ചരിത്രത്തിന്റെ ക്രൂരമായ വിരോധാഭാസമായി പുസ്തകക്കടകളുടെ റാക്കുകളിൽ അരികിലായും ചിലപ്പോൾ വെവ്വേറെയിടങ്ങളിലും 'ആൻ ഫ്രാങ്കിന്റെ ഡയറിക്കുറിപ്പുകളും' ഹിറ്റ്ലറുടെ 'മെയ്ൻ കാംഫും’ ഇരിക്കുന്നതു കാണാം. ശ്രീബുദ്ധന്റെയും പീരങ്കിയുടെയും ശില്പങ്ങൾ അടുത്തടുത്തുവെച്ചിരിക്കുന്നതുപോലെ! ലോകത്തിൽ ഏറ്റവുമധികം വായിക്കപ്പെട്ടിരിക്കുന്ന ഡയറിക്കുറിപ്പുകളാണ് ആൻ ഫ്രാങ്കിന്റേത്. അനവധിയായ ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ടിരിക്കുന്നു. അതേസമയം ഏറ്റവുമധികം രാജ്യങ്ങളിൽ നിരോധിക്കപ്പെട്ടിരിക്കുന്ന പുസ്തകമാണ് "മെയ്ൻ കാംഫ്.’ ഇന്ത്യയിൽ ഇത് നിരോധിക്കപ്പെട്ടിട്ടില്ല. 'ആൻ ഫ്രാങ്കിന്റെ ഡയറിക്കുറിപ്പുകളും' ‘മെയ്ൻ കാംഫും’ ഒരുപക്ഷേ, ഇന്ത്യയിൽ ഏറ്റവുമധികം പൈറേറ്റ് കോപ്പികളായി പ്രസിദ്ധീകരിച്ച പുസ്തകമായിരിക്കണം. 60 ലക്ഷം യഹൂദരുടെയും രണ്ടു ലക്ഷം ജിപ്സികളുടെയും വംശഹത്യയ്ക്ക് കാരണമായി ജർമ്മൻഭാഷയിൽ ആദ്യമായി പ്രസിദ്ധീകരിച്ച 'മെയ്ൻ കാംഫ്.’ 48000 വാക്കുകൾ വരുന്ന ഹിറ്റ്ലറുടെ ആത്മകഥയിലെ ഓരോ വാക്കിനും 125 പേരാണ് വംശഹത്യയിൽ കൊല്ലപ്പെട്ടത്. 2016-ൽ പുനഃപ്രസിദ്ധീകരിക്കപ്പെട്ട 'മെയ്ൻ കാംഫ്’ ജർമ്മനിയിൽ ബെസ്റ്റ് സെല്ലർ ലിസ്റ്റിൽ ഉൾപ്പെടുകയുണ്ടായി എന്നതാണ് അതിശയകരം.
വാൾട്ടർ ബെന്യാമിൻ ചരിത്രത്തെക്കുറിച്ചുള്ള തന്റെ പ്രഗല്ഭമായ ഉപന്യാസത്തിൽ പറയുന്നത് "ക്രൂരതയുടെ രേഖയല്ലാത്ത ഒരു ചരിത്രരേഖയുമില്ലെന്നാണ്’ (There is no document of civilization at the same time a document of barbarism). മാനവചരിത്ര ത്തിന്റെ അതാതുകാലങ്ങളിലെ ഹിംസോന്മുഖതയെക്കുറിച്ചുള്ള ദിങ്മാത്രദർശനമാകുന്നു. "മെയ്ൻ കാംഫ്’ പ്രത്യക്ഷത്തിൽതന്നെ ഇതിനെ ഉദാഹരിക്കുമ്പോൾ "ആൻ ഫ്രാങ്കിന്റെ ഡയറിക്കുറിപ്പുകൾ’ ചരിത്രത്തിന്റെ ഈ നിഷ്ഠുരതയെത്തന്നെയാണ് സ്ഥിരീകരിക്കുന്നത്. നാസികൾ നടത്തിയ യഹൂദപീഡനത്തിന്റെ സാക്ഷ്യമെന്ന നിലയിലാണ് ലോകം ആൻ ഫ്രാങ്കിന്റെ ഡയറിക്കുറിപ്പുകൾ വായിക്കുന്നത്. യഥാർത്ഥത്തിൽ യഹൂദർ ജർമ്മനിയിൽ അനുഭവിക്കേണ്ടിവന്ന നരകപീഡനത്തിന്റേതായ വേദനയുടെ തീവ്രത ആനിന്റെ ഡയറിക്കുറിപ്പിൽനിന്ന് അനുഭവവേദ്യമല്ല. പക്ഷേ, നാസികളുടെ നടുക്കത്തിന്റെ ക്രൂരതയെക്കുറിച്ചുള്ള നമ്മുടെ ചരിത്രധാരണയാണ് ആൻ ഫ്രാങ്കിന്റെ ഡയറിക്കുറിപ്പുകളുടെ വായന വേദനനിറഞ്ഞ അനുഭവമാക്കുന്നത്. ഓഷ്വിറ്റ്സ് കോൺസെൻട്രേഷൻ ക്യാമ്പിൽനിന്നും ബെർജനിലേക്ക് ആനിനെയും സഹോദരി മാർഗോട്ടിനെയും മാറ്റിയിരുന്നു. നാസി കോൺസെൻട്രേഷൻ ക്യാമ്പിൽവെച്ചാണ് ആൻ മരണപ്പെടുന്നത്. മരണപ്പെടുകയല്ല ഇല്ലാതാക്കപ്പെടുകയായിരുന്നു എന്നുതന്നെയാണ് പറയേണ്ടത്. അതിനുശേഷം ജർമ്മനി നാസികളിൽനിന്നും സഖ്യശക്തികൾ വിമോചിച്ചതിന്റെ ഫലമായി കോൺസെൻട്രേഷൻ ക്യാമ്പിൽനിന്നും ജീവനോടെ പുറത്തുവന്ന അവരുടെ പിതാവ് ഓട്ടോ ഫ്രാങ്ക് ആണ് ആനിന്റെ ഡയറി പ്രസിദ്ധീകരിച്ചത്. യുദ്ധത്തിന്റെയും അധിനിവേശത്തിന്റെയും നിഴലിൽ ഭയത്തോടെ ജീവിച്ച പതിമൂന്നു വയസ്സുകാരി പെൺകുട്ടിയുടെ തീക്ഷ്ണാനുഭവത്തിന്റെ സാക്ഷ്യങ്ങളിലൊന്നായി മാറി ആ ഡയറിക്കുറിപ്പുകൾ.
‘ദി ഡയറി ഓഫ് എ യങ് ഗേൾ’ അല്ലെങ്കിൽ ‘ദി ഡയറി ഓഫ് ആൻ ഫ്രാങ്ക്’ എന്നും അറിയപ്പെടുന്ന "ആൻ ഫ്രാങ്കിന്റെ ഡയറിക്കുറിപ്പുകൾ’ 1942 ജൂൺ 12 മുതൽ 1944 ഓഗസ്റ്റ് ആദ്യംവരെ നെതർലാൻഡ്സ് കീഴടക്കിയ നാസികളിൽനിന്നും രക്ഷപ്പെടാൻ ഒളിസങ്കേതത്തിൽ ജീവിച്ചിരുന്ന കാലത്തെ കുറിപ്പുകളാണ്. പതിമൂന്നാമത്തെ പിറന്നാളിനാണ് ഡയറിക്കുറിപ്പുകൾ ആരംഭിക്കുന്നത്. തന്റെ പ്രായത്തിലുള്ള പെൺകുട്ടികൾ ബാല്യത്തിൽനിന്നും കൗമാരത്തിലേക്കു പ്രവേശിക്കുമ്പോഴുള്ള അനുഭവങ്ങളാണ് ആൻ ഫ്രാങ്ക് പ്രധാനമായും രേഖപ്പെടുത്തുന്നത്. മറ്റു പെൺകുട്ടികളുമായുള്ള അവളുടെ സൗഹൃദങ്ങൾ ആൺകുട്ടികളോടുള്ള അവളുടെ പ്രണയത്തിന്റെ പൊടിപ്പുകൾ സ്കൂളിലെ അധ്യയനവുമായി ബന്ധപ്പെട്ടുള്ള നിരീക്ഷണങ്ങൾ എന്നതൊക്കെയാണ് ആൻ ഫ്രാങ്ക് സാങ്കല്പിക കൂട്ടുകാരിയായ കിറ്റിക്ക് എഴുതിയ എഴുത്തുകളിൽ മുഖ്യമായും പ്രതിപാദിതമാകുന്നത്. രണ്ടു വർഷത്തെ ഒളിസങ്കേ തത്തിലെ ജീവിതത്തിൽ ആൻ ഫ്രാങ്ക് തന്റെ ജീവിതത്തിൽ പടരാനിടയാകുന്ന നിരാശയെ പ്രതിരോധിച്ചുനിർത്തുകയാണ്. തന്റെ തീർത്തും വ്യക്തിഗതമായ കൗമാര അനുഭവങ്ങൾ ഈ നിരാശയെ പ്രതിരോധിക്കാനുള്ള ഉപാധിയാകുന്നു. ആൻ നവോന്മേഷം വാക്കുകളിൽ ആവിഷ്കരിക്കുന്നുമുണ്ട്. വായനക്കാരെ വികാരാധീനരരാക്കുന്നത് ഈയൊരു പ്രത്യാശയുടെ തലമാണ്. ആനിന് എന്താണു സംഭവിക്കാൻ പോകുന്നതെന്നറിയുന്നവരാണല്ലോ ഡയറിക്കുറിപ്പുകൾ വായിക്കുന്നത്.
