യുദ്ധങ്ങൾ പോലെ തന്നെ കുടിയേറ്റവും പലായനങ്ങളും അവസാനിക്കുന്നില്ല. അവയെ ആധാരമാക്കിയുള്ള കഥകളും അവസാനിക്കുന്നില്ല. ദിവ്യ അരുണിൻ്റെ ‘യെല്ലോ റിബൺ' വായിച്ചു കഴിഞ്ഞപ്പോൾ ആദ്യം മനസ്സിൽ തോന്നിയത് ഇതായിരുന്നു.
മനുഷ്യചരിത്രം, രാജ്യങ്ങളുടെ ചരിത്രം, വിവിധ സംസ്കാരങ്ങളുടെ ചരിത്രം എല്ലാം ഒരു തരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ പലായനങ്ങളുടെ ചരിത്രം കൂടിയാണ്. യുദ്ധങ്ങൾ വിതയ്ക്കുന്ന നാശനഷ്ടങ്ങളേക്കാൾ ഭീകരമാണ് മനുഷ്യമനസ്സുകളിൽ അതുണ്ടാക്കുന്ന വിള്ളലുകൾ.
അനീതിക്കെതിരെ നിരന്തരം ശബ്ദിച്ചുകൊണ്ടിരിക്കുന്നവർ! സുരക്ഷിതത്വം തേടിയുള്ള യാത്രയിൽ നാടും വീടും ബന്ധങ്ങളും നഷ്ടമാകുന്നവർ!
സാധാരണ നിലയിൽ രണ്ടു തരത്തിലുള്ള പലായനങ്ങളാണ് മനുഷ്യ ജീവിതത്തിലുള്ളത്. ഒന്ന്, യുദ്ധത്തെ തുടർന്നോ മറ്റു പ്രതികൂല സാഹചര്യങ്ങൾ കൊണ്ടോ അന്യനാടുകളിലേയ്ക്ക് കുടിയേറുന്നവർ. രണ്ട്, മികച്ച ജോലിയും ജീവിത സാഹചര്യങ്ങളും തേടി പല നാടുകളിലേക്ക് കുടിയേറുന്നവർ. ഇതിന് ആദിമ മനുഷ്യരോളം പഴക്കമുണ്ട്.
