സത്യസന്ധരല്ല എന്ന് സ്വയം തിരിച്ചറിയുന്ന കഥാപാത്രങ്ങൾ; പ്രാവുകളുടെ ഭൂപട വായന 

Book Review

സത്യസന്ധരല്ല എന്ന് സ്വയം തിരിച്ചറിയുന്ന കഥാപാത്രങ്ങൾ; പ്രാവുകളുടെ ഭൂപട വായന 


കഥാഖ്യാനത്തിലെ ലാവണ്യശാസ്ത്രം രാഷ്ട്രീയ സങ്കൽപങ്ങളോടിടകലരുന്ന സവിശേഷസന്ദർഭങ്ങൾ മലയാള ചെറുകഥാചരിത്രത്തിൽ ദുർലഭമല്ല. സോഷ്യലിസ്റ്റ് റിയലിസത്തിൻ്റെ കാലത്തും തീവ്ര ഇടതുപക്ഷ അവാങ് ഗാദ് കാലത്തും ബാബരിമസ്ജിദ് അനന്തരകാലത്തും മറ്റും മലയാളികൾ അനുഭവിച്ച എഴുത്തുരീതികൾ അതാണ്. എന്നാൽ ജാതി, മതം, ജെൻഡർ തുടങ്ങിയ സ്വത്വങ്ങൾ ആശങ്കപ്പെടുംവിധം സങ്കീർണ്ണമായ അസ്തിത്വപ്രതിസന്ധി നേരിടുന്ന കാലത്ത് മനുഷ്യത്വത്തെക്കുറിച്ച് നൈതികമായ ചില ചോദ്യങ്ങൾ ഉന്നയിച്ചു കൊണ്ട് ചില എഴുത്തുകാർ രംഗപ്രവേശം ചെയ്യുന്നുണ്ട്. മുഹമ്മദ് റാഫി ഈ ഗണത്തിൽ പെടുന്നു. സമകാലിക ഇന്ത്യയുടെ ആശങ്കകളെയും ദൈന്യതയെയും നിശിതമായ അക്ഷരങ്ങളിൽ അടയാളപ്പെടുത്തുവാനുള്ള ശ്രമമാണ് മുഹമ്മദ്റാഫി എൻ.വി.യുടെ "പ്രാവുകളുടെ ഭൂപടം". പതിമൂന്ന് കഥകളുടെ സമാഹാരത്തിൽ എല്ലാം നേരത്തെ പ്രകാശിതമായ കഥകളാണ്. ബാബ്‌രിമസ്ജിദിന് ശേഷം ഇന്ത്യൻ സാമൂഹ്യജീവിതത്തിൽ ഉരുണ്ടുകൂടിയ സ്വത്വാശങ്കകളുടെ നേർക്കാഴ്ചകൾ റാഫിയുടെ കഥാലോകത്തിൽ സുലഭമാണ്. അതുകൊണ്ടു തന്നെ കഥാഖ്യാനത്തെ അനുഭൂതി ലോകത്തിൽ നിന്നും അടർത്തിമാറ്റി, പൊളിറ്റിക്കൽ റിയലിസ്റ്റ് രീതിയാണ് റാഫി അവലംബിച്ചതായി കാണുന്നത്.

ഗുജറാത്ത്, പ്രാവുകളുടെ ഭൂപടം, തുടങ്ങിയ കഥകൾ ഈ അർഥത്തിൽ ശ്രദ്ധേയമാണ്. ലോകം മരണത്തിൻ്റെ മഞ്ഞ് പുതച്ച കൊറോണക്കാലത്ത് മരണത്തിന് കീഴടങ്ങിയ ആത്മമിത്രമായ കണ്ണനെക്കുറിച്ചുള്ള അഖ്യാതാവിൻ്റെ ഓർമ്മകളിൽ ഒരു ദേശത്തിൻ്റെ വർത്തമാനത്തിലൂറിക്കൂടിയ ആശങ്കകൾ പ്രതിഫലിക്കുന്നുണ്ട്. മുസ്ലീം പേരുകൾ സുരക്ഷാ നിരീക്ഷണത്തിന് വിധേയമാകുന്ന ഒരു ലോകസാഹചര്യം "ഗുജറാത്ത്" വെളിവാക്കുന്നു. മധ്യവർഗ്ഗ മുസ്ലീംവിദ്യാർഥികൾ ഇതര മതസ്ഥരായ വിദ്യാർഥികളിൽ നിന്നും നേരിടേണ്ടി വരുന്ന വിവേചനത്തെക്കുറിച്ച് വിശദീകരിക്കുന്ന നാസിയ എറൂമിൻ്റെ മദറിങ് എ മുസ്ലീം എന്ന ഗ്രന്ഥം കൈവശം വയ്ക്കുന്നത് ഇന്നത്തെ ഗുജറാത്തിൽ ബോംബിനെക്കാൾ അപകടകരമാണെന്ന് ഞെട്ടലോടെ കഥാനായകൻ തിരിച്ചറിയുന്നുണ്ട്. "പലതരം മനുഷ്യരെ പാർപ്പിക്കാൻ ലോകം മുഴുവൻ ഭീമാകാരമായ കാരാഗ്രഹങ്ങൾ നിർമ്മിക്കപ്പെട്ടു എന്ന സ്വപ്നം കണ്ട് " ഞെട്ടിയുണരുന്ന അയാൾ വെറുപ്പിൻ്റെ പ്രത്യയശാസ്ത്രം ആധിപത്യം നേടുന്ന പുതിയ ഇന്ത്യയിലെ ഒരു ശരാശരി മനുഷ്യനാണ്.


Related Articles