ആൻ ഫ്രാങ്കിന്റെ ഡയറിക്കുറിപ്പുകളിൽ യുദ്ധവും നാസി ഭീകരതയും പരാമർശങ്ങൾമാത്രമായാണ് കടന്നുവരുന്നത്. പോർവിമാനങ്ങൾ അവരുടെ നഗരത്തിന്റെ മുകളിലൂടെ വട്ടമിട്ടുപറക്കുന്നതു ഭീതിപ്പെടുത്തുന്നുണ്ട്. ഭയം വായനക്കാരിൽ നിഴൽ പോലെ പടരുന്നത് ഡയറിക്കുറിപ്പിലെ വാക്കുകളിൽനിന്നുംമാത്രമല്ല ആനിനു പൂർണമായും അറിയാത്തതും എന്നാൽ നമ്മൾക്കു പൂർണമായും അറിയുന്നതുമായ ഒരു ചരിത്രസന്ദർഭത്തിലിരുന്നാണ് നിഷ്കളങ്കമായി തന്റെ ആദ്യപ്രണയാനുഭവങ്ങൾ വാക്കുകളിലേക്ക് ആൻ പകരുന്നത്. നാസികളുടെ നിഷ്ഠുരതയെക്കുറിച്ചുള്ള നമ്മുടെ അറിവുകളാണ് ഡയറിക്കുറിപ്പുകളിലെ ഓരോ വാക്കുകളിലും നമ്മൾ ശ്രവിക്കുന്നത്. ആൻ ഫ്രാങ്കിന്റെ ഡയറിക്കുറിപ്പുകൾ വായിക്കുന്നത് രണ്ടാം ലോകമഹായുദ്ധത്തിന്റെയും മൂന്നാം റീഖിന്റെ ദുരന്താത്മകമായ ചരിത്രപശ്ചാത്തലത്തിൽ നിന്നുകൊണ്ടാണ്. ആനിന്റെ ഡയറിക്കുറിപ്പുകൾക്ക് പശ്ചാത്തലമാകുന്ന ചരിത്രസന്ദർഭത്തിൽനിന്നും മാറി മറ്റൊരു ചരിത്രസന്ദർഭത്തിലാണ് ആനിന്റെ ഡയറിക്കുറിപ്പ് വായിക്കുന്നതെങ്കിൽ വായിക്കപ്പെടുന്ന ചരിത്രസന്ദർഭത്തിലെ അനുഭവതലങ്ങളോടാണ് സംവദിക്കുന്നത്.
യഹൂദർ ഷോവ് (shoah) എന്നു വിളിക്കുന്ന ഹോളോകോസ്റ്റിനെക്കുറിച്ചുള്ള ലോകോത്തര പ്രസിദ്ധമായ ഈ രചന സമകാലിക ലോകത്തിൽ അഭയം, അഭയാർത്ഥികൾ, അഭയാർഥിത്വം, അഭയാർഥികളുടെ അവകാശങ്ങൾ, ന്യൂനപക്ഷപീഡനം, വംശഹത്യ എന്നിവയുമായി ബന്ധപ്പെട്ടാണു മനസ്സിലാക്കപ്പെടുന്നത്. ഹന്നാ ആരെന്റ് ആൻ ഫ്രാങ്കിന്റെ ഡയറിക്കുറിപ്പുകൾക്ക് ഹോളോകോസ്റ്റ് വിരുദ്ധ സാഹിത്യരചന എന്ന നിലയിൽ ലഭിച്ച അംഗീകാരത്തെ വിമർശിച്ചത് ‘വലിയ ദുരന്തത്തിന്റെ ചെലവിൽ വിലകുറഞ്ഞ വൈകാരികത’ എന്ന നിലയിലാണ്. ആൻ ഫ്രാങ്കിന്റെ ഡയറിക്കുറിപ്പുകൾ സാർവത്രികമായ അഭയാർഥികളുടെ നിരാലംബതയെക്കുറിച്ചുള്ള അനുഭവമായി വായിക്കപ്പെടുമ്പോൾ ഹന്നാ ആരെന്റിന്റെ വിമർശനം പരിമിതപ്പെടുന്നു. ഷബിതയുടെ കഥ ‘ആൻ ഫ്രാങ്കിന്റെ ഡയറി' സമകാലീനചരിത്രത്തിലെ ഇസ്രായേൽ എന്ന രാഷ്ട്രത്തിന്റെ ബാർബരതയുടെ (barbarism) പ്രതിസൂചകമാണ്. കഥയിൽ അന്തർലീനമായ അന്തർപാഠങ്ങളിലൂടെ നിർദ്ദയമായ അധികാരമർദ്ദനങ്ങളെക്കുറിച്ചും അഭയാർത്ഥിത്വത്തിന്റെ ആഗോള നരകീയവിധിയെക്കുറിച്ചും ധാർമികമായ ചെറുത്തുനില്പുയർത്തുന്നു. ഷബിതയുടെ കഥയിൽ അടിച്ചമർത്തപ്പെട്ടവരുടെ, അധിനിവേശിതരുടെ, കീഴടക്കപ്പെട്ടവരുടെ, അമർഷത്തിന്റെയും വിരോധോക്തിയുടെയും ഭാഷണത്തിലൂടെ പ്രതിപാദ്യമാകുന്നത് നിന്ദിതരുടെ അതിജീവനത്തിനായുള്ള അത്യഗാധമായ ആത്മശേഷിയാണ്.
ഒരു കേരളീയഗ്രാമമായ കുപ്പായക്കോടിൽനിന്നും ഇസ്രായേലിലേക്കു പരിചാരികയായി വന്നിരിക്കുകയാണ് മിനി. മെറ്റപ്പലേത് എന്നാണ് ഹീബ്രുവിൽ പരിചാരികയെ വിളിക്കുന്നത്. മിനി പരിചരണം നൽകുന്ന വൃദ്ധയായ സ്ത്രീ പ്രൊഫസറായിരുന്നു. അവരെ ഹീബ്രുവിൽ ഈമാ എന്നാണ് മിനി വിളിക്കുന്നത്. ഈമ നിത്യേനയെന്നോണം ചെയ്യുന്നത് ആൻ ഫ്രാങ്കിന്റെ ഡയറിക്കുറിപ്പുകളുടെ പാരായണമാണ്. ആൻ ഫ്രാങ്കിന്റെ ഡയറിക്കുറിപ്പുകളുടെ അന്താരാഷ്ട്ര സ്വാധീനതയെപ്പറ്റി ഷബിത ഭംഗ്യന്തരേണ വിവരിക്കുന്നുണ്ട്. ഈമയുടെ വീട് നിറച്ചും ആൻ ഫ്രാങ്കിന്റെ ഡയറിക്കുറിപ്പുകളാണ്. ചുവരുകൾ ആൻ ഫ്രാങ്കിന്റെ ഡയറിക്കുറിപ്പുകളുടെ കാലിഗ്രഫിയിൽ ആലേഖനം ചെയ്യപ്പെട്ടിരിക്കുന്നു. ഡയപ്പർ വാങ്ങുന്നതിനേക്കാൾ കൂടുതൽ ആൻ ഫ്രാങ്കിന്റെ ഡയറിക്കുറിപ്പുകളുടെ വിവിധ ഭാഷയിലുള്ള വിവിധ പതിപ്പുകളാണ് എന്നാണ് മിനി അപഹസിക്കുന്നത്. ആൻ ഫ്രാങ്കിന്റെ ഡയറിക്കുറിപ്പുകൾ നിത്യേന വായിച്ചു കണ്ണീർപൊഴിക്കുന്ന ഈമയെക്കുറിച്ച് മിനി പറയുന്നതുകൊണ്ടാണ് കഥയുടെ തുടക്കംതന്നെ മിനിയുടെ എൽ.കെ.ജിക്കാരിയായ മകൾ കുഞ്ഞമ്മിണി ചോദിക്കുന്നത് ‘ഈമ ആൻ ഫ്രാങ്കിന്റെ ഡയറിക്കുറിപ്പുകൾ' വായിച്ചു പൊട്ടിക്കരയുന്ന നേരമായോ’ എന്നാണ്. അനുഷ്ഠാനപരമായ കർത്തവ്യം പോലെയാകുന്നു ഈമയ്ക്ക് ആൻ ഫ്രാങ്ക് വായന. വേദനയുടെ സ്ഥൂലീകരണവും സംഭവിക്കുന്നു. പുസ്തകം ആരാധ്യവസ്തുവാകുകയും അതിന്റെ അനുഷ്ഠാനപരമായ അർത്ഥങ്ങളിലേക്കു സങ്കോചിക്കുകയും ചെയ്യുന്നു.
