ദേശചരിത്രവും മനുഷ്യരുടെ വൈകാരികലോകങ്ങളും

Book Review

ദേശചരിത്രവും മനുഷ്യരുടെ വൈകാരികലോകങ്ങളും


മനുഷ്യൻ തന്റെ ആത്മാവിനെ ഒളിപ്പിച്ചുവെക്കുന്ന ചില മാളങ്ങളുണ്ട്. പുറമേ ശാന്തമെന്ന് തോന്നുമ്പോഴും ഉള്ളിൽ കനലുകളെരിയുന്ന ചില ജീവിതങ്ങൾ. രാധാകൃഷ്ണൻ നാരായണന്റെ 'ചിത്രലേഖയുടെ അടയാളങ്ങൾ'എന്ന നോവലിൽ പശ്ചിമഘട്ടത്തിന്റെ താഴ്‌വരയിൽ കോടമഞ്ഞും നിഗൂഢതകളും പുതച്ചുറങ്ങുന്ന 'ചെമ്പരുന്തരുവി' എന്ന മലയോരഗ്രാമത്തെ പശ്ചാത്തലമാക്കി നാട്ടുപുരാവൃത്തങ്ങളുടെയും യാഥാർത്ഥ്യത്തിന്റെയുമിടയിലെ അതിരുകളിൽ ജീവിക്കുന്ന മനുഷ്യരുടെ കഥയാണ് നോവലിസ്റ്റ് പറയുന്നത്. അവരുടെ വൈകാരികലോകത്തെ കാവ്യാത്മകവും ദൃശ്യസമൃദ്ധവുമായ ഭാഷയിൽ ഈ നോവലിൽ അവതരിപ്പിക്കുന്നു.

നോവൽ ഒരു ദേശത്തിൻ്റെ കഥ പറയുമ്പോൾ ആ ദേശത്ത് ജീവിച്ച മനുഷ്യരുടെ ഓർമ്മകളും സ്വപ്നങ്ങളും സംഘർഷങ്ങളും അടയാളപ്പെടുന്നു. നോവലിൻ്റെ അനുഭവപരിസരത്തെ രൂപപ്പെടുത്തുന്ന സജീവസാന്നിധ്യമായാണ് ഈ നോവലിൽ ചെമ്പരുന്തരുവി നിലകൊള്ളുന്നത്. ആർത്തവരക്തത്തെ ഐശ്വര്യമായി കണ്ട് ആദ്യമായി ഋതുമതിയാകുന്ന പെൺകുട്ടികൾക്ക് അത്തിപ്പഴം കൊടുക്കുകയും അവരെ ദേവിയായി കണ്ട് ആരാധിക്കുകയും ചെയ്യുന്ന അത്തിമരച്ചുവട് മുതലാണ് ചെമ്പരുന്തരുവിയുടെ തുടക്കം. ചെമ്പട്ടുകൊണ്ട് അടിഭാഗം ചുറ്റിയ ചുവന്ന പഴങ്ങൾ നിറഞ്ഞ അത്തിമരവും അതിനരികിലായി മൂന്നടിയോളം വരുന്ന ഭസ്മവും ചന്ദനവും പൊതിഞ്ഞ ശൂലവും നോവലിലെ മിത്തുകളുടെ സാന്നിധ്യമറിയിക്കുന്നു. ഒരു ദേശവും മനുഷ്യനും തമ്മിലുള്ള ഗാഢമായ ബന്ധം വിലയിരുത്തുന്ന രചനയാണിത്. ഒരു വ്യക്തിയുടെ ചരിത്രം പൂർണമായും അയാളുടെ ജീവിതമാകുന്നില്ല. അയാൾ ജീവിക്കുന്ന മണ്ണും കാലാവസ്ഥയും സാമൂഹികബന്ധങ്ങളും നാട്ടുവിശ്വാസങ്ങളും ഓർമ്മകളും അയാളുടെ സ്വത്വത്തെ രൂപപ്പെടുത്തുന്നു.

സോർബ പറയും പോലെ "ഓരോ മനുഷ്യനും ഓരോ ഗന്ധമുണ്ട്. പക്ഷേ, നമ്മൾ അത് ശ്രദ്ധിക്കുന്നില്ല എന്ന് മാത്രം. എല്ലാ ഗന്ധങ്ങളും കൂടിക്കുഴഞ്ഞ് ആകെപ്പാടെ മനുഷ്യത്വം എന്നൊരു ഗന്ധം മാത്രമേ നമുക്ക് കിട്ടുന്നുള്ളൂ. കസ്തൂരി പോലെ പ്രിയപ്പെട്ട ഒന്നാണ് മനുഷ്യത്വം."


Related Articles