പലായനത്തിൻ്റെയും കുടിയേറ്റത്തിൻ്റെയും ചരിത്രം മനുഷ്യവംശ ചരിത്രത്തോളം പഴക്കമേറിയതാണ്. ഏതൊരു രാജ്യത്തിൻ്റെയും സാംസ്‌കാരിക രാഷ്ട്രീയ ഭൂപടത്തിൽ പലായനത്തിനും കൂടിയേറ്റത്തിനും ചെറുതല്ലാത്തതായ പങ്കുണ്ട്. കാലദേശഭേദമില്ലാതെ ഓരോ രാജ്യത്തിൻ്റെയും ദേശത്തിൻ്റെയും പലായനചരിത്രം സാമൂഹിക-സാംസ്കാരിക പ്രതിഫലനത്തിലൂടെ ആദ്യകാലം മുതൽ സാഹിത്യകൃതികളിലും ദൃശ്യമാവാൻ തുടങ്ങി. സമകാലിക സാഹിത്യത്തിലും ഇത് തുടരുകയാണ്. \
പലായനം പല കാരണങ്ങൾ കൊണ്ട് സംഭവിക്കാം. യുദ്ധം, രാജ്യവിഭജനം എന്നിവയാണ് പ്രത്യക്ഷ കാരണങ്ങൾ എങ്കിലും ജീവിതസൗകര്യങ്ങൾ കൂടുതൽ മെച്ചപ്പെടുത്താനായി പ്രവാസജീവിതം നയിക്കുന്നവരും, കൃഷിയ്ക്കും മറ്റുമായി അന്യദേശങ്ങളിലേയ്ക്ക് കുടിയേറിയവരെയും, മറ്റുപല കാരണങ്ങൾ കൊണ്ട് നാടും വീടും ഉപക്ഷിച്ച് അന്യനാടുകളിൽ ചേക്കേറേണ്ടിവന്നവരെയും എല്ലാം തന്നെ പലായനം എന്ന വിശാലമായ ഭൂമികയിൽ അടയാളപ്പെടുത്താവുന്നതാണ്. ഓരോ രാജ്യത്തിൻ്റെയും ദേശത്തിൻ്റെയും ചരിത്രരേഖകൾ പരിശോധിച്ചാൽ വ്യക്തമായ കണക്കുകളും കാലഗണനയും ഇക്കാര്യത്തിൽ ലഭ്യമാണ്.
ഇങ്ങനെ പലായനം ചെയ്യപ്പെടുന്നവർ നേരിടുന്ന പ്രധാന പ്രശ്നങ്ങൾ എന്തെല്ലാമാണെന്ന് ചിന്തിച്ചു നോക്കിയിട്ടുണ്ടോ? അപരിചിതമായ ഭാഷ, സംസ്‌കാരം, രാഷ്ട്രീയം, ഭക്ഷണം എന്നിവയെല്ലാം അവർ നേരിടുന്ന വെല്ലുവിളികളാണ്. സ്വരാജ്യം എന്നത് ഭൂതകാല ഓർമ്മയായി പരിണമിക്കുമ്പോഴും ഭാവിയെക്കുറിച്ചുള്ള പ്രതീക്ഷകളൊന്നും കൂടാതെ നിസ്സംഗതയോടെ ജീവിക്കുന്നവരുടെ ‘കുടിയേറ്റാനന്തര’ (Post migration) അനുഭവങ്ങളും അവരുടെ സങ്കീർണ്ണമായ സമസ്യകളെ പുന:സൃഷ്ടിക്കുന്ന പ്രമേയങ്ങളും സാഹിത്യത്തിൽ സജീവമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ, യഥാർത്ഥമായ അനുഭവങ്ങളും ഭാവനാത്മകമായ ആഖ്യാനങ്ങളും വ്യത്യസ്തമായ വൈയക്തിക പരിസരങ്ങളിൽ പുന:സൃഷ്ടിക്കപ്പെടുമ്പോഴും കാലദേശഭേദമില്ലാതെ അവരെല്ലാം നേരിടുന്ന വെല്ലുവിളികൾ ഒന്നുതന്നെയാണെന്ന തിരിച്ചറിവിലേയ്ക്ക് ( “രാഷ്ട്രങ്ങളും ദേശങ്ങളും മാറാം; പക്ഷേ കഥാപാത്രങ്ങളും മനുഷ്യരും വല്ലാതെ കണ്ട് മാറുന്നില്ല”)എത്തിക്കുന്ന പഠനമാണ് രാഹുൽ രാധാകൃഷ്ണൻ്റെ 'ഒടുവിലത്തെ ആകാശവും കഴിഞ്ഞ്: പലായനങ്ങളുടെ പുസ്തകം.' ഒരുവശത്ത് നഷ്ടപ്പെപ്പെടലിൻ്റെ വ്യഥയുണ്ടെങ്കിലും ഭാവി കരുപ്പിടിപ്പിക്കാൻ മറ്റൊരു ദേശത്തെ ജീവിതംകൊണ്ട് സാധിക്കുമെന്ന വിശ്വാസം മുന്നിൽ നീണ്ടു കിടക്കുന്ന ദൂരത്തെ അതിജീവിക്കാൻ കെല്പു നല്കുന്നതായി മനസ്സിലാക്കിയതിൽ നിന്നും, ഒടുവിലത്തെ ആകാശത്തിനു ശേഷവും പക്ഷികൾക്ക് പറക്കാൻ ഇടമുണ്ടെന്ന ചിന്തയാണ് ഇത്രയും കാവ്യാത്മകമായൊരു തലക്കെട്ടു തിരഞ്ഞെടുക്കാൻ ഇടയായതെന്ന് എഴുത്താൾ സൂചിപ്പിക്കുന്നുണ്ട്. മഹ്മൂദ് ദാർവിഷിൻ്റെ (Mahmoud Darwish ) 'The Earth ls Clossing On Us’ ഇതിന് പ്രചോദകമായിത്തീർന്നു.