അടക്കിയൊതുക്കി രാഷ്ട്രീയം പ്രതിപാദിക്കേണ്ടതല്ല എന്ന നിശ്ചയം ഷബിതയ്ക്കുണ്ട്. ഗാസയിൽ നിർബാധം തുടർന്നുകൊണ്ടിരിക്കുന്ന ഇസ്രായേലിന്റെ അധിനിവേശത്തിന്റെയും വംശഹത്യയുടെയും സന്ദർഭത്തിലാണ് കഥ നടക്കുന്നത്. അശാന്തിനിറഞ്ഞ അന്തരീക്ഷമാണ് കഥയിലുള്ളത്. അഹ്സക്ക (സൈറൺ) മുഴുങ്ങുന്നതോടെ ബങ്കറിൽ കയറി സുരക്ഷിതമാകാൻ നിർദ്ദേശമുണ്ട്. അതനുസരിച്ച് ഈമയെ മിക്ലാത്തിലാക്കി (ബങ്കർ) സുരക്ഷിതയാക്കണം. ഈമയും മിനിയും തമ്മിൽ സംസ്കാരത്തിന്റെയും ഭാഷയുടെയും അകൽച്ചയുണ്ട്. ഈ അകൽച്ച അവർ തമ്മിലുള്ള തൊഴിൽബന്ധത്തിന്റെയുമാണ്. കഥയിൽ നെതന്യാഹുവും മോദിയും കടന്നുവരുന്നുണ്ട്. ഈമയും മിനിയും രണ്ടു നേതാക്കൾക്കും ഭാവപ്പകർച്ചനൽകുന്നു. ഈമാ സയണിസത്തിന്റെ കൃത്യമായ ന്യായീകരണം നിരത്തുമ്പോൾ മിനിക്ക് സമാനമായ രീതിയിൽ മോദിയാകാൻ കഴിയുന്നില്ല. ഭാഷയുടെ പരിമിതിയായാണ് മിനി അത് മനസ്സിലാക്കാൻ ശ്രമിക്കുന്നതെങ്കിലും അത് യഥാർത്ഥത്തിൽ മിനിയുടെ രാഷ്ട്രീയബോധ്യം സൃഷ്ടിക്കുന്ന ഭാഷയിലെ തടസ്സങ്ങളാണ്. ഈമാ അന്താരാഷ്ടകാര്യങ്ങളിൽ ഊന്നുമ്പോൾ മോദിയാകുന്ന മിനി ശ്രീരാമക്ഷേത്രത്തിന്റെ ഉദ്ഘാടനച്ചടങ്ങിന്റെ പ്രാധാന്യത്തെക്കുറിച്ചാണ് പറയാൻ ശ്രമിക്കുന്നത്. ഇങ്ങനെ മോദിയായി ഭാവപ്പകർച്ച നൽകുമ്പോഴും മിനി ഈമയുടെ മുമ്പിൽ കുറ്റക്കാരിയാണ്. കാരണം നാട്ടിൽ, കുപ്പായക്കോടിൽ നടന്നൊരു ഫലസ്തീൻ അനുകൂലപ്രകടനത്തിൽ ഗാസയിൽ കൊല്ലപ്പെട്ട കുഞ്ഞുങ്ങളുടെ പ്രതീകമായത് കുഞ്ഞമ്മിണിയാണ്. ഇങ്ങനെ ജീവിതവ്യവസ്ഥകളിലെ വൈരുധ്യവും അസമത്വവും ജീവിതപ്രാരബ്ധങ്ങളും ദുരിതങ്ങളും സാമ്പത്തിക അഭയാർത്ഥി ജീവിതത്തിന്റെ അസന്തുലിതത്വവും ഇസ്രായേലിന്റെ അധിനിവേശയുദ്ധപരിസരത്തിലേക്ക് ഈ കഥ ചുഴിഞ്ഞിറങ്ങുന്നു. മരണവൃത്തത്തിൽ ഒരു അപായച്ചങ്ങലയെ ഗ്രസിക്കണമെന്ന അതിജീവനമോഹം മിനിയിൽ ഉദ്വേഗംകൊള്ളുന്നുണ്ട്.
കേരളത്തിൽനിന്നും ഇസ്രായേലിലേക്ക് യഹൂദരുടെ കുടിയേറ്റത്തിനുശേഷം സമീപകാലങ്ങളിൽ ഇസ്രായേലിലേക്ക് കേരളത്തിൽനിന്നും സാമ്പത്തിക അഭയാർത്ഥികൾ തൊഴിൽ കണ്ടെത്തുന്നത് മിക്കവാറും ഗൃഹവേലക്കാരായാണ്. വൃദ്ധരെ പരിചരിക്കാനുള്ളവർക്കു ധാരാളമായി അവസരമുണ്ട്. എല്ലാ സാമ്പത്തിക കുടിയേറ്റക്കാരെയുംപോലെ നാട്ടിലെ നല്ലൊരു നാളേക്കായാണ് അവർ തൊഴിൽതേടി പോകുന്നത്. ആൻ ഫ്രാങ്കിന്റെ ഡയറിക്കുറിപ്പിലെ പ്രധാന കഥാപാത്രമായ മിനിയുടെ കാഴ്ചയിലൂടെയാണ് കഥ ആഖ്യാനംചെയ്യപ്പെടുന്നത്. അടിച്ചമർത്തലിന്റെയും അരികുവത്കരണത്തിന്റെയും യാഥാർഥ്യത്തെ വളരെ ചലനാത്മകമായി അവതരിപ്പിക്കുന്നതോടൊപ്പം വംശീയതയുടെ അടയാളപ്പെടുത്തലിനെ ചെറുക്കുകയും അതേസമയം അതിജീവന ത്വരയോടെ പൊറുക്കുകയും ചെയ്യുന്ന കീഴാളപ്പെണ്ണിന്റെ പരിഹാസോദ്യോതകമായ സയണിസ്റ്റ് വംശീയതയുടെ സൗമ്യനിരാസമാണ് ഷബിതയുടെ കഥയുടെ പ്രതിരോധാത്മകമായ രാഷ്ട്രീയോന്മുഖത്വം.
