കോരപ്പാപ്പന് സ്തുതിയായിരിക്കട്ടെ: സമ്പദ്ഘടനയുടെ സമാന്തരയിടം

Book Review

കോരപ്പാപ്പന് സ്തുതിയായിരിക്കട്ടെ: സമ്പദ്ഘടനയുടെ സമാന്തരയിടം


മലയാള നോവല്‍ ശാഖയുടെ ഭാവുകത്വത്തില്‍ ഒരു വിച്ഛേദം സൃഷ്ടിച്ച നോവലായ ടി ഡി രാമകൃഷ്ണന്റെ 'ഫ്രാന്‍സിസ് ഇട്ടിക്കോര'യുടെ മാനങ്ങളും വിവിധ ജ്ഞാന/വിജ്ഞാന വിഷയങ്ങളുമായുള്ള അതിന്റെ സംവാദസമ്പര്‍ക്കങ്ങളും തീര്‍ത്തും വേറിട്ടതായിരുന്നു. സമകാല ലോകക്രമവുമായി ഇഴചേര്‍ന്ന് കിടക്കുന്ന വിധത്തിലാണ് പ്രസ്തുത നോവലിന്റെ രണ്ടാം ഭാഗമായി എഴുതിയ 'കോരപ്പാപ്പന് സ്തുതിയായിരിക്കട്ടെ' രൂപപ്പെടുത്തിയിട്ടുള്ളത്. രണ്ടു നോവലുകള്‍ക്കുമിടയിലെ ഒന്നര പതിറ്റാണ്ടിനു മുകളിലുള്ള കാലം നിര്‍ണായകമാണ്. ഈ കാലയളവിലെ രാഷ്ട്രീയ-താത്വിക വിചാരങ്ങള്‍ ലോകരാഷ്ട്രങ്ങളെയും ജനതയെയും സ്വാധീനിക്കുന്നതിന്റെയും ബാധിക്കുന്നതിന്റെയും ആഖ്യാനം കൂടിയായി 'കോരപ്പാപ്പന് സ്തുതിയായിരിക്കട്ടെ' പരിണമിക്കുന്നു.

ഹിംസയുടെയും സങ്കുചിത താല്പര്യങ്ങളുടെയും തുലാസില്‍ ആടുന്ന അധികാരക്രമങ്ങളുടെ നീതിയെയും ന്യായത്തെയും നോവലില്‍ വെളിപ്പെടുത്തുകയാണ്. പ്രകാശവേഗത്തില്‍ സഞ്ചരിക്കുന്ന ലോകത്തിന്റെ വ്യവഹാരനിയമങ്ങളെയും ഇച്ഛകളെയും സ്വാര്‍ത്ഥലക്ഷ്യങ്ങളെയും 'ഇട്ടിക്കോര' എന്ന കഥാപാത്രത്തിന്റെ പല തരത്തിലുള്ള നിറഭേദങ്ങളിലൂടെയും രൂപാന്തരങ്ങളിലൂടെയും അവതരിപ്പിക്കുന്ന 'കോരപ്പാപ്പന് സ്തുതിയായിരിക്കട്ടെ', ക്രമത്തിന്റെയും ക്രമമില്ലായ്മയുടെയും താളുകളെയാണ് തുറന്നു തരുന്നത്.

അധികാരവും മൂലധനവും ആസ്പദമാക്കിയുള്ള ലോകക്രമത്തിന്റെ രീതികളില്‍ അധിഷ്ഠിതപ്പെടുത്തിയ നോവല്‍ കോരപ്പാപ്പന്റെ വ്യവഹാരമണ്ഡലത്തെ പ്രതിഷ്ഠിക്കുകയാണ്. അതുവരെ അത്രകണ്ട് വായിച്ചു പരിചയിച്ചിട്ടില്ലാത്ത ജ്ഞാനവ്യവഹാരങ്ങളെ ഫിക്ഷന്റെ തുറസ്സില്‍ ഉള്‍പ്പെടുത്തി കൊണ്ട് എഴുതിയ നോവലാണ് 'ഫ്രാന്‍സിസ് ഇട്ടിക്കോര'. ചരിത്രവും അധിനിവേശവും യുദ്ധവും ഭൂമിശാസ്ത്രവും ആഗോളീകരണവും സാങ്കേതികതയും കൃത്യമായ അനുപാതത്തില്‍ ചേര്‍ത്തു വെച്ചുകൊണ്ട് ഇട്ടിക്കോര എന്ന കഥാപാത്രത്തിന്റെ അതിശയകരമായ സഞ്ചാരമായി നോവല്‍ മാറി.


Related Articles