ജീവിതത്തെ അനുഭവിപ്പിക്കുന്നതാണ് കഥ. അതുകൊണ്ടു തന്നെ ജീവിതാവിഷ്കാരത്തിനുള്ള മാധ്യമമാണ് കഥകൾ. ജീവിതത്തിൻ്റെ വ്യത്യസ്തമായ വഴികളും സംഭവങ്ങളും വർത്തമാനകാലത്തെ പ്രശ്നങ്ങളും അവയുടെ രാഷ്ട്രീയവും ഭാവിയിൽ ഉണ്ടാകാൻ പോകുന്ന മാറ്റങ്ങളും ഭൂതകാല ചരിത്രവുമൊക്കെയാണ് കഥകൾക്ക് എന്നും വിഷയം. അനുനിമിഷം മാറിമറിയുന്ന ജീവിതക്കാഴ്ചക്കളെ, വ്യതിയാനങ്ങളെ, ചാരുതയോടെ ആറ്റിക്കുറുക്കി പകർത്തിവയ്ക്കാൻ കഴിയുന്നത് ചെറുകഥകൾക്കാണ്. ഓരോ കഥയുടെയും രൂപഭാവങ്ങൾ അതത് കഥകളുടെ പ്രമേയവും ആഖ്യാനവും ഭാഷയുമാണ് നിർണയിക്കുന്നത്.
'മഞ്ഞയിൽ കറുത്തവരകൾ' എന്ന ഉണ്ണികൃഷ്ണൻ കിടങ്ങൂരിൻ്റെ കഥ വളരെ ഋജുവായ കഥയാണ്. കഥയുടെ പേരിൽത്തന്നെ ഒരു കടുവ ഒളിഞ്ഞു കിടക്കുന്നുണ്ട്. അത് പൂർത്തീകരിക്കുന്നത് കഥാന്ത്യത്തിലാണെന്ന് മാത്രം. യാഥാർത്ഥ്യത്തിനും ഭാവനയ്ക്കും ഇടയിലൂടെയാണ് ഈ കഥ കടന്നു പോകുന്നത്.
ഭാഷയിൽ പുലർത്തുന്ന ലാളിത്യവും ആഖ്യാനത്തിൽ നിർവഹിക്കുന്ന ജിജ്ഞാസയുമാണ് ഈ കഥയെ വ്യത്യസ്തമാക്കുന്നത്. വാക്കുകൾ കൊണ്ട് ചിത്രം വരച്ചിടുകയാണ് കഥാകൃത്ത്. ഉള്ളിൽ നല്ലൊരു കവിയുണ്ടെന്ന് ഈ കഥാകൃത്തിൻ്റെ പല കഥകളും വായിച്ചപ്പോൾ തോന്നിയിട്ടുണ്ട്. മാത്രവുമല്ല നല്ലൊരു എഡിറ്റർ കൂടിയാണ് ഈ കഥാകൃത്ത്. അനാവശ്യമായ ഒരു വാക്കു പോലും കഥയ്ക്കിടയിൽ കടന്നുവരാത്തത് അതുകൊണ്ടാണ്.
