വായനക്കാരൻ്റെ ജീവിതം ഒളിച്ചിരുന്ന് പകര്‍ത്തിയതുപോലെ ഒരു നോവല്‍

Book Review

വായനക്കാരൻ്റെ ജീവിതം ഒളിച്ചിരുന്ന് പകര്‍ത്തിയതുപോലെ ഒരു നോവല്‍


ജർമൻ സാഹിത്യകാരനായ കാഫ്കയും റഷ്യൻ എഴുത്തുകാരൻ ടോൾസ്റ്റോയിയും ഒരു ചായക്കടയിൽ ഇരുന്നു സംസാരിച്ചാൽ അവർ എന്തായിരിക്കും പറയുക? ഉറപ്പായും പുസ്തകങ്ങളെ പറ്റിയാവും. പട്ടുനൂൽപ്പുഴുവിലെ പ്രധാന കഥാപാത്രങ്ങളുടെ പേര് വന്നിരിക്കുന്നതും കാഫ്കയുടെ മെറ്റമോർഫോസിസില്‍ നിന്ന് സംസയും ടോൾസ്റ്റോയിയുടെ യുദ്ധവും സമാധാനത്തിൽ നിന്ന് നടാഷയും ആണ്.

മെറ്റമോർഫോസിസ്- ലെ സംസാ എന്ന സെയിൽസ്മാൻ പെട്ടന്ന് ഒരു ദിവസം ഷഡ്പദമായി മാറുകയും പതുക്കെ എല്ലാവരുടേയും പൊതുബോധത്തിൽ നിന്ന് മാഞ്ഞു പോവുകയും ചെയ്യുന്നുണ്ട്. പട്ടുനൂൽപ്പുഴുവിലെ സംസാ അത്തരത്തിൽ അവൻ്റെ സാന്നിധ്യം പോലും മറ്റൊരാളാൽ തിരിച്ചറിയപ്പെടാത്ത ഒരാൾ ആണ്. വായനക്കാരൻ ആരാണ്, സംസാ ആരാണ് എന്ന് തിരിച്ചറിയാൻ പറ്റാത്ത രീതിയിലുള്ള ആഖ്യാനം. സംസയുടെ കാഴ്ചപ്പാടിലൂടെ ആണ് നോവൽ പ്രധാനമായും സഞ്ചരിക്കുന്നത്. അവൻ തികഞ്ഞ ഏകാകിയാണ്. പുസ്തകങ്ങളും പ്രകൃതിയുമൊക്കെയാണ് അവൻ്റെ കൂട്ടുകാർ. ഒരു പിടി മനോഹരമായ കഥാപാത്രങ്ങളെ കൂടി മുന്നോട്ട് വച്ചുകൊണ്ടാണ് നോവൽ മുന്നോട്ട് പോകുന്നത്. സംസയുടെ വീട്ടിൽ തുടങ്ങുന്നു അത്. വ്യത്യസ്തമാണ് ആ വീട്, ഏച്ചുകെട്ടി മുഴച്ചിരിക്കുന്ന ഒരു കഥാപാത്രം. പിന്നെ കടന്നുവരുന്നത് ഇലു എന്ന നായക്കുട്ടി. സംസയുടെ തന്നെ പ്രതിരൂപം. ദാമു കടന്നുവരുന്നത് മരിച്ചുപോയ പെൺകുട്ടിയെ പരിചയപ്പെടുത്തിക്കൊണ്ടാണ്. അവൾ സംസക്കു നടാഷ ആവുന്നു അവൻ്റെ കഥകൾ കേൾക്കാൻ.

മറ്റു പ്രധാന കഥാപാത്രങ്ങളും അവരുടെ പാത്രസൃഷ്ടിയും അതി മനോഹരമാണ്. സംസയുടെ അച്ഛനും അമ്മയും. സമ്പന്നതയുടെ വസന്തത്തിൽ നിന്നു പ്രണയം വറ്റിയ ഒരു മനുഷ്യൻ, വിജയൻ സംസയുടെ അച്ഛൻ. സ്വപ്നസുരഭിലമായ ഒരു ജീവിതം ആഗ്രഹിച്ചു നിർവികാരത എന്ന സ്ഥായിഭാവത്തിൽ എത്തി ചേർന്ന സംസായുടെ അമ്മ ആനി. വർഷത്തിലൊരിക്കൽ മാത്രം ഭ്രാന്ത് വരുന്ന, ചങ്ങലയിലൂടെ ആ ഭ്രാന്ത് ഈന്തു മരത്തിലേക്ക് പകരുന്ന, സംസയെ അവനായി കണ്ടു കൂട്ടുകൂടിയ സ്റ്റീഫൻ. അവന്റെ കാമുകി ശ്യാമ, വീടിൻ്റെ പടിക്കൽ വരെ മാത്രം സ്വപ്നം കാണാൻ വിധിക്കപെട്ടവൾ. മാർക്ക് സർ എന്ന ലൈബ്രെറിയൻ, അദ്ദേഹം പുസ്തകങ്ങൾക്കൊപ്പം എഞ്ചിനുകളെയും സ്നേഹിച്ചു. ചെട്ടിയാരും, ആടുമായി വന്ന പാണ്ടിക്കാരുമൊക്കെ പട്ടുനൂൽപ്പുഴുവിൻ്റെ കൊക്കൂണിനകത്തു മനോഹരമായി പാർക്കുന്നു.  


Related Articles