കഥകളുടെ മാലപൊട്ടിച്ച് ഹൃദയത്തിലേക്ക്‌...

Book Review

കഥകളുടെ മാലപൊട്ടിച്ച് ഹൃദയത്തിലേക്ക്‌...


എഴുത്തുകാരെ കൂടുവിട്ട് കൂടുമാറുന്ന മാന്ത്രികരോട് ഉപമിച്ചത് ഇറ്റാലിയൻ സാഹിത്യകാരനായ ഇറ്റാലോ കാൽവിനോയാണ്. അവർ തന്റെ വാക്കിനെയും വരിയെയും വ്യതിരിക്തമായ ജീവിതാവസ്ഥകളുടെ വേഷങ്ങളാൽ ഒരു ബ്രസീലിയൻ ഓപ്പറയിലെന്നപോലെ മാറി മാറി അണിയിക്കുന്നു. അജിജേഷ് പച്ചാട്ടിന്റെ ‘കോഹിനൂർ മാല പൊട്ടിക്കൽ’ എന്ന കഥാസമാഹാരത്തിലൂടെ കടന്നുപോയപ്പോൾ ഇതോർത്തു. ഉയർന്ന വായനാക്ഷമതയുള്ള, തീർത്തും വ്യത്യസ്തമായ പത്ത് കഥകളാണ് കോഹിനൂർ മാലപൊട്ടിക്കൽ എന്ന സമാഹാരത്തിലുള്ളത്. എഴുത്തുകാരന്റെ തനത് ശൈലിയെ, വാക്കുകളുടെ സ്ഥായിയായ സഞ്ചയത്തെ കലകൊണ്ട് എളുപ്പത്തിൽ മറികടക്കാനും ഒറ്റയായി മാറി നിൽക്കാനും ഈ പുസ്തകത്തിലെ ഓരോ കഥയ്ക്കും കരുത്തുണ്ട്. ഒരർത്ഥത്തിൽ സാഹിത്യത്തിൽ, ഒരെഴുത്തുകാരൻ/എഴുത്തുകാരി വിജയഭേരി മുഴക്കുന്നതിന്റെ ക്ലാസ്സിക്ക് ലക്ഷണങ്ങളിൽ ഒന്നാണ് അതെന്ന് നിസ്സംശയം പറയാം.

കോഹിനൂർ മാല പൊട്ടിക്കൽ എന്ന സമാഹാരത്തിലെ ഓരോ കഥ വായിക്കുമ്പോഴും ഹൃദയവും തലച്ചോറും തമ്മിലുള്ള മഹാസംഘർഷത്തിന്റെ ഭൂമിക നമ്മുടെയുള്ളിൽ പതുക്കെ ഒരുങ്ങുകയാണ് ചെയ്യുന്നത്. മനുഷ്യനോളം ക്രൗര്യമുള്ള മറ്റൊരു ജീവിയും ഭൂമിയിലില്ലെന്ന സത്യം ഒരിക്കൽ കൂടി നമ്മെ ഓർമ്മിപ്പിക്കുന്ന കഥയാണ് 'വാതിൽ.' സഹനത്തിന്റേയും സമരതീഷ്ണതയുടെയും കഥ. 'വാതിൽ' വായിക്കുന്നവരുടെ മനസ്സിൽ എന്നും ഒരു മാറാമുറിവായി നിൽക്കുമെന്ന കാര്യത്തിൽ സംശയമില്ല. സൂക്ഷ്മമായി നിരീക്ഷിച്ചാൽ ഇന്നത്തെ സമൂഹത്തിന്റെ മനസ്സാക്ഷിയ്ക്കു നേരെയാണ് കഥാകൃത്ത് ‘വാതിൽ‘ തുറക്കുന്നത്. ഇരയുടെ അതിജീവനത്തിൽ അനുഭവിക്കേണ്ടിവരുന്ന കടുത്ത ഒറ്റപ്പെടലും, മാനസിക-സാമൂഹിക വെല്ലുവിളികളും ആഴത്തിൽ, അതിലേറെ വേദനയിൽ അനുഭവിപ്പിക്കാൻ എഴുത്തുകാരന് കൃത്യമായി കഴിഞ്ഞു എന്ന് പറയാതെ വയ്യ. ഇരയിൽ നിന്നും അതിജീവതയിലേക്കുള്ള ദൂരവും തുടർന്നുള്ള അവരുടെ ജീവിതവും എത്ര കഠിനമാണെന്ന് വാതിൽ വിളിച്ചു പറയുന്നു.

ഒട്ടുമിക്ക ലോക ക്ലാസിക്കുകളും അവസാനിക്കുന്നത് വായനക്കാർക്ക് ജീവിതാവസാനം വരെ നെഞ്ചിൽ പേറാവുന്ന കടുത്ത വ്യഥകൾ സമ്മാനിച്ചു കൊണ്ടാണ്. ഒരുപക്ഷേ, ദുഃഖമാണ് കലാതീതമായി മനുഷ്യനെ മദിക്കുക എന്ന മനഃശാസ്ത്രപരമായ വസ്തുതയായിരിക്കാം ഇതിന് പിന്നിൽ പ്രവർത്തിക്കുന്നത്. ഈ കഥയുടെ സ്ഥിതിയും വിഭിന്നമല്ല. ഇവിടെ കഥാപാത്രങ്ങളുടെ ആന്തരികമായ വിഹ്വലതകൾ അതിഗംഭീരമായി എഴുത്തുകാരൻ കഥയുടെ കാൻവാസിൽ കടുത്ത ചായങ്ങളിൽ വരച്ചിടുന്നു. അതുകൊണ്ടു തന്നെ കഥ തുടങ്ങുന്നിടത്തുള്ള ഭാവാന്തരീക്ഷത്തിന്റെ അതേ പിരിമുറുക്കം വായനക്കാർക്ക് അന്ത്യംവരെ അനുഭവിക്കാനാകുന്നു. വർത്തമാന കാലത്തിൽ നിന്ന് ഭൂതകാലത്തിലേക്കുള്ള കഥനമാറ്റം (story shifting) മനോഹരമായി ബ്ലന്റ് ചെയ്ത കഥ കൂടിയാണ് വാതിൽ. അതുകൊണ്ടായിരിക്കണം വാതിലിന്റെ ശില്പഭംഗി വായിക്കുന്നവരെ ഏറെ മോഹിപ്പിക്കുന്ന ഒന്നായി മാറിയത്.


Related Articles