സമകാലീന രാഷ്ട്രീയകഥകൾ നിർവ്യാജേന പക്ഷം വ്യക്തമാക്കി പഴയ റിയലിസത്തിന്റെ താഴേക്കിടയിലുള്ള മനുഷ്യരുടെ സമുദ്ധരണലക്ഷ്യമൊന്നും പിന്തുടരാതെയും രാഷ്ട്രീയ ആധുനികതയുടെ വ്യക്തിനിഷ്ഠ സംത്രാസ സങ്കീർത്തനകളെയൊന്നും മാനിക്കാതെയും പീഡിതർ ചരിത്രസന്ദർഭത്തിൽ അനുഭവിക്കേണ്ടിവരുന്ന ട്രോമയും അതിനു നിദാനമായ അനുദിന അടിച്ചമർത്തലും അധികാരവ്യവസ്ഥകളുമായുള്ള ബന്ധത്തിന്റെ അസഹനീയതയും വ്യക്തമായും കൈകാര്യം ചെയ്യുന്നു. ഷബിതയുടെ കഥകൾ പൂർണമായും ശ്രദ്ധകേന്ദ്രീകരിക്കുന്നത് അരികുവത്കരണത്തിന്റെയും അടിച്ചമർത്തലിന്റെയും ജീവിത പ്രത്യാഘാതങ്ങളെക്കുറിച്ചാണ്. വസ്തുതകളെ മുൻനിർത്തി രാഷ്ട്രീയവിവരണങ്ങൾ പ്രതിപാദിക്കുന്നവിധം ആഖ്യാനത്തിനൊരു തലമൊരുക്കിയും ഫാസിസ്റ്റ് തിന്മയ്ക്കും വംശീയാധികാരത്തിന്റെ നിഷ്ഠുരക്രമത്തിനുമെതിരേയുള്ള മനുഷ്യരോഷത്തിന്റെ പ്രതികരണങ്ങളാകുന്നു ഷബിതയുടെ രാഷ്ട്രീയമുറ്റിനിൽക്കുന്ന കഥകളുടെ ഇതിവൃത്തം. മൃതിരാഷ്ട്രീയത്തിന്റെ ഇരകൾക്കായുള്ള വേദനപങ്കിടൽ (grieve) മനുഷ്യരുടെ ജീവിതോന്മുഖതയെ ഗഹനമാക്കുന്നു. പക്ഷേ, സമകാലീന വംശീയ സമഗ്രാധികാരത്തിന്റെ നെക്രോപോളിറ്റി (necropolity) ഏതൊക്കെ ജീവിതങ്ങൾക്കായി വേദനപ്പെടേണ്ടതെന്നും ഏതൊക്കെ ജീവിതങ്ങൾക്കാണ് സംരക്ഷണഭിത്തിയില്ലാത്തതെന്നും പ്രകടമാക്കുന്നു. ജൂഡിത്ത് ബട്ലറാണ് ‘വിലാപാർഹ മായ ജീവിതങ്ങൾ’ എന്ന ആശയം അവരുടെ കൃതിയായ ‘ഫ്രെയിംസ് ഓഫ് വാർ: വെൻ ഈസ് ലൈഫ് ഗ്രീവബിൾ’ എന്ന കൃതിയിൽ അവതരിപ്പിച്ചത്. അക്രമത്തിന് ഇരയായവരെ വിലപിക്കുന്നതോ, ഓർമ്മിക്കുന്നതോ, പൂർണ്ണമായും മറക്കുന്നതോ, ആയ അസമമായ രീതികളെ പരിശോധിക്കുന്നതിനുള്ള ഒരു നിർണായക ചട്ടക്കൂട് ഈ സിദ്ധാന്തം നൽകുന്നു. എല്ലാ ജീവിതങ്ങളും ദുഃഖത്തിന് അർഹമായ നഷ്ടങ്ങളായി പരസ്യമായി അംഗീകരിക്കപ്പെടുന്നില്ലെന്ന് ബട്ലർ വാദിക്കുന്നു. പകരം, സാമൂഹിക, രാഷ്ട്രീയ, മാധ്യമവിവരണങ്ങൾ ആരുടെ കഷ്ടപ്പാടുകളാണ് അംഗീകരിക്കപ്പെടേണ്ടതെന്നും ആരെയാണ് തള്ളിക്കളയേണ്ടതെന്നും ആരുടെ കഥ പറയണമെന്നും ആരെയാണ് അവഗണിക്കേണ്ടതെന്നും പൊതുബോധ്യം സൃഷ്ടിക്കുന്നു. ഗാസയിലെ വംശഹത്യയും കൊടുംപട്ടിണിയും മാധ്യമങ്ങളുടെ ചർച്ചാവിഷയമേയല്ല. ഗാസയിലെ പീഡിതരോടൊപ്പം ഐകദാർഢ്യപ്പെടുന്നത് രാജ്യസ്നേഹത്തിലെ ഇടർച്ചയായാണ് കോടതിപോലും കാണുന്നത്. നിസ്സംഗമായ ലോകത്തി നെതിരേ അക്ഷീണയായി നീതിക്കായുള്ള കൂട്ടംചേരാൻ ആരുമില്ലാതെ ഒറ്റയ്ക്കുപൊരുതേണ്ട മിനിയെപ്പോലുള്ളവരുടെ അതിജീവനവാഞ്ഛ ഷബിതയുടെ മറ്റു കഥകളിലെ കഥാപാത്രങ്ങളിലും ദൃശ്യമാണ്.
ഇസ്രായേൽ ഭരണകൂടം ഗാസയിൽ നടത്തുന്ന ഹോളോകോസ്റ്റിന്റെ ഭീതിദമായ ചിത്രങ്ങൾ സാമൂഹമാധ്യമങ്ങളിലൂടെ ലോകവ്യാപകമായി പ്രചരിക്കുന്നുണ്ട്. ഡ്രോൺ ആക്രമണത്തിൽ മൃതരായ കുഞ്ഞുങ്ങളുടെ ചിത്രങ്ങൾ. ഈ ചിത്രങ്ങളെ ഒരേപോലെയാകില്ല വീക്ഷിക്കുക എന്നതു പ്രത്യേകം പറയേണ്ടതില്ലല്ലോ. സഹാനുഭൂതി (empathy) സാർവത്രികമായി ഒരേതലത്തിലുള്ള അനുഭവമാകണമെന്നുമില്ല. സൂസൻ സൊൻടാഗ് അപരരുടെ വേദനയെക്കുറിച്ച് (Regarding the pain of others) എന്ന ദീർഘപ്രബന്ധത്തിൽ അന്യരുടെ വേദനയെ എങ്ങനെയാണ് ഉൾക്കൊള്ളുന്നതെന്ന സവിശേഷ വിഷയത്തിലേക്ക് ശ്രദ്ധ തേടുന്നു. നമ്മൾ ചിത്രങ്ങൾ എങ്ങനെ വായിക്കുന്നു എന്നതിനെയാണ് സൊൻടാഗ് ആദ്യം പ്രശ്നവത്കരിക്കുന്നത്. സമൂഹമാധ്യമങ്ങളിലൂടെ കൊല്ലപ്പെട്ടവരുടെയും വികലാംഗരാക്കപ്പെട്ടവരുടെയും മുറിവേറ്റപ്പെട്ടവരുടെയും ചിത്രങ്ങളും ആക്രമണത്തിൽ ഛിന്നഭിന്നമാക്കപ്പെട്ട മനുഷ്യശരീരത്തിന്റെ ചിത്രങ്ങളും നിമിഷംതോറും വർഷിച്ചുകൊണ്ടിരിക്കുന്നു. സമൂഹമാധ്യമങ്ങളിൽ ഇതു വ്യാപിക്കുന്നതോടെ ഈ സംഭവങ്ങൾ സാധാരണവത്കരിക്കാൻമാത്രമേ സഹായിക്കൂ എന്നാണ് സൂസൻ സൊൻടാഗ് സന്ദേഹപ്പെടുന്നത്. ആൻ ഫ്രാങ്കിന്റെ ഡയറിക്കുറിപ്പുകൾ നിത്യപാരായണംചെയ്ത് ആനിന്റെ വേദനയെ തീവ്രമായി ഉൾക്കൊള്ളുന്ന കഥയിലെ ഈമയ്ക്ക് പക്ഷേ, ഗാസയിൽ ഇസ്രായേൽ നടത്തുന്ന കൊടുംക്രൂരതകളുടെ ചിത്രങ്ങൾ ഒരു ഭാവവ്യത്യാസവും സൃഷ്ടിക്കുന്നില്ല. തിന്മ വിരസമായ വികാരംമാത്രമായിരിക്കും. ആൻ ഫ്രാങ്കിന്റെ ഡയറിക്കുറിപ്പുകൾ വായിച്ചു വികാരവിക്ഷുബ്ധയാകുന്ന അവർ പക്ഷേ, ഇസ്രായേലിന്റെ അന്താരാഷ്ട്രനിലപാടുകളുടെ കാര്യത്തിൽ വികാരം അശ്ശേഷവുമില്ലാതെ യുക്തിപൂർവകമായാണു സംസാരിക്കുന്നത്. യഥാർത്ഥത്തിൽ, ഏതൊരു അനുഭവമാണോ നമ്മളെ ഹതാശരാക്കുന്നത് അത് ഒരുപക്ഷേ, അപരർക്കെതിരെ സ്വയം ശാക്തീകരണത്തിനുള്ള ഉപാധിയായി മാറുകയാണ്. ആൻ ഫ്രാങ്കിന്റെ ഡയറിക്കുറിപ്പുകളുടെ വായന സർവാശ്ലേഷമായ സഹാനുഭൂതി ജനിപ്പിക്കാൻ പര്യാപ്തമാകുന്നില്ല. ഈ പുസ്തകം വായിക്കാത്ത മിനി ഗാസയിലെ ഇരകളോട് സ്വന്തം നാട് പ്രകടിപ്പിക്കുന്ന ഐകദാർഢ്യത്തോടൊപ്പമാണു ചേരുന്നത്.
