വിരഹവിഷാദങ്ങളുടെ പ്രണയഗീതികൾ

Book Review

വിരഹവിഷാദങ്ങളുടെ പ്രണയഗീതികൾ


പ്രണയം വിഷയമാക്കാത്ത കവിമനസ്സുകൾ ഉണ്ടാവാനിടയില്ല. ഭാവനയുടെ പ്രകാശത്താൽ വർണ്ണരാജികൾ തീർക്കുന്ന കണ്ണുനീർക്കണങ്ങളാവും അവയിലെ അക്ഷരങ്ങളേറെയും. കാല്പനികതയാൽ സമ്പന്നമായ മലയാളകവികളുടെ പ്രണയകവിതകൾ ചാരുത മായാതെ ഇന്നും ഭാഷയിൽ അടയാളപ്പെട്ടു കിടക്കുന്നുണ്ട്. മലരൊളി തിരളുന്ന മധുചന്ദ്രികയിൽ മഴവിൽക്കൊടിയുടെ മുന മുക്കിയെഴുതിയ ചങ്ങമ്പുഴയുടെ കാവ്യവസന്തകാലത്തിനുശേഷം വന്ന കവികളിലും ആ അനുരാഗത്തിന്റെ മായികപ്രഭാവം മായാതെ നിലനിന്നു. വയലാറിലും ഒ.എൻ.വിയിലും പി. ഭാസ്കരനിലും തിരുനല്ലൂർ കരുണാകരനിലുമെല്ലാം ആ ഭാവദീപ്തിയുടെ അനുരണനങ്ങൾ ഏറിയും കുറഞ്ഞും അഴകുവിടർത്തി. കാല്പനികതയുടെ ആ അരുണയുഗത്തിൽ ആ കവിതകൾ കൂടുതൽ ജീവിതഗന്ധിയാവുകയും മണ്ണിന്റെ സത്യലോകത്തിലേക്ക് ഇറങ്ങിവരികയും ചെയ്തു.
കേരളീയമായ ഒരു ജീവിതപരിസരം പി. ഭാസ്കരന്റെ കവിതകളിൽ മിഴിവായും നിറവായും തെളിഞ്ഞുനിൽക്കുന്നു. കവിയുടെ ചലച്ചിത്രഗാനങ്ങളിലെന്നപോലെ പ്രണയകവിതകളിലും മലയാണ്മയുടെ ഇളനീർമധുരവും കുളിർസ്പർശവുമുണ്ട്. അവയിലെല്ലാം ജീവിതാനുഭവങ്ങളുടെ കണ്ണീരുപ്പുകലർന്നിട്ടുണ്ട്. ഓർമ്മകളിലൂടെയുള്ള അനുരാഗവിശുദ്ധിയുടെ സങ്കീർത്തനമായി അവ ഇന്നും പ്രണയഭാഷയുടെ പ്രകാശം പകർന്നുകൊണ്ടേയിരിക്കുന്നു.
വിരഹവിഷാദങ്ങളുടെ പ്രണയഗീതികളാണ് ഇതിലെ മിക്ക കവിതകളും. ഓർമ്മകളാണ് ജീവിതത്തെ ജീവിതവ്യമാക്കിത്തീർക്കുന്നത്.
പ്രണയത്തിനും വിരഹത്തിനും ആഴവും അഴകും ആർദ്രഭാവങ്ങളും പ്രദാനം ചെയ്യുന്ന എക്കാലത്തെയും മികച്ച കവിതയാണ് "ഓർക്കുക വല്ലപ്പോഴും'.
