ചരിത്രത്തിന്റെ നിശ്ശബ്ദതകളെ വായിക്കുന്ന നോവൽ

Book Review

ചരിത്രത്തിന്റെ നിശ്ശബ്ദതകളെ വായിക്കുന്ന നോവൽ


ചരിത്രം എന്നത് ഭൂതകാലത്തിന്റെ കേവലമായ രേഖപ്പെടുത്തലല്ല, ഓരോ തലമുറയും തങ്ങളുടെ വർത്തമാനകാലത്തിന്റെ ചോദ്യങ്ങളുമായി വീണ്ടും വായിച്ചെടുക്കുന്ന ഒരു സാമൂഹിക പ്രക്രിയയാണ് അത്. ചരിത്രരേഖകൾക്ക്‌ അടയാളപ്പെടുത്താൻ കഴിയാത്ത ഇടങ്ങളിലാണ് പലപ്പോഴും സാഹിത്യം പ്രവേശിക്കുന്നത്. അവിടെ ഭാവന ചരിത്രത്തിന്റെ എതിരാളിയാകുന്നില്ല; മറിച്ച് അതിന്റെ സംഭാഷണപങ്കാളിയാകുന്നു. അതുകൊണ്ടുതന്നെ മികച്ച ചരിത്രനോവലുകൾ ഭൂതകാലത്തെ പുനരാവിഷ്കരിക്കുന്നതിനേക്കാൾ അതിനെ പുനർവിചാരിക്കുകയാണ് ചെയ്യുന്നത്.

റിഹാൻ റാഷിദിന്റെ കലമറുപ്പ് അത്തരമൊരു നോവലാണ്. കേരളത്തിന്റെ ചരിത്രസ്മരണകളിൽ ഇന്നും ദുരൂഹമായി നിലനിൽക്കുന്ന കാന്തളൂർ ശാലയും ആയ് രാജവംശവുമാണ് നോവലിന്റെ കേന്ദ്രവിഷയം. കാന്തളൂർ ശാല എവിടെയായിരുന്നു, അതിന്റെ യഥാർത്ഥ സ്വഭാവം എന്തായിരുന്നു, എന്തുകൊണ്ടാണ് അത് നശിപ്പിക്കപ്പെട്ടത് തുടങ്ങിയ ചോദ്യങ്ങൾക്ക് ഏകകണ്ഠമായ ഉത്തരങ്ങളില്ല. ഈ ചരിത്രപരമായ അപൂർണ്ണതയെയാണ് നോവലിസ്റ്റ് അഭിമുഖീകരിക്കുന്നത്. ചരിത്രം മൗനം പാലിക്കുന്നിടത്ത് ഭാവന സംസാരിക്കുന്നു.

ടൈം ട്രാവലിനെക്കുറിച്ച് നോവൽ എഴുതാൻ ആഗ്രഹിക്കുന്ന ഹരീഷ് എന്ന കഥാപാത്രത്തിലൂടെയാണ് കഥ ആരംഭിക്കുന്നത്. എന്നാൽ ടൈംട്രാവൽ ഇവിടെ ശാസ്ത്രീയ പരീക്ഷണമോ ഫാന്റസിയോ അല്ല. ഭൂതകാലവും വർത്തമാനവും തമ്മിലുള്ള സംവാദത്തിനുള്ള ആഖ്യാനരീതിയാണ്. വായനക്കാരൻ ഹരീഷിനൊപ്പം ചരിത്രത്തിന്റെ ആഴങ്ങളിലേക്ക് സഞ്ചരിക്കുമ്പോൾ ആയ് രാജവംശവും കാന്തളൂർ ശാലയും വെറും ചരിത്രനാമങ്ങളായി നിൽക്കാതെ ജീവിക്കുന്ന മനുഷ്യരുടെ ലോകമായി രൂപപ്പെടുന്നു. നോവലിന്റെ ഏറ്റവും ശ്രദ്ധേയമായ നേട്ടം കാന്തളൂർ ശാലയെ അവതരിപ്പിക്കുന്ന രീതിയിലാണ്. അതൊരു ഗുരുകുലമോ വിദ്യാഭ്യാസസ്ഥാപനമോ മാത്രമല്ല; വിജ്ഞാനവും ഭരണവും സൈനികപരിശീലനവും സാംസ്കാരിക കൈമാറ്റങ്ങളും പരസ്പരം ബന്ധപ്പെടുന്ന ഒരു സമഗ്ര സാമൂഹിക സ്ഥാപനമായാണ് അത് പ്രത്യക്ഷപ്പെടുന്നത്. വിവിധ ദേശങ്ങളിൽ നിന്നെത്തുന്ന വിദ്യാർത്ഥികൾ, അവരുടെ ജീവിതം, പഠനരീതികൾ, ശാലയുടെ ശാസനകൾ എന്നിവയിലൂടെ മധ്യകാല ദക്ഷിണേന്ത്യയിലെ വിജ്ഞാനസംസ്കാരത്തിന്റെ വിശാലതയെ നോവൽ അനുഭവമാക്കുന്നു. ചരിത്രത്തിൽ ഒരു ജ്ഞാനകേന്ദ്രം എന്നത് ഒരിക്കലും അറിവിന്റെ മാത്രം കേന്ദ്രമല്ല; അത് അധികാരത്തിന്റെ കേന്ദ്രവുമാണ്. അതുകൊണ്ടുതന്നെ കാന്തളൂർ ശാലയെക്കുറിച്ചുള്ള പോരാട്ടം ഒരു കെട്ടിടത്തിനുവേണ്ടിയുള്ള യുദ്ധമല്ല; അറിവിന്റെ മേലുള്ള ആധിപത്യത്തിനായുള്ള പോരാട്ടമാണ്.


Related Articles