'പൂച്ചകളുടെ തീവണ്ടി' എന്ന ചെറുകഥാസമാഹാരത്തിലൂടെ എം. നന്ദകുമാറിൻ്റെ മാസ്മരികമായ കഥാലോകം വീണ്ടും വായനക്കാരിലെത്തിയിരിക്കുന്നു. ഒന്നിനൊന്നു വ്യത്യസ്തത പുലർത്തുന്ന പത്തു ചെറുകഥകളാണ് ഈ സമാഹാരത്തിലുള്ളത്. "അനുഭവത്തിൽ മാത്രം നിലനില്‍ക്കുന്ന സത്യങ്ങളെക്കാൾ തീക്ഷ്ണമായ സത്യം ആവിഷ്ക്കരിക്കാൻ എഴുത്തിന് കെല്പുണ്ട്. അതിനാൽ കഥ മാത്രമാണ് എൻ്റെ യാഥാർത്ഥ്യം." എന്ന് ആമുഖത്തിൽ കഥാകൃത്ത് പറയുന്നത് അന്വർത്ഥമാക്കുംവിധം സാങ്കല്പികലോകങ്ങൾ സൃഷ്ടിക്കുന്ന മായക്കാഴ്ചകളുടെ യാഥാർത്ഥ്യങ്ങളാൽ സമ്പന്നമാണ് ഈ സമാഹാരത്തിലെ എല്ലാ കഥകളും. കഥാവഴികളിലെ മൗനങ്ങളും വിരാമങ്ങളും സ്വന്തം ഭാവനയുടെയും കാഴ്ചയുടെയും പശ്ചാത്തലത്തിൽ പൂരണം ചെയ്ത് പുതിയ പാഠഭേദങ്ങളും രൂപങ്ങളും പരികല്പനകളും സൃഷ്ടിക്കാനുള്ള ഇടങ്ങളും ഈ കഥകള്‍ അവശേഷിപ്പിക്കുന്നുണ്ട്.
അതിനാൽത്തന്നെ എഴുത്തുകാരനും വായനക്കാരനും തമ്മില്‍ വായന, ആസ്വാദനം എന്നിവയുടെയടിസ്ഥാനത്തിൽ രൂപപ്പെട്ടുവരുന്ന സൗഭ്രാത്രത്തിൻ്റെ ആഴം വലിയ തോതിൽ വളരുന്നതിൻ്റെ അനുഭവവും ഈ വായനയിലൂടെ ലഭിക്കുന്നുണ്ടെന്നു പറയാതെ വയ്യ. പ്രത്യക്ഷത്തിൽ ചിരപരിചിതമെന്നു തോന്നുന്ന കഥാബീജങ്ങൾ തെരഞ്ഞെടുത്ത് ഭാഷയുടെയും ആഖ്യാനത്തിൻ്റെയും ദർശനത്തിൻ്റെയും കാചങ്ങളിലൂടെ കടത്തി സംയോജിപ്പിച്ച് ഹൃദയഹാരികളായ ചെറുകഥകളാക്കി മാറ്റുന്നതിലുള്ള കഥാകൃത്തിൻ്റെ കഴിവ്, സാധാരണമായ മണ്ണ് പാകത്തിനു കുഴച്ചെടുത്ത് അസാധാരണമായ ശില്പസൃഷ്ടി നടത്തുന്ന ഒരു ശില്പിയുടെ സർഗ്ഗശക്തിക്ക് സമാനമാണ്. ഇപ്രകാരം, അനന്യസാധാരണമായ സർഗ്ഗശക്തിയുടെ പ്രഭയിൽ ജ്വലിച്ചുനില്‍ക്കുകയാണ് ഈ സമാഹാരത്തിലെ ഓരോ കഥയും.
അതിർത്തികളോ ദേശീയതയോ ഇല്ലാത്തതും വിശാലമായ നിരവധി തെരുവുകളടങ്ങിയതുമായ ഒരു രാഷ്ട്രമാണ് വായന എന്ന് എം. മുകുന്ദൻ "എൻ്റെ എംബസ്സിക്കാല"ത്തിൽ എഴുതിയിട്ടുള്ളതായി ഓർക്കുന്നു. അത്തരത്തിലുള്ള ഒരു വായനാവീഥിയിലൂടെ യാത്രചെയ്യുമ്പോൾ നാം ആഖ്യാനത്തിൻ്റെ കണ്ണഞ്ചിക്കുന്ന ശില്പസൗന്ദര്യം കൊണ്ട് ജ്വലിച്ചുനില്ക്കുന്ന "ജിന്നുകളുടെ രാത്രി'' എന്ന കഥയിലെത്തുന്നു. കുറ്റിച്ചിറയിലെ ഒരു രാത്രിക്കൂടാരത്തിൽ ജിന്നുകൾക്കൊപ്പം നാം ലോറ, സാമിർ, നന്ദൻ എന്നീ മൂന്നു കൂട്ടുകാരുടെ വിഭ്രമകരമായ ചില അനുഭവാഖ്യാനങ്ങളിൽ പങ്കുചേരുന്നു.
