മരിച്ചതുപോലുള്ള ഏകാന്തത

Book Review

മരിച്ചതുപോലുള്ള ഏകാന്തത


കൗമാരകാലംവരെ ഞാന്‍ താമസിച്ചിരുന്ന വീടിന്റെ മുന്നില്‍ ഒരു ഓലമേഞ്ഞ സിനിമ ടാക്കീസ് ഉണ്ടായിരുന്നു. മൈതാനം പോലെ വിശാലമായ ഒരു പറമ്പിന്റെ അക്കരെയും ഇക്കരയുമാണ് തീയറ്ററും, വീടും. അക്കാലത്ത് ആ വീട്ടിലെ വടക്കേമുറിയില്‍ മരയഴികളുള്ള ജനാലയോട് ചേര്‍ത്തിട്ട കട്ടിലിലായിരുന്നു ഞാനും അനിയനും കിടന്നിരുന്നത്. അച്ഛനും അമ്മയും ചെറിയ അനിയനും ഉറങ്ങുന്നത് പടിഞ്ഞിറ്റാത്ത് എന്ന് പറയുന്ന പടിഞ്ഞാറ് ഭാഗത്തുള്ള മുറിയിലാണ്. അവിടെ കുഞ്ഞനിയന്റെ സ്ഥാനത്ത് ആദ്യം ഞാനും അത് കഴിഞ്ഞ് അനിയനുമായിരുന്നു. കുറച്ചു നാളുകള്‍ കഴിയുമ്പോള്‍ കുഞ്ഞനിയനും ഞങ്ങളുടെ ഒപ്പം കിടക്കാന്‍ വരും.

അച്ഛമ്മ കിടക്കുന്നത് മരയേണി വഴി കയറി പോകുന്ന മച്ചിനു മുകളിലെ മുറിയിലാണ്. അതിന്റെ ചെറിയ കിളിവാതിലിലൂടെ നോക്കിയാല്‍ ടാക്കീസിലേക്ക് ആളുകള്‍ ഒറ്റയൊറ്റയായി വരുന്നതും പച്ചകളര്‍ അടിച്ച, സിമന്റു തേച്ച, ചുറ്റു ചുവരുകളുള്ള കൗണ്ടറിന്റെ മുന്നില്‍ വരിനില്‍ക്കുന്നതും പല കളറുള്ള ടിക്കറ്റുകളുമായി തീയറ്ററിന്റെ പല വാതിലിലൂടെ അകത്തേക്ക് പോകുന്നതും സിനിമ കഴിഞ്ഞ് കൂട്ടമായി പിരിഞ്ഞു പോകുന്നതും കാണാം.

അച്ഛന്‍ ഇപ്പോഴുള്ള ജോലി ചെയ്യുന്നതിനു മുന്‍പ് ആ തിയറ്ററില്‍ കുറേക്കാലം ജോലി ചെയ്തിട്ടുണ്ട്. അതുകൊണ്ട് അച്ഛന് ടാക്കീസില്‍ പണം കൊടുക്കാതെ സിനിമ കാണാന്‍ പറ്റും. എല്ലാ ദിവസവും വൈകിട്ട് പണി കഴിഞ്ഞ് വന്ന് കുളിച്ച് മാറി രണ്ട് വലിയ ബാറ്ററി ഇടുന്ന വെള്ളി കളറുള്ള ടോര്‍ച്ചുമായി അച്ഛന്‍ സിനിമ കാണാന്‍ പോകും. ഞങ്ങളുടെ വീടിനുമുന്നിലോ പിറകിലോ വീടുകഴിഞ്ഞോ വേറെ വീടുകളൊന്നുമില്ല. വീടിനും വീടിന് മുന്നിലെ മൈതാനം പോലുള്ള പറമ്പിനെയും വേര്‍തിരിച്ച് കൊണ്ട് കുണ്ടെട എന്ന് വിളിക്കുന്ന ഒരു ചാലുണ്ട്. മഴക്കാലത്ത് വെള്ളം കുത്തിയൊഴുകുന്ന ആ ചാലിലൂടെ നടന്നു വേണം വീട്ടിലെത്താന്‍. തെക്കുഭാഗത്ത് നിര്‍മ്മലക്കാരുടെ വലിയ വീടാണ്. അതിന്റെ മുന്നിലായി ആ വീട്ടുകാരുടെ വകയായി നീളത്തില്‍ രണ്ടു നിലയില്‍ കുറേ മുറികളുള്ള ലോഡ്ജുമുണ്ട്. അതിന്റെ താഴത്തെ നിലയില്‍ കുടുംബമായിട്ടും മുകളിലത്തെ നിലയില്‍ ഒറ്റയ്ക്കുമാണ് വാടകയ്ക്ക് കൊടുത്തിരുന്നത്.


Related Articles