തൃശൂർ ജില്ലയിലെ മതിലകം എന്ന ദേശത്തായിരുന്നു ഞങ്ങളുടെ തറവാട്. പടിപ്പുരയും തട്ടുംപുറവുമൊക്കെയുള്ള വലിയ വീടായിരുന്നു അത്. തറവാടിന്റെ തട്ടുംപുറത്ത് ഇരുന്നായിരുന്നു ഞാനും അനിയനും പഠിച്ചിരുന്നത്. തറവാടിനു മുന്നിൽ പള്ളിയായിരുന്നു. അവിടെനിന്ന് നോക്കിയാൽ പള്ളിപ്പറമ്പും ഖബറുകളും മീസാൻ കല്ലുകളുമെല്ലാം കാണുമായിരുന്നു. ഞങ്ങളുടെ നോട്ടത്തിൽ എന്നും ഇൗ കാഴ്‌ചകളെല്ലാം പതിയും. ഷംസുദ്ദീൻ കുട്ടോത്തിന്റെ ‘ഇരീച്ചാൽകാപ്പ്’ നോവൽ വായിച്ചപ്പോൾ ഞാൻ ഒരിക്കൽകൂടി എന്റെ കുട്ടിക്കാലത്തേക്ക് പോയി. എന്റെ ജീവിതവുമായി ഏറെ ചേർന്നുനിൽക്കുന്ന നിരവധി കഥാപാത്രങ്ങളും കഥാസന്ദർഭങ്ങളും മനോഹരമായി ഷംസുദ്ദീൻ ‘ഇരീച്ചാൽകാപ്പി’ൽ പകർത്തിയിട്ടുണ്ട്. മതിലകത്തെ മനുഷ്യരിൽ ചിലരൊക്കെ ഇൗ നോവലിലും ഉള്ളതായി തോന്നി. തറവാട്ടിൽ മെഹ്‌ഫിൽ നടത്തുമായിരുന്നു. റാത്തീബും അതുപോലുള്ള ചില കാര്യങ്ങളുമെല്ലാം അവിടെവച്ചാണ് കണ്ടതും അറിഞ്ഞതുമൊക്കെ. പള്ളിക്കാടും ഖബറുകളും മീസാൻകല്ലുകളും നോവലിൽ എഴുത്തുകാരൻ മനോഹരമായാണ് പകർത്തിവച്ചിരിക്കുന്നത്.
കുട്ടിക്കാലത്ത് തറവാടിന്റെ തട്ടുംപുറത്തിരുന്ന് ഞങ്ങൾ കാണുന്ന കാഴ്‌ചകളിൽ ഏറ്റവും രസകരമായി തോന്നിയിട്ടുള്ള ഒന്നാണ് ഉമ്മാലുവിന്റെ പള്ളിക്കാടിന്റെ പരിസരത്തുകൂടെ ഖബറിടങ്ങൾക്കിടയിലൂടെയുള്ള നടത്തം. പള്ളിക്കാടിനപ്പുറത്ത് അന്ന് ചാരായം വാറ്റിയിരുന്നു. അത് കുടിക്കാനുള്ള പോക്കാണ്. ഷംസുവിന്റെ നോവലിലെ കാലിച്ചായ മാമുവിനെ പോലെ സ്വന്തമായി ഉണ്ടാക്കിയ പാട്ടും പാടിയാണ് പോക്കും വരവും.
‘‘ബാപ്പാക്ക് മതിലകത്ത് പോലക്കച്ചോടം
ഉമ്മാക്ക് പള്ളിക്കാട്ടിലെ വെള്ളിപ്പുത്തന് ഉള്ളിക്കച്ചോടം...’’
