ഭൂതവർത്തമാനങ്ങളുടെ ഇലങ്കൈ മരങ്ങൾ

Book Review

ഭൂതവർത്തമാനങ്ങളുടെ ഇലങ്കൈ മരങ്ങൾ


മനുഷ്യവംശങ്ങളുടെ അധിനിവേശവും പലായനവും അതിജീവനശ്രമങ്ങളും എല്ലാ ദേശകാലങ്ങളിലും പലമട്ടിൽ സംഭവിച്ചു പോരുന്നതാണ്. ആദികാവ്യം മുതൽ സാഹിത്യത്തിൻ്റെ കാമ്പുള്ള പ്രമേയമായും അത് മാറിയിട്ടുണ്ട്. ശ്രീലങ്കയിലെ തമിഴ് വംശജർക്ക് അനുഭവിക്കേണ്ടിവന്ന ഛിദ്രങ്ങളും നിലനിൽപ്പിനായുള്ള പോരാട്ടങ്ങളും ലോകം, പ്രത്യേകിച്ച് മലയാളികൾ അതിജാഗ്രതയോടെ ഉറ്റുനോക്കിയിരുന്നു. സ്വത്വസ്ഥാപനത്തിനായും സ്വന്തം ഇടം തിരിച്ചുപിടിക്കുന്നതിനായും എൽ.ടി.ടി.ഇ. ഉൾപ്പെടെയുള്ള സംഘടനകൾ ഒളിഞ്ഞും തെളിഞ്ഞും നടത്തിയ സമരങ്ങൾ ഇന്ന് ചരിത്രത്തിൻ്റെ ഭാഗമാണ്. ഈ സമരഭൂമിയിൽ നിന്ന് കണ്ടതും കേട്ടതും അറിഞ്ഞതുമായ യാഥാർത്ഥ്യങ്ങൾക്കപ്പുറമുള്ള അനുഭവതലങ്ങളെ ജീവിതഗന്ധിയായി അവതരിപ്പിക്കുന്ന നോവലാണ് സി.എസ്. മണിലാൽ രചിച്ച ഇലങ്കൈ മരങ്ങൾ. ശ്രീലങ്കയുടെ ചരിത്രവും വർത്തമാനവും പറയുന്നതിലൂടെ തീവ്രവാദത്തിന്റെയും പലായനത്തിന്റെയും അകക്കാഴ്ചകളിലേക്ക് വഴിനടത്തുക മാത്രമല്ല ഇലങ്കൈ മരങ്ങളുടെ ധർമ്മം. അധിനിവേശത്തിനുമുന്നിൽ അടിയറവ് പറയുന്ന ദേശസംസ്കൃതിയുടെ ഭാഷ, ജീവിതം, മതം, പൗരത്വം എന്നിവയെല്ലാം നോവലിൻ്റെ ഇതിവൃത്തത്തിന്റെ ഭാഗമാകുന്നു; വിശകലനം ചെയ്യപ്പെടുന്നു.

ഈഴൈപ്പോരിന്റെ കഥ ഇഴനെയ്യുന്നതിനൊപ്പം കേരളത്തിലെ ക്നാനായസഭക്കാർ വംശശുദ്ധിയുടെ നിലനിൽപ്പിനും സ്വത്വസംരക്ഷണത്തിനുമായി ജാഗ്രതയോടെ ഇടപെടുന്നതിന്റെ ദൃശ്യങ്ങളും കൃതിയുടെ ഊടും പാവുമായി മാറുന്നു. നിശ്ശബ്ദവും സാംസ്കാരിക തലത്തിലുള്ളതുമാണ് ക്നാനായവിശ്വാസികളുടെ സ്വത്വപരമായ അതിജീവനശ്രമങ്ങൾ. സംസ്കാരിക അധിനിവേശത്തിന്റെയും അതിജീവനശ്രമത്തിന്റെയും മറ്റൊരു തലംകൂടി ഇത്തരത്തിൽ ലഭിക്കുന്നു.

ചരിത്രത്തെയും സമകാലത്തെയും സമർത്ഥമായി ഇണക്കിക്കൊണ്ടും വിമർശനാത്മകമായി ഇടപെട്ടുകൊണ്ടും അതിജാഗ്രതയോടെ നീങ്ങുമ്പോഴും ഇലങ്കൈമരങ്ങളുടെ വായനാക്ഷമതയ്ക്ക് ഭംഗം സംഭവിക്കുന്നില്ല. ഒതുക്കമുള്ള ഭാഷയും കാന്തശക്തിയുള്ള ഭാവനയും കറതീർന്ന സാമൂഹികബോധവും നോവലിന് മുതൽക്കൂട്ടാകുന്നു.


Related Articles