"രണ്ടു വർഷങ്ങൾക്കു ശേഷം ഞാൻ വീണ്ടും മറീനബീച്ചിലെത്തുമ്പോൾ ശിവമതി അവിടെയില്ല. ഉന്തുവണ്ടി കൂടുതൽ തുരുമ്പെടുത്ത്, മുൻപു കണ്ടതിനേക്കാൾ തകർന്ന നിലയിലായിരുന്നു." അതിൻ്റെ അടുത്തിരുന്ന കപ്പലണ്ടിക്കച്ചവടക്കാരനോട് ശിവമതിയെക്കുറിച്ച് അന്വേഷിച്ചു. അയാൾ ആലോചനയ്ക്കുശേഷം പറഞ്ഞു: "ആ പൈത്തിയക്കാരി എങ്കേയോ പോയിട്ടാ ..."
എം. വേണുകുമാറിൻ്റെ വെയിൽക്കണ്ണാടി എന്ന നോവൽ സിനിമാമേഖലയുടെ പിന്നാമ്പുറങ്ങൾക്കുനേരെ, ശിവമതി എന്ന ഹെയർഡ്രെസ്സർ പിടിച്ച ഒരു കണ്ണാടിയാണ്.
നാന വേണു എന്ന എം വേണുകുമാർ വളരെക്കാലം സിനിമയിൽ പ്രവർത്തിച്ചിരുന്ന ആളാണ്. മാത്രമല്ല സിനിമാജേർണലിസ്റ്റുമായിരുന്നു. അതുകൊണ്ടുതന്നെ സിനിമയ്ക്കുപിന്നിലെ സിനിമകളെക്കുറിച്ചുള്ള അനൽപമായ അദ്ദേഹത്തിൻ്റെ അറിവ്, ഈ കൃതിയെ ഒരേ സമയം ഒരു നോവലും ജീവചരിത്രവുമാക്കിമാറ്റുന്നു. സിനിമയുടെ അഗ്നിപ്രഭയിൽ മയങ്ങി ചിറകറ്റ എത്രയോ ഈയാമ്പാറ്റകൾ ഒരു കാലത്ത് കോടമ്പാക്കത്തിൻ്റെ മണ്ണിൽ വീണടിഞ്ഞിട്ടുണ്ട്. ശിവമതിയും അങ്ങനെ ഒരുവളാണ്, ഇവിടെ ഒരു വ്യത്യാസമുണ്ട് ശിവമതിയല്ല അവളുടെ അമ്മ ഭാരതിയാണ് സിനിമയെ മോഹിച്ച് കോടമ്പാക്കത്ത് എത്തപ്പെടുന്നത്. തീരെ ദുർഗ്രാഹ്യമല്ലാത്ത ഭാഷയിലാണ് ഈ നോവൽ എഴുതപ്പെട്ടിരിക്കുന്നത് എന്നത് വായനയെ വേഗത്തിലാക്കും. കഥകളും നോവലുകളുമടക്കം ധാരാളം കൃതികൾ എഴുതിയിട്ടുള്ള എം. വേണുകുമാറിൻ്റെ എഴുത്തിലുള്ള കയ്യടക്കം അനുഭവത്താലാർജ്ജിതമാണ്. ജേർണലിസ്റ്റ് എന്ന പരിചയമാവണം കൃതിക്ക് ചന്തമൊത്ത ഒരു എഡിറ്റഡ് സൗന്ദര്യവും നൽകുന്നു. ഏറെ ബൗദ്ധികവ്യായാമം ആവശ്യമില്ലാത്ത വായന സമ്മാനിക്കുന്ന ഒരു കൃതി എന്ന നിലയിൽക്കൂടി ഈ നോവൽ, സാധാരണ വായനക്കാരെ ആകർഷിക്കും.
