്രാന്തും തത്ത്വചിന്തയും നിഷേധവും തലയ്ക്കു പിടിച്ച തൻ്റെ ഭൂതകാലത്തെക്കുറിച്ച്, ഏതാണ്ട് ‘നോർമ’ലായ പില്ക്കാലത്തെഴുതിയ പുസ്തകത്തിന്, കവി ‘ഉന്മാദസുന്ദരകാലം’ എന്ന് പേരിടുമ്പോൾ വായനക്കാർ അത്ഭുതപ്പെട്ടേയ്ക്കും: തിരിഞ്ഞു നോക്കുമ്പോൾ ലളിതമെന്നു തോന്നിയാലും കഠിനപീഡകളുടെ ഉന്മാദകാലത്തെ സുന്ദരമെന്നു വിളിയ്ക്കാനാവുമോ?

പി.എ.നാസിമുദ്ദീൻ എഴുതിയ ‘ഉന്മാദസുന്ദരകാലം’ എന്ന ഓർമ്മപ്പുസ്തകത്തിന് ( Memoir) മലയാളത്തിൽ പൂർവമാതൃകകളില്ല. ദാർശനികമായ അടിയുറപ്പു കൊണ്ടും കൗമാരകാലവിഭ്രാന്തിയുടെ സത്യസന്ധമായ ആവിഷ്ക്കാരം കൊണ്ടും മലയാളസാഹിത്യത്തിലെ പതിവ് സ്മരണകളിൽ നിന്ന് വേറിട്ടുനിൽക്കുന്നതാണ് അതിൻ്റെ ഘടന. 'പകലുകൾ പോർക്കോഴികളെപോലെ കൊത്തിയോടിയ്ക്കുകയും രാത്രികൾ അവയുടെ രഹസ്യങ്ങളുടെ ചിതയ്ക്ക് തന്നെ കാവലിരുത്തുകയും’ ചെയ്ത ദീർഘമായ ഒരു കാലഘട്ടത്തെ അടയാളപ്പെടുത്താനുള്ള സത്യസന്ധമായ ശ്രമങ്ങളാണ് ഈ പുസ്തകത്തെ വ്യത്യസ്തമാക്കുന്നത്.

സ്വത്വബോധവും സ്വത്വപ്രതിസന്ധിയും രൂക്ഷമാകുന്ന കൗമാരകാലത്തിൻ്റെ (എറിക് എറിക്സൺ, Psychological development Theory) അനുഭവങ്ങളാണ് ഈ പുസ്തകത്തിൽ ആഖ്യാനം ചെയ്യപ്പെടുന്നത്. ലക്കാനെ കടമെടുത്തു പറഞ്ഞാൽ, വ്യവസ്ഥിതിയുടെ 'സിംബോളിക്' നിയമങ്ങളെ നിഷേധിച്ച് 'റിയൽ' (The Real) എന്ന പച്ചയായ യാഥാർത്ഥ്യത്തിലേക്ക് കവി നടത്തിയ ഇറങ്ങിപ്പോക്കിൻ്റെ ഉന്മാദകാലം. ഭാഷയ്ക്കും യുക്തിക്കും വഴങ്ങാത്ത ആ അനുഭവങ്ങളെ പിൽക്കാലത്ത് വാക്കുകളിലേക്ക് ആവാഹിച്ചപ്പോൾ കവിയ്ക്ക് ഉറപ്പിച്ചു പറയാനാകുന്നുണ്ട്: അത് എറ്റവും 'സുന്ദരകാല'മായിരുന്നു!


Related Articles