പാട്ടും പ്രണയവും ഫലിതവും ചേര്‍ത്ത് പണിത കുന്നംകുളം താജ്മഹൽ

Book Review

പാട്ടും പ്രണയവും ഫലിതവും ചേര്‍ത്ത് പണിത കുന്നംകുളം താജ്മഹൽ


"ഒരു ടീസ്പൂൺ പൊടിയും, 1/2 കപ്പ് തൊങ്ങലും ചേർത്ത് വറുത്തെടുത്ത തെറ്റില്ലാത്ത ഒരു നുണക്കഥ തരിപ്പായി അരച്ച് പദ്യത്തിൽ എഴുതിയിരിക്കുന്നു" എന്നാണ് "കുന്നംകുളം താജ്മഹൽ" എന്ന തൻ്റെ പാട്ട് നോവൽ തുടങ്ങുമ്പോൾ ബി.കെ. ഹരിനാരായണൻ പറഞ്ഞുവെച്ചിരിക്കുന്നത്. പുസ്തകം കിട്ടി ആദ്യം മറിച്ചു നോക്കി ചില ഭാഗങ്ങൾ ഓടിച്ചുവായിച്ചപ്പോൾ ലേശം രസമുള്ള പൈങ്കിളിക്കഥ ആണല്ലോ സംഭവം എന്നാണ് ആദ്യം തോന്നിയത്. ഒരു സുഹൃത്തിനോടിത് പറയുകയും ചെയ്തു. എന്നാൽ വായനയ്ക്കെടുത്തപ്പോൾ ഈ പാട്ടു നോവൽ, കാലിക സാഹിത്യത്തിൽ വ്യത്യസ്തത അടയാളപ്പെടുത്തും വിധം പുതുമകളോടെ വേറിട്ട സങ്കേതത്തിൽ രചിച്ച കൃതിയാണെന്ന് തിട്ടമായി.

കുന്നംകുളം താജ്മഹൽ എന്ന പാട്ട് നോവലിൽ പറയുന്നത് രാധാകൃഷ്ണൻ എന്ന ജനസമ്മതനായ പ്ലംബറും നാട്ടുകാരിയും സമ്പന്ന കുടുംബാംഗവുമായ ചന്ദ്രിക എന്ന പെൺകുട്ടിയും തമ്മിലുള്ള പ്രണയമാണ്. അതിനൊപ്പം, ഇതിൽ ഒരു നാടിൻ്റെ ചിത്രവും മനുഷ്യരും രീതിയും ഭാഷയും ആഘോഷങ്ങളുമൊക്കെ വരുന്നു എന്നതുകൂടിയാണ് ഈ കഥയുടെ പ്രത്യേകത. മുൻപ് എവിടെയോ എഴുതിയിട്ടുള്ളത് പോലെ ഒരു പ്രേമവും ഒരിക്കലും തീരുന്നില്ല എന്നിരിക്കെത്തന്നെ, ഏതു നിമിഷ പ്രേമം പോലും ആദിമധ്യങ്ങളുള്ള മറ്റൊരുതരം തുടരൻ സമാന്തര ജീവിതകഥ കൂടിയാണ്. അത് മുഴുവൻ പാട്ട് രൂപത്തിൽ എഴുതുവാൻ അത്ര എളുപ്പമല്ല. ഭാഷയും ഭാവനയും പദവും വാക്കും താളവും ആഴവും ബോധ്യവും വേണമെന്നതിലുപരി എന്തൊക്കെ മാത്രം പറയേണ്ടൂ എന്ന യുക്തിയും കൂടി വേണം. പാട്ടുകഥാകഥനങ്ങളുടെ തുടക്കത്തിന് ഏറെപ്പഴമയുണ്ട്. ഇലിയഡും അദ്ധ്യാത്മ രാമായണവും തുടങ്ങി എത്രയോ ഇതിഹാസങ്ങളും പുരാണങ്ങളും മനുഷ്യർ കഥ പോലെ വായിച്ചിട്ടുള്ളത് പദ്യരൂപേണയാണ്.

എല്ലാ കവിതകളിലും പാട്ടുകളിലും സത്യത്തിൽ ഒരു കഥയോ നിരവധിക്കഥകളോ ഉണ്ട്. എതിരഭിപ്രായങ്ങളുണ്ടെങ്കിലും താജ്മഹലിനെ അനശ്വര പ്രേമത്തിൻ്റെ ആഗോള നിർമ്മിതിയെന്ന സങ്കൽപ്പത്തിൽനോക്കിക്കാണാൻ തന്നെയാണ് ഉള്ളിലെ കാൽപ്പനിക മനസിന് എന്നും കൗതുകം. ഇവിടെ രാധയെന്ന കഥാനായകനെ തദ്ദേശവാസികൾ വിളിക്കുന്ന പേരാണ് കുന്നംകുളം താജ് മഹൽ. കഥയിലും യഥാർത്ഥ താജ്മഹൽ ദൃശ്യപ്പെടുന്നുണ്ട്. പ്രണയ സ്മാരകമായി ജീവിക്കുന്ന കുറെ മനുഷ്യർ ഏതൊരു നാട്ടിലുമുണ്ടാകും. രാധയുടെ കഥ പതിനഞ്ചു പാട്ടായാണ് പുസ്തകത്തിൽ പറയുന്നത്. അതായത് പുസ്തകത്തിന് 15 അധ്യായങ്ങളുണ്ട്. ഏകദേശം അൻപതോളമോ അതിൻ മുകളിലോ മനുഷ്യരിതിൽ കഥാപാത്രങ്ങളായുണ്ട്. മമ്മൂട്ടിയും വി കെ ശ്രീരാമനും മോഹൻലാലും റഫീക്കഹമ്മദും മുതൽ കുന്നംകുളവും തൃശൂരും ഗുരുവായൂരും കോയമ്പത്തൂരും മദ്രാസും കോട്ടയവും ആഗ്രയുമൊക്കെ കഥയുടെ ഭൂമികകളാകുന്നുണ്ട്.


Related Articles