മിനിയുടെ അനുഭവലോകത്തിൽനിന്നും തുലോം ഭിന്നമാണ് ഈമയുടെ ലോകം. ‘ആൻ ഫ്രാങ്കിന്റെ ഡയറി' ഭിന്നമായ അനുഭവലോകങ്ങളിൽ ഭിന്നമായി വായിക്കപ്പെടുന്നു എന്ന ലളിതഗ്രാഹ്യമായ ഒരു കാഴ്ചപ്പാട് അവതരിപ്പിക്കുകയല്ല. നമ്മുടെ അനുഭവലോകത്തെത്തന്നെ സങ്കീർണമാക്കുന്ന വർഗ്ഗപരവും സ്വത്വപരവുമായ വൈരുധ്യങ്ങൾ കേവലവായനയെ അതിവർത്തിക്കുന്നതാണ്. നമ്മുടെ ഐകദാർഢ്യങ്ങൾക്കും പരിമിതികളുണ്ട്. ഗാസയിലെ കൊല്ലപ്പെടുന്ന കുഞ്ഞുങ്ങളുടെ പ്രതീകമാകുന്നതും ഗാസയിൽ കൊല്ലപ്പെടുന്ന കുഞ്ഞുങ്ങളെ കുഞ്ഞമ്മിണിയിൽ കാണുന്നതും രണ്ടു കാഴ്ചയാണ്. രാഷ്ട്രീയപ്രേരിതമായ ഐകദാർഢ്യം പ്രതീകവത്കരണവും ഗാസയിൽ കൊല്ലപ്പെടുന്നവരിൽ നമ്മൾ നമ്മളെത്തന്നെ അനുഭവിക്കുന്നത് നമ്മളിലേക്ക് ഓരോ വേളയിലും പരകായപ്രവേശം നടത്തുന്ന അപരനിർമിതിയുടെ സാമൂഹികപ്രക്രിയയെക്കുറിച്ചു നമ്മെ ബോധ വാന്മാരും ബോധവതികളുമാക്കുന്നു. ഗാസ നമ്മളിൽനിന്നും അത്ര അകലെയൊന്നുമല്ല.
സമകാലികമായ ആഗോള ദേശീയ രാഷ്ട്രീയം പ്രമേയമായി വരുന്ന ‘ആൻ ഫ്രാങ്കിന്റെ ഡയറി' എന്ന കഥയൊഴിച്ചാൽ ഷബിതയുടെ ഈ സമാഹാരത്തിലെ മറ്റു കഥകളെല്ലാംതന്നെ കേരളത്തിലെ മധ്യവർഗ കുടുംബപശ്ചാത്തലത്തിലോ അല്ലെങ്കിൽ സാമൂഹികമായ അസമത്വത്തെ അടയാളപ്പെടുത്തുന്ന വിധത്തിൽ അടിസ്ഥാനവർഗ്ഗത്തിന്റെ ജീവിതചുറ്റുപാടുകളുമായി ബന്ധപ്പെട്ടു പ്രതിപാദ്യമാകുന്ന വർത്തമാനവൃത്താന്തങ്ങളിൽ ചർച്ചചെയ്യപ്പെട്ടതുമായ സംഭവങ്ങളും വിവരങ്ങളുമാണ്. ‘കെട്ടും കെട്ടി ആരേ കാണാൻ’ എന്ന കഥ തീർച്ചയായും കേരളത്തിൽ ഉയർന്നുവന്ന ശബരിമലയിലെ യുവതീപ്രവേശവുമായി ബന്ധപ്പെട്ടുള്ള സംവാദങ്ങളുടെ അനുരണനമുള്ളതാണ്. യഥാർത്ഥത്തിൽ, നവോത്ഥാനം ഒരു പുനരാവൃത്തി കേരളത്തിലെ ഇടതുപക്ഷം ചർച്ചയ്ക്കെടുക്കുകയും എന്നാൽ അതിന്റെ മധ്യത്തിൽ നടന്ന തിരഞ്ഞെടുപ്പു വിധി ഇടതുരാഷ്ട്രീയത്തിന്റെ അടിവേര് ഇളക്കുന്നതാണെന്ന ധാരണയിൽ സജീവമായിക്കൊണ്ടിരിക്കുന്ന നവോത്ഥാനമൂല്യങ്ങളെക്കുറിച്ചുള്ള ചർച്ച പാതിവഴിയേ ഉപേക്ഷിക്കുന്ന സ്ഥിതിയാണുണ്ടായത്. എന്നാൽ അങ്ങനെ ഉപേക്ഷിക്കപ്പെടേണ്ട സാമൂഹ്യ പ്രശ്നമല്ല എന്നുറച്ച വിശ്വാസത്തോടെയാണ് ഷബിത 2025-ൽ ‘കെട്ടും കെട്ടി ആരെക്കാണാൻ’ എന്ന കഥയെഴുതി പ്രസിദ്ധീകരിക്കുന്നത് (2018-ലാണ് ശബരിമലയിൽ യുവതീപ്രവേശനം ഭരണഘടനാപരമായ അവകാശമാണ് എന്നംഗീകരിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധി വന്നത്). സമീപകാലങ്ങളിൽ വ്യപകമായിക്കൊണ്ടിരിക്കുന്ന ശബരിമലയുടെ സവർണ്ണ രാഷ്ട്രീയവത്കരണത്തെ തുറന്നുകാണിക്കുന്നതും നെറിയുള്ള നാടൻവിശ്വാസങ്ങൾ എപ്രകാരമാണ് ഈ നവസവർണ്ണവത്കരണം അട്ടിമറിക്കുന്നതെന്നും നർമോക്തി കലർന്ന ഭാഷയിൽ ഷബിത പ്രതിപാദിക്കുന്നു.
പാരമ്പര്യനിഷ്ഠ പാലിക്കുന്ന ഗുരുസ്വാമിയും ശബരിമല തീർത്ഥാടനത്തെ കാലികമായി പരിഷ്കരിച്ചവരും തമ്മിലുള്ള സംഘർഷത്തെ തുടക്കംമുതൽക്കേ പ്രതിപാദിച്ചാണ് കെട്ടും കെട്ടി കഥ മുന്നേറുന്നത്. ഗുരുസ്വാമി തീർത്ഥാടകസംഘവുമായി ശരണം വിളിയും ഭക്തിയുമായി എത്രയോ തവണ മല ചവിട്ടിയ അയ്യപ്പവിശ്വാസിയാണ്. ഗുരുസ്വാമി തന്റെ മുൻയാത്രകളിലൂടെ പരിചയിച്ച പാരമ്പര്യനിഷ്ഠമായ രീതിയിലാണ് ശരണംവിളിയുമായി അയ്യനെ കാണാൻ ശബരിമലയിലേക്കുപോയിട്ടുള്ളത്. എന്നാൽ ഗുരുസ്വാമി ഒരാചാരസാന്നിധ്യമായിമാത്രമാണ് കൂടെയുള്ള സ്വാമിമാരും മാളികപ്പുറങ്ങളും കന്നിഅയ്യപ്പന്മാരും കാണുന്നത്. പാരമ്പര്യരീതിയനുസരിച്ചു ശബരിമല തീർത്ഥാടനത്തിനുപോകുമ്പോൾ വഴിയെയുള്ള പ്രധാന ക്ഷേത്രങ്ങൾ സന്ദർശിച്ചാണു പോകാറുള്ളത്. ഭക്ഷണക്രമവും പാലിക്കേണ്ടതു നിർബന്ധമാണ്. എന്നാൽ കൂടെയുള്ള സ്വാമിമാർ ഇവിടെ ഈ പാരമ്പര്യ ആചാരത്തെ യഥാർത്ഥത്തിൽ ലംഘിക്കുന്നവരാണ്. പാരമ്പര്യവിശ്വാസങ്ങൾ അനുസരിക്കാൻ അവർ തയ്യാറായല്ല. ക്ഷേത്രങ്ങൾക്കു പകരം ഓരോ കേന്ദ്രങ്ങളാണ് അവർ സന്ദർശിക്കുന്നത്. വിശ്വാസപരമായ തീർത്ഥാടനമല്ല അവരെ സംബന്ധിച്ചിടത്തോളം ശബരിമലയാത്ര. അവർ വിനോദസഞ്ചാരികളെപ്പോലെയായിരിക്കുകയും അവരിൽ വെറുപ്പിന്റെ രാഷ്ട്രീയം കനത്തുനിൽക്കുകയും ചെയ്യുന്നു. അവർ വെറുപ്പ് പ്രകടിപ്പിക്കുന്നത് പാരമ്പര്യപരമായ വിശ്വാസദൃഢത നിലനിർത്താൻ ശ്രമിക്കുന്ന ഗുരുസ്വാമിയോടാണ്. ഈ കഥയിലെ മുഖ്യ ‘ട്രോപ്’ എന്നു പറയുന്നത് കുരുമുളകാണ്. കേരളീയ നാഗരികതയുടെ ചരിത്രവും കുരുമുളകും തമ്മിൽ അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. അത്തരത്തിലുള്ള സൂക്ഷ്മമായ ചരിത്രബോധ്യമാണ് കഥയ്ക്കു രാഷ്ട്രീയമാനം നൽകുന്നത്. ശബരിമലയിൽ വാവര് സ്വാമിക്കു വഴിപാടായി സമർപ്പിക്കുന്നത് കുരുമുളകാണ്. ചരിത്രപരമായ ഓർമ്മയാണ്. അബ്രാഹ്മണികക്ഷേത്രമായ ശബരിമലയുടെ വിശ്വാസപരമായ വ്യതിരിക്തതയും കേരളചരിത്രത്തിൽ വ്യത്യസ്ത സമുദായങ്ങൾ തമ്മിലുള്ള സാംസ്കാരിക സംശ്ലേഷണത്തിന്റെയും പ്രതീകമാവുകയും ചെയ്യുന്നു കുരുമുളക്. പാരമ്പര്യനിഷ്ഠയനുസരിച്ചു കുരുമുളക് സമർപ്പിക്കാനായി കൊണ്ടുപോകേണ്ടതിന്റെ ആവശ്യം ഗുരുസ്വാമി ആദ്യമേ പറയുന്നുണ്ട്. എന്നാൽ സവർണ്ണവത്കരിക്കപ്പെട്ട അതിഹൈന്ദവതയുടെ രാഷ്ട്രീയം തിരുത്തിമാറ്റിയ ചരിത്രത്തിൽ വാവര് സ്വാമി പുറന്തള്ളപ്പെട്ടിരിക്കുന്നു. കുരുമുളകിനെക്കുറിച്ചുപറയുന്ന തീർത്ഥാടകൻ കായികമായി കൈകാര്യം ചെയ്യപ്പെടേണ്ട വിശ്വാസിയുമായി മാറിയിരിക്കുന്നു. ഷബിത ഇക്കഥയിൽ പാരമ്പര്യവിശ്വാസത്തെ നിഷേധിക്കുകയല്ല പകരം പാരമ്പര്യവിശ്വാസത്തിൽ അലിഞ്ഞുകിടക്കുന്ന വിശ്വാസസൗഹൃദങ്ങളുടെ സ്മൃതിധാരകളെ എങ്ങനെയാണ് നവസവർണ്യം ബോധപൂർവം ബലപ്രയോഗത്തിലൂടെ അട്ടിമറിക്കുന്നതെന്നു കാണിച്ചുതരികയാണ്.
