“Oh God I could be bounded in a nutshell
and count myself a king of infinite space.
Where it not that I have bad dreams.’’
_Shakespeare, Hamlet.
ഭ്രൂണാവസ്ഥയിലിരിക്കുന്ന ശിശുവിന്റെ പറുദീസയാണ് അമ്മയുടെ ഗർഭപാത്രം. അവിടെനിന്ന് അമ്മയുമായുള്ള ആത്മബന്ധത്തിന്റെ ജന്മകല്പനകളിലേക്ക് കുഞ്ഞ് പ്രവേശിക്കുന്നു; ഓരോ മനുഷ്യജീവനും മനോവ്യാപാരം തുടങ്ങുന്നത് ഗർഭാവസ്ഥയിൽ നിന്നാണ്. ഭ്രൂണവികാസത്തിന്റെ പല ഘട്ടത്തിലും ഓർമ്മയുടെ ഒരോ ഞരമ്പുകളിലും വികാരങ്ങളുടെ സമ്മിശ്രതാളം അടയാളപ്പെടുത്തപ്പെടും. നാഭീനാളികളിലൂടെ അനസ്യൂതം പ്രവഹിക്കുന്ന സന്ദേശങ്ങളിൽ രണ്ടു ജീവിതങ്ങളുടെ കൊടുക്കൽ വാങ്ങലുകൾ മാത്രമല്ല, തന്റേത് മാത്രമാണെന്ന തീർപ്പുകൂടിയാണ് സംവേദനം ചെയ്യപ്പെടുന്നത്. മരണം വരെ തുടരേണ്ടതായ, വിച്ഛേദിക്കാനാവാത്ത വിദ്യുത്ബാന്ധവത്തിന്റെ തുടക്കം. വ്യക്തിയെ ആസ്പദമാക്കി അതിന്റെ അളവ് ഏറിയും കുറഞ്ഞുമിരിക്കുമെന്നു മാത്രം.
ഭ്രൂണാവസ്ഥയിൽ കുഞ്ഞ് മാതൃസ്‌നേഹത്തിന്റെ അപരിമേയ സൗഖ്യത്തിലാണ് നീരാടുന്നത്. അമ്മ എന്നത് ജീവനിൽനിന്നും ജീവിതത്തിൽനിന്നും വേർപെടുത്താനാവാത്ത ജൈവികവും വൈയക്തികവും വൈകാരികവുമായ സംരക്ഷണ കവചമായി മാറുമ്പോൾ, കുഞ്ഞ് അവളെ ശ്രദ്ധിക്കാനും ശ്രവിക്കാനും തുടങ്ങും. പുറംലോകത്തു നിന്നുള്ളതെന്തും അമ്മ എന്ന ബിന്ദുവിനെ ആസ്പദമാക്കി മാത്രമാവും ഗർഭസ്ഥ ശിശു ഉൾക്കൊള്ളുക. ചുറ്റുപാടിലേക്ക് ജീവന്റെ നോട്ടം ആരംഭിക്കുന്നത് ഗർഭപാത്രത്തിനുള്ളിൽനിന്നാണെന്ന് ഭ്രൂണമനഃശാസ്ത്രം (Fetal psychology) സ്ഥിരീകരിക്കുന്നതിന് എത്രയോ കാലം മുമ്പ് അതിന്റെ സാധ്യതകളിലേക്ക് ജാലകം തുറന്നിട്ടുണ്ട് ഇതിഹാസവും പുരാണവും ചരിത്രവുമെല്ലാം.
