ഷ്യൗ വാങ്; അറിവിലേക്കുള്ള ഒരു കുഞ്ഞിന്റെ സഞ്ചാരം

Book Review

ഷ്യൗ വാങ്; അറിവിലേക്കുള്ള ഒരു കുഞ്ഞിന്റെ സഞ്ചാരം


ചൈനീസ് പശ്ചാത്തലത്തിലുള്ള മനോഹരമായ ഒരു കുട്ടിക്കഥയാണ്, ഫർസാനയുടെ കുട്ടികള്‍ക്കായിട്ടുള്ള ആദ്യ നോവൽ, 'ഷ്യൗ വാങ്'. യുദ്ധത്തിന്റെ ഇരകളായ എല്ലാ കുട്ടികൾക്കും സമർപ്പിച്ചുകൊണ്ട് രചിക്കപ്പെട്ട ഈ കുട്ടിക്കഥ, ഒമ്പത് വയസ്സുള്ള ഒരു ചൈനീസ് ബാലനായ വാങിന്റെ കണ്ണിലൂടെ ഗ്രാമീണ ജീവിതത്തിന്റെ സ്നേഹസ്പർശമായ ലോകത്തെ വരച്ചുകാട്ടുന്നു. കുട്ടിത്തത്തിന്റെ നിഷ്കളങ്കതയും സാഹസികതകളും ഐതിഹ്യകഥകളും ഒരുമിച്ച് ചേർത്ത്, വായനക്കാരനെ കൗതുകത്തിന്റെയും അറിവിന്റെയും ഒരു സഞ്ചാരത്തിലേക്ക് ക്ഷണിക്കുന്ന ഈ നോവൽ, കുട്ടികളുടെ സാഹിത്യത്തിന് ഒരു മുതൽക്കൂട്ടാണ്.

നോവലിന്റെ ഹൃദയമായ വാങ്, ചൈനയിലെ ഒരു ഗ്രാമത്തിലെ സാധാരണ ബാലനാണ്. മാമയും അവനും തനിച്ച് താമസിക്കുന്ന വീട്, പള്ളിക്കൂടം, ഗ്രാമത്തിന്റെ വഴികളും മുളപ്പാലം- ഇവയെല്ലാം കഥയുടെ സുവർണ്ണബിംബങ്ങളാണ്. പ്രത്യേകിച്ച്, മുടിമുറിക്കുന്ന യേയേ മുത്തശ്ശൻ എന്ന കഥാപാത്രം ഗ്രാമത്തിന്റെ ആത്മാവാണ്. യേയേയുടെ, കാടുകളിലെ തേൻശേഖരണ സാഹസികതകളും ഓർമകളും വാങിനോട് പങ്കുവെക്കുന്ന രീതി, നോവലിന് ഐതിഹ്യാത്മകമായ ഒരു മാനം നൽകുന്നു. വാങിന്റെ പാപ, നഗരത്തിലെ ഒരു കമ്പനിയിൽ ജോലിക്കാരനാണ്, അവനോടുള്ള അടങ്ങാത്ത ഇഷ്ടം തന്നെയാണ് കഥയുടെ ഭാവനാത്മകമായ അടിത്തറ. പാപയ്ക്കായി നോട്ടുബുക്കിൽ കഥകൾ എഴുതിവെക്കുന്ന വാങിന്റെ കുട്ടിത്തം, വായനക്കാരെ സ്നേഹത്തിന്റെ നിഷ്കളങ്ക ലോകത്തേക്ക് വിളിച്ചുവരുത്തുന്നു.

കഥയുടെ ഹൃദയ ഭാഗം, പുതുവർഷത്തിന്, ഗ്രാമത്തിലേക്ക് വരാൻ പാപയ്ക്ക് കഴിയാത്തതിന്റെ ദുഃഖമാണ്. മാമ അറിയാതെ, രാത്രി വാങ് നഗരത്തിലേക്ക് പുറപ്പെടുന്നു; ഗ്രാമം കടന്ന് മുളപ്പാലം പിന്നിട്ട് കാട്ടിലൂടെ. യേയേ മുത്തശ്ശൻ സൂചിപ്പിച്ച പാതയിലൂടെ നടന്നുപോകുന്ന വാങിന്റെ യാത്ര, നോവലിന്റെ ആകർഷണീയമായ ഭാഗമാണ്. ഈ സഞ്ചാരത്തിൽ, വ്യാളിമുഖനായ, 'ന്യാൻ' എന്ന ജീവിയെ കാണുന്നത് മാത്രമല്ല, കാടിന്റെ രഹസ്യങ്ങളും തിരിച്ചറിവുകളും വാങിനെ പരിവർത്തനപ്പെടുത്തുന്നു. 


Related Articles