ഈ സമാഹാരത്തിലെ ‘പുഴുപ്പ്’ എന്ന കഥ അധികാരത്തിന്റെ ശരീരങ്ങൾക്കുമേൽ മൃതശരീരമേല്പിക്കുന്ന ഒരിക്കലും ഉണങ്ങാത്ത മുറിവുകളാണ്. അധികാരത്തിന്റെ ഭഗ്നതയെ ഓർമ്മിപ്പിച്ചുകൊണ്ട് വർഷാന്തം പൊട്ടുന്ന വ്രണം ആശ്രിതരെപ്പോലും അകറ്റിമാറ്റുന്നു. മൃതശരീരങ്ങളും ശവഗന്ധവും നിറഞ്ഞുനിൽക്കുന്നു ഇക്കഥയിൽ. അപമൃത്യു ഛേദിച്ച ശരീരങ്ങളെ ഭക്ഷിക്കുന്ന ചാവീച്ചകൾ ജീവനുള്ള മനുഷ്യശരീരത്തിലേക്കു പരാഗണം ചെയ്തു പോകുന്ന മൃത്യുവിന്റെ വടുക്കളാണ് കഥയിൽ വിവരിക്കുന്ന ഓരോ മരണങ്ങളുടെയും ഓർമ്മകൾക്ക് ആക്കംകൂട്ടുന്നത്. അപകടമരണങ്ങൾ സംഭവിച്ച മൃതശരീരങ്ങളെ പോലീസിനു മഹസ്സർ തയ്യാറാക്കാനും തുടർനടപടികൾക്കും വേണ്ടി എല്ലാം ഒരുക്കിക്കൊടുക്കുന്നതായിരുന്നു ബാബുവിന്റെ പണി. ശവത്തെ എടുക്കണം, വൃത്തിയാക്കണം, വേർപെട്ട ശരീരങ്ങളാണെങ്കിൽ അവയെല്ലാം യോജിപ്പിച്ച് ഒരു രൂപമാക്കണം. മൃതശരീരങ്ങളെ കൈകാര്യം ചെയ്യുമ്പോൾ ഏറ്റവും ഭയപ്പെടുത്തുന്ന കാര്യം ശവശരീരങ്ങളെ തിന്നുന്ന ചാവീച്ചയാണ്. ജീവനുള്ള ശരീരത്തിൽ കടിച്ചാൽ ആയുസ്സുതീരുന്നതു വരെ അത് ശരീരത്തിൽ വടുക്കൾ അവശേഷിപ്പിക്കും പിന്നെ അത് പുഴുപ്പായി മാറും. ബാബുവും മുൻപോലീസ് ഉദ്യോഗസ്ഥൻ ഷൺമുഖനുമായുള്ള വ്യക്തിഗതസംഭാഷണങ്ങളിലൂടെ രണ്ടുപേരുടെയും അനുഭവകഥ അനാവരണംചെയ്യപ്പെടുന്നു. അവർ തമ്മിലുള്ള ഭിന്നതകൾ പലതലങ്ങളിലാണ്. സാമ്പത്തികവും സാമൂഹികവുമായ രണ്ടു ശ്രേണികളിൽനിന്നുവരുന്നു എങ്കിലും ബാബുവിൽ പൂർണ ആശ്രിതനാണ് മുൻപോലീസുകാരനായ ഷൺമുഖൻ. അയാളെ വീട്ടുകാർ ഒറ്റയ്ക്കാക്കി പോയിരിക്കുകയാണ്.
മരണംകെട്ടിയ വടുക്കളുമായി ജീവിക്കുക എന്നത് സ്വശരീരം അനുഭവിച്ച നൃശംസതകളെക്കുറിച്ച് ഓർമ്മിപ്പിക്കുകയും അതിന്റെ വേദനാലസ്യവുമായി ശാശ്വതമായി ജീവിക്കുക എന്നാണ്. ഇതിനർത്ഥം, ഒരു വലിയ പരിധിവരെ, ഈ കഥയിലെ പോലീസുകാരായ കഥാപാത്രങ്ങളുടെ ജീവശരീരത്തെ അവർ ജീവിതത്തിൽ ഇടപഴകിയ മൃതശരീരങ്ങൾ ഭയാനകമായി പിന്തുടരുകയാണെന്നാണ്. പുഴുത്തു കുമിളകൾ വന്ന ചർമ്മപ്രതലതലം ഭൂതകാലത്തിന്റെ ശാരീരിക കടന്നുകയറ്റത്തെ സാക്ഷ്യപ്പെടുത്തുന്നു. അപമൃത്യുപ്പെട്ടവരുടെ ഓർമ്മയായി ചർമം വേദനയുടെ സ്മൃതിപ്പടർപ്പുകളായി മാറിയിരിക്കുന്നു. ഏതൊരു മൃതശരീരവും ജീവിച്ചിരിക്കുന്നവരുടെ ആദരവും മര്യാദപൂർവമുള്ള പെരുമാറ്റവും അർഹിക്കുന്നു. പലപ്പോഴും അപമൃത്യുവിനുവിധേയമായ ശരീരങ്ങൾ നിയമവസ്തുമാത്രമായാണ് പരിഗണിക്കപ്പെടുന്നത്. അഴുകിപ്പോവുകയും വികൃതമാവുകയും ചെയ്ത മൃതശരീരങ്ങൾ ഏല്പിച്ചു പോകുന്ന മുറിവുകൾ വേദനയായി, നീറ്റലായി, പുഴുപ്പായി വൈദ്യപരിഹാരമില്ലാത്ത നിശ്ശബ്ദരോദനമായി അവശേഷിക്കുന്നു.
