അതിദ്രുതം വികസിച്ചു കൊണ്ടിരിക്കുന്ന ആഗോളാനന്തര സാങ്കേതിക യുഗത്തിൽ പ്രകൃതിയെക്കുറിച്ചും കടന്നുവന്ന വഴികളെക്കുറിച്ചും ചിന്തിക്കാനും പിൻതിരിഞ്ഞു നോക്കാനും സാധ്യമല്ലാത്തവിധം ജീവിതം സങ്കീർണ്ണവും വേഗതയേറിയതുമായിത്തീർന്നിരിക്കുന്നു. എങ്കിലും വംശനാശം സംഭവിച്ചു കൊണ്ടിരിക്കുന്ന ആദിമ ഗോത്രമനുഷ്യരേയും ജീവജാലങ്ങളെയും പുനരധിവസിപ്പിക്കുന്നതിനും സംരക്ഷിക്കുന്നതിനും പുനരുല്പാദിപ്പിക്കുന്നതിനുമുള്ള ചില നടപടികൾ ഗവൺമെൻ്റിൻ്റെ ഭാഗത്തുനിന്നും പല കാലങ്ങളിലായി നടക്കുന്നുണ്ട്. "ആദിവാസികളെ പൊതു സമൂഹത്തോട് ചേർക്കണോ, അതോ അതേ നിലയിൽ സംരക്ഷിക്കണോ?” എന്നുള്ളത് ഇത്തരത്തിൽ ഉയർന്നുവന്നിട്ടുള്ള ചോദ്യമാണ്.’
അതുപോലെത്തന്നെ ഗോത്രവിഭാഗത്തിലെ കുട്ടികളെ നഗരത്തിൽ പാർപ്പിച്ച് നിർബന്ധിത വിദ്യാഭ്യാസം നല്കി തൊഴിൽ മേഖലയിൽ പ്രവേശിച്ചാലും അവർ നേരിടുന്ന പ്രതിസന്ധികൾ അനവധിയാണ്. അവരുടെ സ്വത്വം മറ്റുള്ളവരുടെ മുന്നിൽ മറച്ചു വെയ്ക്കാനുള്ള ശ്രമം ഉപബോധമനസ്സിൽ പ്രവർത്തിച്ചു കൊണ്ടിരിക്കും. സമൂഹത്തിൻ ഇപ്പോഴും ഇവരെ ആദിമമനുഷ്യനായിത്തന്നെ കാണുന്ന പ്രവണതയാണുള്ളത്. അഭ്യസ്തവിദ്യരായ ഗോത്രവിഭാഗക്കാർ നേരിടുന്ന പ്രധാന വെല്ലുവിളിയാണിത്. ഷിനിലാലിൻ്റെ ‘ചോലയും‘ ‘ചൂണ്ടു WILL’ ഉം ഗോത്രമനുഷ്യർ നേരിടുന്ന ഈ രണ്ടു പ്രശ്നങ്ങൾ വിഷയമായിട്ടുള്ള കഥകളാണ്.
പ്രാകൃതമെങ്കിലും ചോലനായ്ക്കരുടേതു മാത്രമായ കഴിവുകളും അറിവുകളും രാഷ്ട്രവികസനത്തിനായി ഉപയോഗപ്പെടുത്തുക എന്ന ആശയമാണ് ‘ചോല’ എന്ന കഥ മുന്നോട്ടു വെയ്ക്കുന്നത്. രൂപത്തിലും ശബ്ദത്തിൽ പോലും സാമ്യതയുള്ള കാട്ടുകുരങ്ങുകളിൽ നിന്നും അധികം ദൂരെയല്ല മനുഷ്യരെന്ന തിരിച്ചറിവ് നേരിട്ട് അനുഭവിപ്പിച്ചു തരുന്ന രംഗങ്ങൾ കഥയിലുണ്ട്. ചോലനായ്ക്കരെ സ്വാഭാവികമായ ആവാസവ്യവസ്ഥയിലേയ്ക്ക് തിരിച്ചുവിടുകയും സ്വാഭാവികമായിത്തന്നെ പെറ്റുപെരുകുന്നതിന് ആവശ്യമായ സാഹചര്യങ്ങൾ ഉണ്ടാക്കിയെടുക്കുകയും ചെയ്യുന്നു. അതിൻ്റെ ആദ്യപടിയായിരുന്നു കാട്ടിനുള്ളിൽ ഭക്ഷണ വിതരണം നിർത്തലാക്കിയത്. അതോടെ അവർ സ്വയം പര്യാപ്തതയിലേയ്ക്ക് കാലെടുത്തു വെയ്ക്കാൻ തുടങ്ങി. വസ്ത്രങ്ങളുടെ ലഭ്യത നഷ്ടമായപ്പോൾ ശരീരങ്ങളുടെ തണുപ്പകറ്റാൻ പരസ്പരം ഇണ ചേരാൻ തുടങ്ങി. അങ്ങനെ വംശനാശഭീക്ഷണി ഒഴിവായി. എണ്ണത്തിൽ വളരെയധികം വർദ്ധനവുണ്ടായി. അവരുടെ സംരക്ഷണം ആവശ്യമായി വന്നതോടെ ആദ്യം ഇലക്ട്രിക് ഫെൻസിങ് നിർമ്മിച്ചു. സുരക്ഷയെക്കരുതി പിന്നീടത് കൽമതിലാക്കി മാറ്റി. കവാടത്തിനു പുറത്ത് കല്ല് കൈയിൽ പിടിച്ചു നില്ക്കുന്ന നായ്ക്ക കുടുംബത്തിൻ്റെ ചിത്രവും സ്ഥാപിക്കുന്നു. നാട്ടു മനുഷ്യർ ഇവരെ വേട്ടയാടിപ്പിടിച്ചാലോ എന്നു കരുതി” “ഞങ്ങളിൽ ഔഷധഗുണങ്ങളില്ല” എന്ന പരസ്യചിത്രം എല്ലായിടത്തും സ്ഥാപിക്കുന്നു. സംരക്ഷിത മേഖലയിൽ കഴിയുകയും സ്വയം രക്ഷയ്ക്ക് കൂർത്ത കല്ലുകൾ ചെത്തിയുണ്ടാക്കുന്നത് കാണുകയും ചെയ്യുന്നതോടെ തൻ്റെ ലക്ഷ്യം പൂർത്തീകരിച്ചതായി നരവംശശാസ്ത്രത്തിൽ റിസർച്ച് ചെയ്യുന്ന കഥാനായകന് ബോധ്യപ്പെട്ടു.
