കഥകളായി അടുക്കിപ്പെറുക്കുന്നതോ കഥകളിൽനിന്ന് പെറുക്കിയടുക്കുന്നതോ ആയ അനുഭവങ്ങളുടെ ആകത്തുകയാണ് ജീവിതമെന്ന് അടിവരയിട്ടു പറയുന്ന, ഓർമ്മകളുടെ കാവ്യകേളിയാണ് ‘വാക്കുകൾ പാർക്കുന്ന ദേശങ്ങൾ’. ജീവിതംപോലെ ഒരേസമയം തന്നെ വ്യർത്ഥവും വ്യാമുഗ്ദ്ധവുമായ മറ്റൊന്നുണ്ടെങ്കിൽ അത് മരണമാണെന്നും ഈ മഹാകാവ്യം നമ്മോട് പറയുന്നു. എന്നാലോ? ജീവിതത്തെക്കുറിച്ചും മരണത്തെക്കുറിച്ചും മാത്രമുള്ള കഥനങ്ങളുമല്ല ഈ പുസ്തകം. ജീവിതത്തിലെ മരണങ്ങളെക്കുറിച്ചും മരണാനന്തര ജീവിതങ്ങളെക്കുറിച്ചുമുള്ള ഓർമ്മപ്പുസ്തകംകൂടിയാണ്.
എന്തുകൊണ്ടാണ് ചില ജീവിതങ്ങളും ചില മരണങ്ങളും ഭാവനയെക്കാൾ വന്യവും വിചിത്രവും ദീപ്തവും ഭീതിദവുമായി നമ്മെ ആകർഷിക്കുന്നത്? ഏതുതരം മനുഷ്യരാണ് നൂറ്റാണ്ടുകൾ കഴിഞ്ഞാലും മറ്റു മനുഷ്യരുടെ പ്രജ്ഞയിൽ തീയും ഗന്ധകവും കോരിയിട്ടുകൊണ്ടേയിരിക്കുന്നത്? എത്തരം ഓർമ്മകളാണ് സ്ഥല കാലങ്ങളെയും ചരിത്രബോധങ്ങളെയും സ്തംഭിപ്പിച്ചും ചലിപ്പിച്ചും ഭാവലോകങ്ങളെ മൂർത്തമായി വിഭാവനം ചെയ്യുന്നത്? ‘വാക്കുകൾ പാർക്കുന്ന ദേശങ്ങൾ’ വായിക്കൂ. അനന്തവൈവിധ്യമുള്ള ലോകക്കാഴ്ചകളെ, സൂക്ഷ്മസുന്ദരമായ പ്രാണബന്ധങ്ങളെ, രക്തഗന്ധമുള്ള ചരിത്രസന്ധികളെ, കാമനാഭരിതമായ ജീവിതാവേഗങ്ങളെ, അവിശ്വസനീയമായ അനുഭവഭൂമികകളെ, അതുല്യമായ പ്രതിഭാവിലാസങ്ങളെ, അനുപമമായ ലാവണ്യകേളികളെ, ആഘാതശേഷിയുള്ള വാഗ്ധോരണികളെ, അസ്ഥി മരവിപ്പിക്കുന്ന ആത്മനാശങ്ങളെ, കൊടിപ്പടം താണ വിജയവൈജയന്തികളെ... ജോജോ ആന്റണി തന്റെ വായനയുടെയും സ്മൃതിയുടെയും ഭാവഭൂപടത്തിൽ പുനരാവിഷ്കരിക്കുന്നത് കാണാം.
മനോരമ ഓൺലൈനിൽ ജോജോ എഴുതിയ വരാന്ത എന്നപംക്തിയുടെ പുസ്തകരൂപമാണിത്. ആറോ ഏഴോ രചനകളൊഴികെ ഈ സമാഹാരത്തിലെ മിക്ക കുറിപ്പുകളുടെയും അച്ചുതണ്ട് സാഹിത്യമാണ്. പ്രധാനമായും കഥാസാഹിത്യം. ആധുനികതയുടെ ജീവചരിത്രമായി മാറിയ ഫിക്ഷന്റെ, നൂറ്റാണ്ടുകളുടെ വൈപുല്യവും ഭൂഖണ്ഡങ്ങളുടെ വൈവിധ്യവുമുള്ള ഏടുകളിൽനിന്ന് ജോജോ കണ്ടെടുക്കുന്ന അത്യസാധാരണമായ മർത്യാനുഭവങ്ങളുടെ ഭാവഗീതങ്ങളാകുന്നു ഈ പുസ്തകത്തിലെ ഓരോ കുറിപ്പും. കഥകളെക്കാൾ അവിശ്വസനീയവും മരണത്തെക്കാൾ അസഹനീയവും സ്വപ്നങ്ങളെക്കാൾ അമ്പരപ്പിക്കുന്നതുമായ ഒന്നുണ്ടെങ്കിൽ അത് ജീവിതമാണെന്ന് പേർത്തും പേർത്തും തെളിയിക്കുന്ന രചനകൾ.