"കരയാനുഴറീടും കണ്ണുകൾ താഴ്ത്തിക്കൊണ്ടു
വരനോടൊപ്പം നീയാ വണ്ടിയിലിരിക്കുമ്പോൾ
വാക്കിനു വിലപിടിപ്പേറുമിസ്സന്ദർഭത്തിൽ
"ഓർക്കുക വല്ലപ്പോഴു'മെന്നല്ലാതെന്തോതും ഞാൻ'
എന്ന് ആശംസിക്കുകയും
"ഹസിക്കും പൂക്കൾ പൊഴിഞ്ഞെങ്കിലുമൊരുനാളും
വസന്തം വസുധയിൽ വന്നിറങ്ങില്ലെന്നാലും
വ്യർത്ഥമായാവർത്തിപ്പൂ വ്രണിതപ്രതീക്ഷയാൽ
മർത്ത്യനിപ്പദം രണ്ടും: "ഓർക്കുക വല്ലപ്പോഴും'
എന്ന് പ്രകൃതിയിലെ ഓരോ വിരഹസത്യത്തിന്റെയും ഓർമ്മപ്പെടുത്തലിൽ സമാശ്വസിക്കുകയും ചെയ്യുന്നു.
"പെണ്ണുകാണൽ' എന്ന കവിതയിലും ഓർമ്മകളുടെ പുനരാനയിക്കലുണ്ട്. ദാമ്പത്യത്തിലെ സ്നേഹബന്ധത്തെ ജീവിതത്തിലെ വസന്തമാക്കി മാറ്റുന്നതിന്റെ ചാരുത ഇക്കവിതയിൽ കാണാം.
"ശ്യാമളവനാന്തങ്ങളൊരുക്കുന്നുണ്ടെന്നുള്ളിൽ
മാമകസ്മൃതിക്കിന്നും മയിലായ് തുള്ളിച്ചാടാൻ
നീ മറന്നുവോ സഖീ, നമ്മൾ തൻ ചക്രവാള–
സീമയിൽ തുടുപ്പേറുമാ ദിനാന്തത്തെപ്പറ്റി’
എന്ന് പിന്നീട് ചിരകാലസഹയാത്രികയായി മാറിയ തന്റെ പ്രിയതമയോട് പെണ്ണുകാണലിന്‍റെ സന്ദർഭത്തിൽ തങ്ങളിൽ മൗനമായി നിറഞ്ഞ ധന്യനിമിഷങ്ങളുടെ ഓർമ്മത്താളുകൾ നിവർത്തുകയാണ് കവി.
"കാൽനഖത്തൂവെള്ളയിൽ
കൺമുനയാഴ്ത്തിക്കൊണ്ടും
പാൽനിരപ്പൂപ്പുഞ്ചിരി–
യമർത്താൻ പണിപ്പെട്ടും'
കൊണ്ട് പൂമരം നിഴലിനെ നോക്കിനിൽക്കുന്നതുപോലെ ആ മുറിക്കകത്തുനിന്ന അവളുടെ അന്നത്തെ നില്പ് കവിയിലെ കാമുകഹൃദയം ഓർമ്മിപ്പിക്കുന്നു.
പ്രകൃതിക്ക് ഒരു സ്ത്രീഭാവം ആണുള്ളത്. പ്രകൃതിയെ സ്നേഹിക്കുക എന്നതും പ്രണയത്തിന്റെ മറ്റൊരു മുഖമാണ്.
"കല്ലിനാൽ കെട്ടിപ്പടുക്കുന്ന മാനവൻ
കല്ലിനാൽക്കാലത്തെ വെല്ലുന്ന മാനവൻ
മുല്ലവളർത്തുന്നതെന്തിനോ ചിന്തയിൽ?
വല്ലാത്തൊരിച്ചോദ്യമിന്നു കാണുന്നു ഞാൻ'
"മുല്ലപ്പൂക്കളും കല്ലുകളും' എന്ന കവിതയിലെ ഈ ചോദ്യത്തിൽ സ്വാതന്ത്ര്യം കൊതിക്കുന്ന ബന്ധിതമാനസത്തിന്റെ നിതാന്തപ്രണയഭാവം നമുക്ക് വായിച്ചെടുക്കാൻ ആവുന്നുണ്ട്.
കാമുകിയെക്കുറിച്ചുള്ള മധുരസ്മരണകളിൽ, ഓർമ്മകളിൽ സ്വപ്നങ്ങൾ പൂക്കുന്ന നിർവ്വാണമേഖല പൂകിനിൽക്കുന്ന കാമുകനെ "അറിയുന്നു ഞാൻ’ എന്ന കവിതയിൽ കാണാം.
