പ്രായം കൂടുന്തോറും സമയം വേഗത്തിൽ കടന്നു പോകുന്നത് എന്തുകൊണ്ടെന്ന് അറിയാമോ? ഇത് പലപ്പോഴും ഞാൻ സ്വയം ചോദിച്ചിട്ടുള്ള ചോദ്യമാണ്. ഇതേ ചോദ്യം ഹാക്കർ എക്സ് രണ്ടാമനിലെ രാംമോഹൻ എന്ന കഥാപാത്രം വിശാലിനോട് ചോദിക്കുമ്പോൾ സത്യത്തിൽ ഞാൻ അമ്പരന്ന് പോയി. പലപ്പോഴും ഞാനും അതിനെക്കുറിച്ച് ചിന്തിച്ചിട്ടുണ്ട്. ഒരു കുട്ടിയായിരിക്കുമ്പോൾ സമയം എന്നന്നേക്കുമായി നീണ്ടു നിൽക്കുന്നത്, ഒരാഴ്ച ഒരു വർഷമായും, ഒരു ക്ലാസ്സിൽ നിന്നും അടുത്ത ക്ലാസ്സിലേക്ക് പോകുന്ന ഒരു വർഷം ഒരു ജീവിതകാലമായുമൊക്കെ എനിക്കും തോന്നിയിരുന്നു. എന്നാൽ ജോലികിട്ടികഴിഞ്ഞുള്ള വർഷങ്ങൾ എത്ര പെട്ടന്നാണ് കടന്നു പോകുന്നത്. ഈ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ ഒരു ക്രൈം ത്രില്ലറിൽ നിന്നാണ് എനിക്ക് കിട്ടിയതെന്നത് കൗതുകമാണ്. ആ നോവലാണ് ആദർശ് എസ്. എഴുതിയ "ഹാക്കർ എക്സ് രണ്ടാമൻ" (Hacker X Randaman).
"ഹാക്കർ എക്സ് രണ്ടാമൻ", സൈബർ കുറ്റകൃത്യങ്ങൾ, ശാസ്ത്രീയ രഹസ്യങ്ങൾ, ഒളിഞ്ഞിരിക്കുന്ന അജണ്ടകൾ എന്നിവയുടെ കൗതുകകരമായ ലോകത്തിലേക്ക് കടന്നുചെല്ലുന്ന ഒരു ആകർഷകമായ മലയാളം ക്രൈം ത്രില്ലറാണ്. ആദ്യ നോവലായ "ഡാർക്ക് നെറ്റ്" പോലെ സമകാലിക പ്രസക്തിയുള്ള വിഷയങ്ങളെ സസ്പെൻസ് നിറഞ്ഞ ആഖ്യാനത്തിലൂടെ വായനക്കാരിലേക്കെത്തിക്കുന്നതിന് ഹാക്കർ എക്‌സിലും എഴുത്തുകാരന് കഴിഞ്ഞിട്ടുണ്ട്.
ഇതൊരു സൈബർ ത്രില്ലറാണ്. ഹാക്കിംഗ്, ഡിജിറ്റൽ അനോണിമിറ്റി, ഓൺലൈൻ സമൂഹങ്ങളിലെ അധികാര സമവാക്യങ്ങൾ, സാങ്കേതിക മുന്നേറ്റങ്ങളുടെ ഇരുണ്ട വശങ്ങൾ (പവർ ഡയനാമിക്സ്) തുടങ്ങിയ സൈബർ ലോകത്തിലെ വിവിധവശങ്ങളെ സമർത്ഥമായി സമന്വയിപ്പിക്കുന്ന ത്രില്ലർ. തുടക്കം മുതൽ സസ്പെൻസ് കെട്ടിപ്പടുക്കുന്നതിൽ ആദർശ് മികവ് പുലർത്തുന്നു. തിരോധാനം, ദുരൂഹനായ ഹാക്കർ, തുടർച്ചയായ കൊലപാതകങ്ങൾ എന്നിവയെല്ലാം വായനക്കാരനെ ആകാംഷയുടെ മുനയിൽ നിർത്തുകയും, ഹാക്കർ എക്സിന്റെ യഥാർത്ഥ വ്യക്തിത്വത്തെക്കുറിച്ചും പിന്നിലുള്ള ശക്തികളെക്കുറിച്ചും നിരന്തരം ഊഹിക്കാൻ പ്രേരിപ്പിക്കുകയും ചെയ്യുന്നുണ്ട്. ജനകീയ ശാസ്ത്ര പ്രസ്ഥാനങ്ങളുമായും സൈബർ ലോകത്തിലെ പുതിയ മുന്നേറ്റങ്ങളുമായും ബന്ധപ്പെട്ട പ്രമേയങ്ങൾ ഉൾക്കൊള്ളുന്നതിലൂടെ, നോവൽ ഒരു സാധാരണ ക്രൈം ത്രില്ലറിനപ്പുറത്തേക്ക് പോകുന്നുണ്ട്. ആധുനിക സമൂഹത്തിൽ സാങ്കേതികവിദ്യയുടെയും വിവരനിയന്ത്രണത്തിന്റെയും പ്രത്യാഘാതങ്ങളെക്കുറിച്ച് ചിന്തിക്കാൻ ഇത് വായനക്കാരെ പ്രേരിപ്പിക്കുന്നു.
