വീണ്ടും മഹാഭാരതം എന്തുകൊണ്ട്?

Book Review

വീണ്ടും മഹാഭാരതം എന്തുകൊണ്ട്?


'ഹാഭാരതം' ലോകത്തിലെ ഏറ്റവും ബൃഹത്തായ ഇതിഹാസകൃതിയെന്ന നിലയിൽ ഹിമവൽസദൃശമായ ഗാംഭീര്യത്തോടെ നീണ്ടുനിവർന്നുയർന്നു നിലകൊള്ളുന്നു; സാഹിത്യമണ്ഡലത്തിൽ സൃഷ്ടികളുടെ വലിപ്പവും മൂല്യവും അളക്കാനുള്ള മാനദണ്ഡംപോലെ. ഒരു കൃതിയെന്ന നിലയിൽ അത് നമ്മെ വീണ്ടും വീണ്ടും വായനയ്ക്കും പുനർവായനയ്ക്കും പ്രലോഭിപ്പിക്കുന്നു; പൂർണ്ണമായി വായിച്ചുതീർത്തിട്ടില്ലാത്തവരെ, ആ തിരിച്ചറിവ് വ്യാകുലപ്പെടുത്തുന്നു. മഹാഭാരതമെന്ന വിശ്വമഹാവൃക്ഷത്തിൽനിന്നു പൊട്ടിപ്പടർന്ന കലാസാഹിത്യസൃഷ്ടികളും രൂപകങ്ങളും പ്രതീകങ്ങളുമെത്രയെത്ര? ഏകലവ്യൻ, കർണ്ണശപഥം, ശാകുന്തളം, നളചരിതം, സുഭദ്രാർജനം, യയാതി, ദ്രൗപതി, ഭാരതപര്യടനം, കർണ്ണൻ, കർണ്ണഭൂഷണം, ഇനി ഞാനുറങ്ങട്ടെ, യുഗാന്ത, ദേവയാനി, രണ്ടാമൂഴം, സുയോധനപർവം അങ്ങനെ ആ പട്ടിക നീണ്ടുനീണ്ടുപോകുന്നു.

ഇപ്പോൾ എന്റെ മുന്നിലുള്ളത് 'മഹാഭാരതം സാംസ്‌കാരികചരിത്രം' എന്ന സുനിൽ പി. ഇളയിടത്തിന്റെ ബൃഹത് പഠനമാണ് (ഡി സി ബുക്‌സ്). 973 പേജുള്ള ഈ കൃതി നമ്മുടെ വായനാസമൂഹത്തിൽ അനല്പമായതാത്പര്യമുണർത്തിക്കഴിഞ്ഞു. അതിനു മൂന്നു നാലു കാരണങ്ങളെങ്കിലുമുണ്ട്. ഒന്നാമത്തേത് സ്വന്തമായ വായനക്കാരുടെയും ശ്രോതാക്കളുടെയും അസാധാരണമായ ബഹുജനപിന്തുണയുള്ള സുനിലിന്റെ 'മഹാഭാരത പ്രഭാഷണ പരമ്പര' നേരത്തേതന്നെ വിപുലമായി ചർച്ചചെയ്യപ്പെട്ടിരുന്നു എന്നതാണ്. എന്താണ് സുനിൽ മഹാഭാരതത്തെപ്പറ്റി പറയുന്നത് എന്നറിയാനുള്ള ജിജ്ഞാസയോടെ പ്രഭാഷണങ്ങൾ നേരിട്ടും യൂട്യൂബ് വഴിയും കേട്ടവരും പറഞ്ഞറിഞ്ഞവരും അതിന്റെ വിപുലീകൃതമായ പുസ്തകരൂപത്തിൽ സവിശേഷമായ താത്പര്യമെടുക്കുക തികച്ചും സ്വാഭാവികം.

ജനാധിപത്യം, മതേതരത്വം, സമത്വം, നീതി, തുല്യത തുടങ്ങിയ മഹനീയ മാനവീയ മൂല്യങ്ങളിൽ അധിഷ്ഠിതമായ ഒരു സമൂഹത്തോട് ഹൃദയാനുഭാവവും താത്പര്യവും സുനിലിന്റെ അറിയപ്പെടുന്ന നിലപാടാണ്. മൂലധനാധിപത്യത്തോടും ചൂഷണത്തോടും അടിച്ചമർത്തലുകളോടും നിലയ്ക്കാത്ത കലഹം സ്വന്തം നിലപാടിന്റെ അടിപ്പടവായി അടയാളപ്പെടുത്തുകയും ചെയ്യുന്നു; സുനിൽ അങ്ങനെയൊരാൾ, വലിയ തോതിൽ മതാത്മകമായി പൂജിക്കുകയും നിലവിലുള്ള വ്യവസ്ഥയ്ക്ക് അനുകൂലമായി വ്യാഖ്യാനിക്കുകയും ചെയ്യപ്പെടുന്ന ഒരു കൃതിയെ എപ്രകാരം പരിചരിക്കും എന്ന കൗതുകവും(ഭീതിയും ആശങ്കയും?) പ്രഭാഷണ പരമ്പരയെയെന്നപോലെ, അതിനെ ആസ്പദമാക്കിയ കൃതിയേയും സജീവമായ ശ്രദ്ധാസ്ഥാനത്തു പ്രതിഷ്ഠിച്ചു. അതാണ് രണ്ടാമത്തെ കാരണം.


Related Articles