"നിന്നെ ഞാൻ ദർശിക്കെ നമ്മൾ പരസ്പരം
നിർനിമേഷാക്ഷരായ് നോക്കിനിൽക്കെ
ചുണ്ടുവിടർത്താത്ത ഭാഷയാൽ നീ നിന്റെ
വിണ്ടലസംഗീതമാലപിക്കെ
മാനവഭാഷതന്നര്‍ത്ഥമില്ലായ്മയെ
ഞാനറിയുന്നിതെന്നോമലാളെ'
എന്ന് ഭാഷയ്ക്കും അതീതമായ പ്രണയാനുഭൂതിയെ പകർത്തിവെക്കുകയാണ് കവി. അവിടെ വർത്തമാനത്തിന്റെ പാഴായ താഴ്വാരങ്ങൾ പൂവനമായി ചിരിക്കുന്നു. മണ്ണിന്റെ പഴക്കത്താൽ വീര്യമേറുന്ന മുന്തിരിച്ചാറായും പാഴ്മുളംതണ്ടിൽ നിറഞ്ഞൊഴുകുന്ന സുന്ദരഗീതമായും അയാൾ അതനുഭവിക്കുന്നു.
"അയൽക്കാരി' എന്ന കവിതയിൽ മാംസബന്ധിതമല്ലാത്ത പ്രണയത്തിന്റെ മധുരവ്യഥ നിഴലിക്കുന്നുണ്ട്. ഓരോരോ ഋതുവിലും തനിക്ക് വ്യത്യസ്ത നഗരങ്ങളിലെ ചന്തയിൽനിന്നും താൻ വാങ്ങി സമ്മാനിച്ചതെല്ലാം നഷ്ടപ്പെടുത്തുന്ന "വല്ലാത്തൊരു അയൽക്കാരിപ്പെണ്ണ്' അവസാനം എന്നെന്നും ഉടയാതെ തന്റെ കൈയിൽ സൂക്ഷിക്കാനായി എന്തെങ്കിലും തനിക്കു തരണമെന്ന് പാദസരത്തിന്റെ ശബ്ദം കേൾപ്പിച്ചുകൊണ്ട് വാതിൽ പാതിതുറന്നുകൊണ്ട് അരികിൽ വന്ന് ആവശ്യപ്പെടുമ്പോൾ ആ പെൺകുട്ടിയുടെ മുന്നിൽ അയാൾക്ക് ഉത്തരം മുട്ടുന്നു. സ്വന്തം ഹൃത്തടം അവൾക്കായിക്കൊടുത്താൽപോലും ഭാവിയിൽ ഒരു ദിനം ഓർക്കാതെ നിരുത്സാഹഭാവത്തിൽ അവൾ അതെറിഞ്ഞുടച്ചുപോയാലോ എന്ന് ആശങ്കപ്പെടുന്ന മൗനപ്രണയത്തിന്റെ തീവ്രത അതിൽ കാണാം.
"യുവവിധവ'യിൽ കാമുകന്റെ മാംസദാഹാർത്തമായ ചഞ്ചലവികാരത്തെ തടുക്കുന്ന ധീരയായ യുവതിയുടെ മനഃശക്തിയുടെ ആത്മബലമാണുള്ളത്. മുറ്റത്തെ ഇലഞ്ഞിമേൽ താമരവളയത്താൽക്കെട്ടിയ പൊന്നൂഞ്ഞാലയിൽ കാമുകൻ ആടുവാൻ വിളിച്ചിട്ടും അവൾ സ്വന്തം ദേഹം ഒരു ആശ്രമപൂജാമുറിയാക്കി പ്രണയവിശുദ്ധിയോടൊപ്പം തന്നിലെ ചാരിത്ര്യവിശുദ്ധിയെയും കാക്കുന്ന ഭാവശുദ്ധിയോടെ നിൽക്കുന്നതു കാണാം.