യഥാതഥ പ്രതിപാദനത്തോടു സാമീപ്യമുള്ള ഷബിതയുടെ കഥാവിഷ്കാരം നവോത്ഥാനകഥകളുടെ ഭാവഘടനയോട് ഏറെ ആഭിമുഖ്യവും പുലർത്തുന്നു. കേരളത്തിലെ പുതുമധ്യവർഗം വ്യാപകമായി കുടിയേറി പോപ്പുലേറ്റ്ചെയ്തിട്ടുള്ള മലയാള ചെറുകഥകളിൽ ദാരിദ്ര്യവും തൻനിമിത്തമുള്ള അവശതകളും സ്ത്രീകൾ പ്രത്യേകമായി അഭിമുഖീകരിക്കുന്ന ദൈന്യവും ഇതിവൃത്തത്തിന്റെ സവിശേഷഭാഗമാകുന്നുവെന്നുമാത്രമല്ല ക്ഷതജീവിതസാഹചര്യങ്ങൾ (Vulnerable life) തന്നെ അവരുടെ അതിജീവനത്തിനുനേരേ ഒട്ടേറെ പ്രതിബന്ധങ്ങൾ ഉയർത്തുന്നു. രാഷ്ട്രീയ സമ്പദ്ശാസ്ത്രചിന്തകർ ‘ദാരിദ്ര്യത്തിന്റെ സ്ത്രീതലം’ എന്നു വിശേഷിപ്പിക്കുന്ന ജീവിതാവസ്ഥ (feminization of poverty) ഷബിതയുടെ കഥാസന്ദർഭമാകുന്നു. എന്നാൽ ഷബിതയുടെ ഫെമിനിസ്റ്റ് കാഴ്ചയിൽ അതിജീവനത്തിനായുള്ള പോരാട്ടങ്ങളിൽ അവർ തളർന്നങ്ങുപോകുന്നവരല്ല, പകരം അതിജീവനത്തിനായുള്ള തികച്ചും മൗലികമായ ഉപായങ്ങൾ അവർ ജീവിതാനുഭവങ്ങളിൽനിന്നും തന്നെ കണ്ടെത്തുന്നവരാണ്. ‘രണ്ടെല്ലും ഒരു പിടി ചാരവും’ എന്ന കഥ മുൻചൊന്ന നീരിക്ഷണത്തിനുള്ള ദൃഷ്ടാന്തമാണ്. ദാരിദ്ര്യവും ദൈന്യതയുംമാത്രമല്ല സ്ത്രീ എന്ന നിലയിൽ അതിജീവനത്തിനായി നടത്തുന്ന പോരാട്ടവും ഇതിൽ പ്രതിപാദ്യമാകുന്നു. ആഹ്ലാദത്തിന്റെ ഒരു വേളപോലും ജീവിതം തനിക്കു തരാതെപോയതിൽ പരിഭവത്തിന്റെ ഒരു വാക്കുപോലും പ്രകടിപ്പിക്കാതെ അതിനെ വിരുദ്ധോക്തിയോടെ നോക്കിക്കാണുന്നവളാണ് ഇതിലെ ‘ഇച്ചേയി’ ആഖ്യാതാവ്. അവരുടെ വ്യാവഹാരികഭാഷയിൽ തന്നോടും തനിക്കു ലഭിച്ച ജീവിതത്തോടും തന്റെ കൂടപ്പിറപ്പുകളുടെ ജീവിതത്തോടും അനുതാപവും പരിഹാസവും ഒരേസമയം പ്രകടിതമാകുന്നു. നന്നേ കഷ്ടതയനുഭവിക്കുന്ന അവർ ഇങ്ങനെ ദ്വന്ദ്വസ്വഭാവമുള്ള വ്യാവഹാരികഭാഷയെ ഒരു ആത്മപ്രതിരോധമായിത്തന്നെ ഉപയോഗിക്കുന്നു.
ഇച്ചേയി നാലു മക്കളിൽ ഒരു പരിഗണനയും കിട്ടാതെപോയവളാണ്. മറ്റുള്ളവർക്കു കഷ്ടിച്ച് അവരുടെ ജീവിതമെങ്കിലും കരുപ്പിടിപ്പിക്കാൻ സാധിച്ചുവെന്നുമാത്രം. ദാരിദ്ര്യം ചെറുപ്പംതൊട്ടേ അവരുടെ മറ്റൊരു കൂടപ്പിറപ്പാണ്. ഒരിക്കലും സ്നേഹത്തിന്റെ പരിലാളന അച്ഛനിൽനിന്നോ അമ്മയിൽനിന്നോ ലഭിച്ചിട്ടില്ല. മദ്യപിച്ചു ലക്കുകെട്ട് വരുന്ന പിതാവ് കുടുംബത്തിന്റെ ഉത്തരവാദിത്വം ഒരിക്കലും ഏറ്റെടുത്തിരുന്നില്ല. ഒടുവിൽ മദ്യപിച്ചു ബോധരഹിതനായി തെരുവിൽനിന്നാണ് സർക്കാർ ആശുപത്രിയിൽ കൊണ്ടുവരേണ്ടിവന്നത്. ഇച്ചേയിമാത്രമാണ് അവസാനം കൂട്ടിരിക്കാൻ ഉണ്ടായിരുന്നത്. ഇപ്പോൾ പിതാവ് മരണപ്പെട്ടിരുന്നു. കൂടപ്പിറപ്പുകളോട് അച്ഛന്റെ മരണവാർത്ത ഫോൺ വിളിച്ചറിയിക്കുകയാണ് ഇച്ചേയി. ഓരോരുത്തരുമായുള്ള സംഭാഷണത്തിലൂടെ അവർ തമ്മിലുള്ള ബന്ധവും അവരുടെ ദുരിത ഭൂതകാലവും അവരുടെ വർത്തമാന ജീവിതാവസ്ഥയും ചുരുൾനിവരുന്നത്. ദൈന്യവും ദുരിതവുംമാത്രം നൽകിയ അച്ഛന്റെ ശരീരത്തിനൊരു വിലയുണ്ടെന്ന് ഇച്ചേയി അറിയുന്നതാണ് കഥയുടെ ക്ലൈമാക്സ്. നിർവികാരതയോടെ വിധിവിഹിതം കൈപ്പറ്റുന്ന ഇച്ചേയി, ഒരു പിടി ചാരത്തിലും അതിജീവനശേഷിയെ തേടുന്ന നിരാലംബരുടെ ഉൾക്കരുത്തിനെ മധ്യവർഗ സന്മാർഗംവെച്ച് അളക്കരുത് എന്നൊരു പാഠവും ഈ കഥയിൽ സൂചിതമാകുന്നുണ്ട്.
ഇച്ചേയി ഒറ്റപ്പെട്ട കഥാപാത്രമാണ്. എന്നാൽ ഒറ്റയ്ക്ക് അതിജീവിക്കാൻ പഠിച്ചവളാണ്. ഇങ്ങനെ ഒറ്റയ്ക്കു നിൽക്കാനും ഒറ്റയ്ക്കു പോരാടാനും വിധികല്പിതങ്ങളെ പരമാവധി ചെറുത്തുനിൽക്കാനും കഴിയുന്ന കഥാപാത്രങ്ങളെ ഷബിതയുടെ മിക്കവാറും കഥകളിലും കാണാം. അവരുടെ നോട്ടപ്പാടിലൂടെയാണ് സന്ദർഭങ്ങൾ തെളിഞ്ഞുവരുന്നത്. ‘ഒറ്റപ്പെട്ടുപോയൊരു സംഭവം’ എന്ന കഥതന്നെ ഒറ്റപ്പെട്ടുപോയൊരു സ്ത്രീയെക്കുറിച്ചാണ്. ദീപടീച്ചറെക്കുറിച്ചുള്ള കഥയിൽ ടീച്ചർ മറ്റുള്ളവരുടെ ദുരൂഹവിചാരങ്ങളിലെ ഒരു കഥാപാത്രമായാണ് ഒറ്റപ്പെട്ടുനില്ക്കുന്നത്. ടീച്ചർ തന്റെ ഭാഗം ഒരിക്കലും പറയുന്നില്ല. ഈ കഥയുടെ പ്രതിപാദന മികവെന്തെന്നാൽ ദീപടീച്ചറുടെ ഭാഗം യഥാർത്ഥത്തിൽ ടീച്ചറെ സംശയത്തിലാഴ്ത്താൻ ഉദ്ദേശിച്ചുകൊണ്ടുള്ളവരുടെ ഭാഷണങ്ങളിലൂടെയാണ് വ്യക്തമാകുന്നതെന്നാണ്. കഥയുടെ ആഖ്യാനശില്പമെന്നു പറയുന്നത് പോലീസ് ചോദ്യംചെയ്യലാണ്. പതിവുചേഷ്ടകളിലൂടെ പോലീസ് തന്റെ അധികാരം സ്ഥാപിക്കുന്നുണ്ട് എന്നാൽ ഓരോ ചോദ്യവും കുറ്റാരോപണങ്ങളാകാം എന്നു കണ്ടുകൊണ്ടുള്ള, അതിൽനിന്നും കുതറാനുള്ള ചടുലനീക്കങ്ങളാണ് ചോദ്യം ചെയ്യപ്പെടുന്ന സാക്ഷി നിർവഹിക്കുന്നത്. മത്സരബുദ്ധിയോടെയാണ് പോലീസും ചോദ്യങ്ങൾക്കു മറുപടി പറയാൻ നിർബന്ധിതനായിരിക്കുന്ന ദീപടീച്ചറുടെ സഹപ്രവർത്തകനായിരുന്ന അധ്യാപകനും തമ്മിൽ നടക്കുന്നത്. നർമോക്തിയാണ് ആഖ്യാനത്തെ ചടുലമാക്കുന്നതെങ്കിലും ആഴങ്ങളിൽ പതിഞ്ഞുകിടക്കുന്നത് ഒരു ദുരന്തവാർത്തയാണ്. സത്യത്തോടു പ്രതിജ്ഞാബദ്ധരായവരോട് എല്ലാ സിസ്റ്റങ്ങളും എത്ര ക്രൂരമായാണു പെരുമാറുന്നതെന്നും സിസ്റ്റത്തിനു സത്യത്തിലല്ല, സ്വന്തം നിലനില്പിൽമാത്രമാണ് താത്പര്യമെന്നും അതിനെതിരേ ഉയരുന്ന ചോദ്യങ്ങളെയും ചോദ്യകർത്താക്കളെയും നിഷ്കരുണം നേരിട്ടുകൊണ്ടുമാണ് നിലനില്ക്കുന്നതും എന്നുമുള്ള ഒരു നിത്യസത്യത്തെയാണ് തികച്ചും സമകാലികമായി ചർച്ചചെയ്യപ്പെടുന്നൊരു സാമൂഹ്യപ്രശ്നത്തെയാണ് മുൻനിർത്തി ഷബിത ആവിഷ്കരിക്കുന്നത്. ദീപടീച്ചറിൽ നമുക്ക് സിസ്റ്റത്തിന്റെ എല്ലാ ഇരകളെയും തിരിച്ചറിയാം.
