കലാച്ചി; ഉറക്കത്തിന്‍റെയും ഉണർവിന്‍റെയും രാഷ്ട്രീയം

Book Review

കലാച്ചി; ഉറക്കത്തിന്‍റെയും ഉണർവിന്‍റെയും രാഷ്ട്രീയം


ലോകം ഫാസിസത്തിന്റെ പിടിയിലമരുമ്പോള്‍ നിഷ്പക്ഷതയുടേയും, നിര്‍വ്വികാരതയുടേയും ഉറക്കത്തില്‍ ആയിരിക്കുവാന്‍ നിങ്ങള്‍ക്കാവില്ല എന്ന് പ്രഖ്യാപിക്കുന്ന നോവലാണ് കെ.ആര്‍. മീരയുടെ 'കലാച്ചി' അസ്വീകാര്യമായ നിയമ വ്യവസ്ഥയും വസ്തുതാ വിരുദ്ധമായ ന്യായവാദങ്ങളും മനുഷ്യനെ ബാധിക്കുന്നതെങ്ങനെയെന്ന് പശ്ചിമേഷ്യന്‍ രാജ്യങ്ങളുടെ രാഷ്ട്രീയ നിലപാടുകളെ വിശകലനം ചെയ്തു കൊണ്ട് കലാച്ചി എന്ന നോവല്‍ മുന്നേറുന്നു. മനുഷ്യത്വം ദീര്‍ഘമായ ഉറക്കത്തില്‍ ആയിത്തീരുകയും ഏകാധിപതികളും മതാധിപതികളും ഫാസിസത്തിലെ അധിപതികളായി ബോധത്തെ തകര്‍ത്തുകളയും ചെയ്യുന്ന സമകാലിക രാഷ്ട്രീയത്തിന്റെ പൊള്ളിക്കുന്ന യാഥാര്‍ത്ഥ്യങ്ങളെ അനുഭവിപ്പിക്കാനുള്ള ശ്രമമാണ് കെ.ആര്‍. മീര നടത്തുന്നത്.

ചരിത്രവും മിത്തും തമ്മില്‍ ഇടകലര്‍ത്തി മനുഷ്യബോധത്തിന്റെ അടരുകളെ വെളിപ്പെടുത്താനുള്ള ശ്രമമാണ് കലാച്ചിയില്‍ കെ.ആര്‍. മീര നടത്തുന്നുന്നത്. പതിനാല് വയസ്സ് മുതല്‍ പ്രണയത്തില്‍ ആയിരുന്ന നിസാം അബൂബക്കര്‍ നഖ്‌വി എന്നയാളെ പത്തൊമ്പതാം വയസ്സില്‍ വിവാഹം കഴിച്ച ഫിദ, ഭീകരപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടു എന്ന സംശയത്തിന്റെ പേരില്‍ 15 വര്‍ഷം ജയില്‍ ശിക്ഷ അനുഭവിച്ച് പുറത്തിറങ്ങിയ ഇജാസ് അലിയുടെ ദര്‍ശനങ്ങളില്‍ ആകൃഷ്ടയാകുകയും അസ്വാതന്ത്ര്യത്തിന്റെയും മതബോധത്തിന്റേയും കാവലാളായ നിസാമില്‍ നിന്ന് - മതപരമായ ചട്ടക്കൂടില്‍ നിന്ന് - പുറത്ത് ചാടുകയും പ്രണയത്തിലാകുകയും ചെയ്യുന്നു. യൂറോപ്യന്‍ സോഷ്യലിസ്റ്റ് യൂണിയനില്‍ ആകൃഷ്ടനായി റഷ്യയിലെ കസഖ്സ്ഥാനില്‍ പോയ ഇജാസ് അവിടെ കലാച്ചി എന്ന ദേശത്ത് ബലാല്‍സംഗ കേസില്‍ ജയിലിലാകുന്നു. ഇജാസിന്റെ സത്യമന്വേഷിച്ച് നിലവില്‍ ഡല്‍ഹിയില്‍ കോളേജ് പ്രൊഫസര്‍ ആയ ഡോ. ഫിദ ഉറക്കത്തിന്റെ നാട് എന്നറിയപ്പെടുന്ന കലാച്ചിയിലേക്ക് കൊറോണക്കാലത്ത് നടത്തുന്ന യാത്രയാണ് ഈ നോവലിന്റെ ഇതിവൃത്തം. ഉറക്കത്തിനും ഉണര്‍വിനും ഇടയിലെ മനുഷ്യജീവിതം പോലെ ഓര്‍മ്മയേയും യഥാര്‍ത്ഥ്യത്തേയും മനോഹരമായി ഇഴ ചേര്‍ത്ത് ഫിദ തന്റെ കഥ പറയുന്നു.

