ഫർസാനയുടെ 'കിള': സ്വാതന്ത്ര്യത്തിന്റെ നിശ്ശബ്ദ വിപ്ലവവും പ്രണയത്തിന്റെ അതിനൂതന ഭാഷയും

Book Review

ഫർസാനയുടെ 'കിള': സ്വാതന്ത്ര്യത്തിന്റെ നിശ്ശബ്ദ വിപ്ലവവും പ്രണയത്തിന്റെ അതിനൂതന ഭാഷയും


മലബാറിന്റെ ചരിത്രത്തിന്റെ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെന്ന്, ഗൾഫ് കുടിയേറ്റത്തിന്റെ വേദനകളും അറബ്-മലയാളി ബന്ധങ്ങളുടെ സങ്കീർണ്ണതകളും, മതത്തിലെ മിതവാദവും തീവ്രതയും, തലമുറകളിലൂടെ കൈമാറിവന്ന സാംസ്കാരിക-വൈകാരിക പാരമ്പര്യങ്ങളും ഒരുമിച്ചുചേർത്തു നെയ്തെടുത്ത ഒരു മഹത്തായ നോവലാണ് ഫർസാനയുടെ 'കിള'.

അപൂർവമായ മനോഹാരിതയോടെ വിരചിതമായ ഒന്നാണ്, ഫർസാനയുടെ ഈ നോവൽ. പ്രണയത്തെ, എഴുത്തുകാരി, ഒരു സാധാരണ വികാരമായി മാത്രം കാണുന്നില്ല; മറിച്ച്, ഒരു സ്ത്രീയുടെ ആത്മാവിന്റെ ഏറ്റവും ആഴമേറിയ തലങ്ങളിലേക്കുള്ള യാത്രയായി കണ്ടുകൊണ്ട്, ശ്വാസംമുട്ടലുകളുടെയും ആഗ്രഹങ്ങളുടെയും അകമ്പടിയോടെ ചിത്രീകരിക്കുക കൂടിയാണ്. നോവലിന്റെ ആദ്യപേജുകളിൽ തുടങ്ങുന്ന ആ ശ്വാസംമുട്ടൽ പിന്നീട് വായനക്കാരന്റെ ശ്വാസകോശത്തിലേക്ക് തന്നെ പടരുന്നു. അത്രയും തീവ്രവും യഥാർത്ഥവുമാണ് ആ അനുഭവം.

കേന്ദ്രകഥാപാത്രമായ സേബയുടെ ജീവിതയാത്രയാണ് നോവലിന്റെ ഹൃദയമിടിപ്പ്. ഖുത്ബ് എന്ന യാഥാസ്ഥിതികന്റെ നിയന്ത്രണങ്ങളിലും മതപരമായ കർക്കശതകളിലും കെട്ടുപിണഞ്ഞ ജീവിതത്തിൽ നിന്നുള്ള മോചനം, അവൾക്ക് വെറുമൊരു ശാരീരിക രക്ഷപ്പെടൽ മാത്രമല്ല; അത് ആത്മീയവും വൈകാരികവുമായ ഒരു നിശ്ശബ്ദ വിപ്ലവം കൂടിയാണ്. സുൽത്താനിലേക്കുള്ള ഇഴുകിച്ചേരൽ, സേബയെ, അടിച്ചമർത്തപ്പെട്ട സ്ത്രീയിൽ നിന്ന്, സ്വന്തം ആഗ്രഹങ്ങളുടെയും സ്വപ്നങ്ങളുടെയും ഉടമയാക്കി മാറ്റുന്നു.


Related Articles