മധ്യകുടുംബം എന്ന അടച്ചുറപ്പുള്ള സിസ്റ്റത്തിൽ സംഭവിക്കുന്ന പരിവർത്തനങ്ങളെ രണ്ടു നിലയിൽനിന്നും നോക്കിക്കാണുന്നു ‘യൂറോപ്പ്’, ‘അമ്മയും മകളും’ എന്നീ കഥകൾ. യൂറോപ്പിലെ പ്രതിദ്വന്ദ്വി യഥാർത്ഥത്തിൽ ഒരു മൂന്നാം ക്ലാസുകാരനാണ്. ആ കുഞ്ഞു വലിയ വായിൽ അവതരിപ്പിക്കുന്നത് കുടുംബങ്ങളുടെ ഘടനയെ കാതലായി പിടിച്ചുലച്ചുകൊണ്ടിരിക്കുന്ന മാറ്റങ്ങളെയാണ്. എന്നാൽ ഈ മാറ്റങ്ങൾക്കിടയിലും മാതൃത്വത്തിന്റേതായ വൈകാരികമായ അനുഭവതീവ്രതയിലൂടെ കുടുംബത്തിന്റെ അകത്തളങ്ങളിലെ ദാമ്പത്യസങ്കീർണതകളുടെ സമർദ്ദങ്ങളാൽ നിസ്സഹായയായിപ്പോകുന്ന ഒരു അമ്മയുടെ മനോവ്യഥകൾക്കാണ് അവരുടെ മൂന്നാം ക്ലാസുകാരൻ മകനോടുള്ള ചെറിയ ചെറിയ ചോദ്യങ്ങളിലൂടെയും അതിലേറെ നിശ്ശബ്ദതയിലൂടെയും കഥയിൽ ഭാഷ നൽകുന്നത്. ചുരുക്കെഴുത്തുകളോട് ഏറെ പ്രിയമുള്ളവരാണ് ഡിജിറ്റൽ തലമുറക്കാർ. അവർ അധികവും പരസ്പരം സംവേദനം നടത്തുന്നത് അബ്രിവേഷനുകളിലൂടെയാണ് (abbreviation). WAFE- We Alone Forever എന്ന ചുരുക്കെഴുതിലൂടെ മൂന്നാം ക്ലാസുകാരൻ ദാമ്പത്യ പ്രതിസന്ധികളിലൂടെ കടന്നുപോകേണ്ടി വരുന്ന കുഞ്ഞുങ്ങളുടെ അനുഭവതലങ്ങളിൽവന്ന മാറ്റങ്ങളിലേക്കും ഒരു കാഴ്ചതുറക്കുന്നു.
‘അമ്മയും കുഞ്ഞും’ എന്ന കഥയിൽ ആധുനികമായിരിക്കെ തന്നെ പാരമ്പര്യത്തിലും പ്രമാണങ്ങളിലും വിശ്വാസമർപ്പിച്ചുനിൽക്കുന്ന മധ്യവർഗകുടുംബങ്ങളിലേക്കു വീണ്ടും കയറിവരുന്ന അന്ധവിശ്വാസങ്ങളും അതിലൂടെ മറച്ചുവയ്ക്കപ്പെടുന്ന യാഥാർഥ്യത്തെയും പ്രശ്നവിഷയമാക്കുന്നു. വിശ്വാസങ്ങളുടെപേരിൽ വിധികല്പിതമെന്നപോലെ ദുരന്തമേറ്റുവാങ്ങേണ്ടിവരുന്ന അമ്മയും കുഞ്ഞും കുടുംബങ്ങളുടെ പ്രാചീനമായ അടച്ചുറപ്പുകളുടെ പിറകിലെ നിഷ്ഠുരസത്യങ്ങളെ പ്രതീകാത്മകമായി കാണിച്ചുതരുന്നു. പ്രതീകാത്മകത ഷബിത ഇതിവൃത്താവിഷ്കാരങ്ങളിൽ സവിശേഷസങ്കേതമായി ഉപയോഗിക്കപ്പെടാറില്ലെങ്കിലും.
ഷബിതയുടെ കഥകൾ ഫാന്റസിയോ ദാർശനികമായ ഉൾപ്പിരിവുകളുള്ളതോ അല്ലെങ്കിൽ പ്രതീകാത്മകതയ്ക്ക് പ്രാമുഖ്യം നല്കുന്നതോ അല്ല. ഇതിലെ ചെറുകഥകൾ മനുഷ്യാനുഭവങ്ങളിലൂടെ ജീവിതസമസ്യകളെക്കുറിച്ചുള്ള ഹ്യൂമനിസ്റ്റിക് എന്നു വിളിക്കാവുന്ന വിധമുള്ള പര്യവേക്ഷണമാണ്. ഹ്യൂമനിസ്റ്റിക് സമകാലീനമായ ഒരു സങ്കല്പനമല്ല. ഹ്യൂമനിസ്റ്റിക് എന്ന് ഇവിടെ ഉപയോഗിക്കാനുള്ള കാരണം കഥകൾ സമകാലീനമായ അനുഭവങ്ങളെ അഭിസംബോധനചെയ്യുമ്പോഴും മാനവികമായ മൂല്യങ്ങൾക്ക് ചിരസ്ഥായിത്വമുണ്ടെന്നും അത് നമ്മുടെ ഓരോ സാമൂഹ്യബന്ധങ്ങളുടെയും ആധാരശിലയാകുന്നുവെന്നുമുള്ള ഒരു ബോധ്യം ഷബിത തന്റെ കഥകളിൽ ഉൾച്ചേർത്തിട്ടുണ്ട് എന്നതുകൊണ്ടാണ്. ഹാരോൾഡ് ബ്ലൂം ആലീസ് മൺറോയുടെ കഥകളെക്കുറിച്ചു നിരീക്ഷിച്ചത്, ഒരുവേള, ഷബിതയുടെ കഥകളിലെ ജീവിതസന്ദർഭങ്ങളുടെ പ്രതിപാദനശൈലിക്കും ചേരും. പരിചിതമായ ജീവിതസന്ദർഭങ്ങളെ മുന്നിൽക്കണ്ടുകൊണ്ട് അനുകരണാത്മകമായ (MIMETIC) പ്രതിപാദനരീതിയെയാണ് ഷബിത പിന്തുടരുന്നത്. എന്നാൽ അനുകരണീയ യാഥാർഥ്യത്തിൽതന്നെ ആകസ്മികതകളും വിധികല്പിതങ്ങളും തമ്മിൽ കെട്ടുപിണഞ്ഞും സംഘർഷത്തിലുമായി കിടക്കുന്ന ജീവിതസന്ധികളുടെ അതിർത്തികളിലേക്ക് വായനക്കാരെയെത്തിച്ചു വിഷാദാസ്പദമായ ജീവിതത്തെ കാണിച്ചുതരികെതന്നെ അവിടെ പൊടുന്നനേ ഒരു കൊള്ളിയാൻ നിദർശനംപോലെ മനുഷ്യത്വത്തെയും പ്രകാശിതമാക്കിയേ ഷബിത പിൻവാങ്ങൂ എന്നതാണ്.
Summary: Dr. Damodar Prasad writes about Shabitha's short story collection, Kettum Ketti Aare Kaanan