ഏറ്റവും വലിയ നിദ്രയുടെ ഒടുക്കമാണ് പ്രപഞ്ചത്തിന്റെ ആരംഭം, നിശബ്ദവും നിര്‍മ്മലവും ആയ ആ ശൂന്യതയില്‍ സംഭവിക്കുന്ന ആദി ശബ്ദത്തില്‍ നിന്ന് ലക്ഷോപലക്ഷം ജീവജാലങ്ങള്‍ ഉണരുകയും പ്രപഞ്ചത്തിന്റെ ഭാഗമായി തീരുകയും ചെയ്തു എന്ന ലോക സത്യത്തിലാണ് കലാച്ചി എന്ന നോവല്‍ ഘടിപ്പിച്ചിരിക്കുന്നത്. നിദ്രയെന്നാല്‍ ചെറുമരണം തന്നെയാണന്ന സത്യത്തില്‍ നിന്ന് ഉണര്‍വിലേയ്ക്കുള്ള ദൂരം കണ്ടത്താനുള്ള ശ്രമമാണ് ഇവിടെ കാണാന്‍ കഴിയുന്നത്. സ്ലീപ് ഹോളോ എന്ന പ്രയോഗം മനുഷ്യനു വേണ്ടി മാത്രം ഉപയോഗിച്ചതല്ല, നോവലില്‍ കടന്നു വരുന്ന എല്ലാ ജീവജാലങ്ങളിലും ഇത് പ്രവര്‍ത്തിക്കുന്നുണ്ടന്ന് കാണാം. ഉരശിമ തരോ, ബോധി ധര്‍മ്മന്‍, പീറ്റര്‍ ക്ലൗസ്, ഹോനി ഹാമിഗേല്‍, വാങ്ചി, സെവന്‍ സ്ലീപ്പേഴ്‌സ് തുടങ്ങി നിരവധി ഫെയറി ടെയില്‍ കഥാപാത്രങ്ങള്‍ ഉറക്കത്തില്‍ കാലം നഷ്ടപ്പെട്ടവരാണ്. അവിടെ നിന്നും കലാച്ചി എന്ന കസഖ്സ്ഥാനിലെ ഗ്രാമപ്രദേശത്തെ അറിയാതെ ഉറങ്ങിപ്പോകുന്ന യഥാര്‍ത്ഥ ഭൂമികയിലേക്ക് ഉള്ള ഫിദയുടെ യാത്രയ്ക്ക് ഏറെ പ്രത്യേകതകള്‍ ഉണ്ട്. ഉറക്കം അചേഷ്ടതയുടെ, നിശ്ചലതയുടെ, നിര്‍വ്വികാരതയുടെ അടയാളമാണ്. ഇതില്‍ നിന്നുള്ള മോചനമായ ഉണര്‍വാകട്ടെ പുതിയ കാഴ്ചകളിലേക്ക്, അനുഭവങ്ങളിലേക്ക്, തിരിച്ചറിവുകളിലേക്ക് ഉള്ള വിമോചനവുമാണ്.


Related Articles