"ആമിന' എന്ന കവിതയിൽ പ്രാണപ്രിയന്റെ മരണത്തോടെ ജീവിതദുരന്തത്തിൽപ്പെട്ടുഴലുന്ന പ്രണയിനിയുടെ പരിണാമനിയതിയുടെ ദുഃഖകഥ നീറിക്കിടപ്പുണ്ട്. കണ്ണീരുപ്പുകലർന്ന സദ്യകൂട്ടലായി വിശപ്പ് വിശപ്പോടൊട്ടി നിൽക്കുന്ന ആസക്തനഗരച്ചുഴിയിൽപെട്ടുഴലുന്ന കാമിനീഹൃദയങ്ങളോടുള്ള കവിയുടെ അപാരമായ കാരുണ്യമുണ്ട് ഈ കവിതയിൽ.
"പൂമുടിയിൽ ഞാനിന്നു ചൂടിച്ചതാ–
മീ മലർമാല വാടുകിൽത്തന്നെയും
പ്രേമമാം മധു ചോരുമെന്മാനസ–
മോമലിന്റെ കരതാരിലില്ലയോ?
ചുണ്ടിണയിൽ ഞാനിന്നു കുറിച്ചൊരീ–
ച്ചുംബനസ്മൃതി മായുകിൽത്തന്നെയും
ഹാ യുഗങ്ങൾക്കു മായ്ക്കുവാനാവാത്ത
മായികഹർഷമാത്മാവിലില്ലയോ?'
എന്ന് "വേർപിരിയട്ടെ' എന്ന കവിതയിൽ കവി സമാശ്വസിക്കുന്നു. യുഗങ്ങൾക്കും മായ്ക്കാനാവാത്ത മായികമായ ഒരാനന്ദം ആത്മാവിൽ ലയിപ്പിച്ച വിശുദ്ധപ്രണയത്തിന്റെ തീവ്രാനുഭൂതി ഇതിൽ തിളങ്ങിനിൽക്കുന്നുണ്ട്.
"ഒരു പുഷ്പം മാത്രം പറിക്കാതെ നിർത്തിഞാ–
നൊടുവിൽ നീയെത്തുമ്പോൾ ചൂടിക്കാനായ്
ഒരു തന്ത്രി മാത്രം തൊടുക്കാതെവച്ചു ഞാൻ
ഒടുവിൽ നിനക്കായ് ശ്രുതിപിടിക്കാൻ
ഒരു ഗാനം മാത്രം ഞാൻ പാടാതെസൂക്ഷിച്ചു
ഒടുവിൽ നിൻ നിദ്രയിൽ താരാട്ടുവാൻ
ഒരു മുറി മാത്രം തുറക്കാതെവച്ചു ഞാൻ
അതിഗൂഢമെന്നുമെന്നാരാമത്തിൽ'
എന്ന് തുടങ്ങുന്ന "അമലേ നീ വന്നപ്പോൾ' എന്ന കവിത അതിഗൂഢപ്രണയത്തിന്റെ വിശുദ്ധരാഗമായി നമ്മുടെ ഹൃദയതന്ത്രികളെ തൊടുന്നു.

പ്രണയകവിതകൾ
പി. ഭാസ്കരന്റെ തൂലികയിൽ വിരിഞ്ഞ മനോഹരമായ പ്രണയകവിതകളുടെ സമാഹാരമാണിത്. പ്രണയത്തിന്റെ തീവ്രതയും, വിരഹത്തിന്റെ നോവും, വിഷാദത്തിന്റെ നിഴലാട്ടങ്ങളും ഈ കവിതകളിൽ ഒരേപോലെ ദർശിക്കാം. വെറുമൊരു വൈകാരിക പ്രകടനം എന്നതിലുപരി, ജീവിതത്തിന്റെ സങ്കീർണ്ണതകളെയും പ്രതീക്ഷകളെയും പ്രണയത്തിലൂടെ അദ്ദേഹം ആവിഷ്കരിക്കുന്നു.

പി ഭാസ്കരൻ


Related Articles