ആചാരാനുഷ്ഠാനങ്ങളോടൊപ്പം പ്രത്യേക വേഷവിധാനങ്ങളോടുകൂടിയ നൃത്തവും ഒത്തുചേരുന്ന പ്രകൃതിദേവതാ സങ്കല്പമാണ് തെയ്യം. വടക്കേമലബാറില്‍ പ്രത്യേകിച്ചും കണ്ണൂര്‍ - കാസർഗോഡ് ജില്ലകളില്‍ ദൈവങ്ങളെയും വീരന്മാരെയും പ്രതിനിധീകരിക്കുന്ന തെയ്യക്കോലങ്ങളെ പ്രകൃതിശക്തിയുടെ പ്രതിരൂപമായി കണ്ട് ആരാധിക്കുകയും ജീവിതത്തിലെ പല പ്രതിസന്ധിഘട്ടങ്ങളെയും തരണം ചെയ്യാന്‍ തെയ്യങ്ങളുടെ സഹായം തേടുകയും ചെയ്തു വരുന്നുണ്ട്. സമൂഹത്തിലെ താഴെ തട്ടിലുള്ള സാധാരണക്കാരായ ജനങ്ങളാണ് തെയ്യക്കോലം കെട്ടുന്നത്. പ്രകൃതിയുമായി ചേര്‍ന്നു നില്‍ക്കുന്ന കലാരൂപമായതിനാല്‍ എല്ലാ ജീവജാലങ്ങളുമായി സാധാരണനിലയില്‍ സംവേദിക്കാന്‍ കഴിയുന്നു എന്നതും തെയ്യത്തിന്റെ സവിശേഷതയാണ്.
തെയ്യം കലാരൂപവും, തെയ്യം അവതരിപ്പിക്കപ്പെടുന്ന ദേശവും സമുദായവും സാഹചര്യങ്ങളും, തെയ്യക്കോലം കെട്ടുന്ന കലാകാരന്മാരുമെല്ലാം അനേകം ഗവേഷണപഠനങ്ങള്‍ക്ക് വിഷയമായിട്ടുണ്ട്. കണ്ണൂര്‍ സര്‍വ്വകലാശാല മലയാളബിരുദ സിലബസ്സില്‍ ഫോക് ലോര്‍ പഠനത്തിനായി പി.വി.ഷാജികുമാറിന്റെ 'തെയ്യവും കോഴിയും' എന്ന കഥ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അനേകം അര്‍ത്ഥ സാധ്യതകളുള്ള രസകരമായ കഥയാണിത്.
'തെയ്യവും കോഴിയും' എന്ന കഥയില്‍ തെയ്യം എന്ന ഫോക് രൂപത്തെ വെറുമൊരു കലാരൂപം എന്നതിലുപരി സാമൂഹികമായ മാറ്റങ്ങള്‍ക്ക് ഉപയോഗിക്കുകയാണ്. തെയ്യം ഒരു പ്രതീകമായി മാറുന്നു. തെയ്യവും കോഴിയും തമ്മില്‍ നടത്തുന്ന സംഭാഷണം ശ്രദ്ധിച്ചാല്‍ ഇക്കാര്യം വ്യക്തമാകും. 'കോഴിയേ നിന്റെ കാര്യം തീരുമാനമായി കേട്ടോ..' വീട്ടുകാരി ഒരു പ്രതിസന്ധിഘട്ടത്തില്‍ വീട്ടിലെ മൂത്തകോഴിയെ തെയ്യത്തിന് നേര്‍ച്ച നേരുകയാണ്.
