കവിതകൊണ്ട് പൂരിപ്പിക്കാവുന്ന ഇടങ്ങൾ ജീവിതത്തിലുണ്ടെന്ന് സാക്ഷ്യപ്പെടുത്തുന്ന കവിതകളാണ് ഹരീഷ് ശക്തിധരൻ്റെ ''തണ്ട്" എന്ന സമാഹാരത്തിലുള്ളത്. മരണത്തിനു മുമ്പുള്ള വെപ്രാളമെന്ന് ജീവിതത്തെ ആരോ വിളിച്ചതോർക്കുന്നു. ഒറ്റയടിയുടെ സമയമേ ജീവിതത്തിനും മരണത്തിനുമിടയിലുള്ളൂ എന്നും, ഒൻപതു മിനുട്ടിൻ്റെ തിരക്കഥയാണ് തൊണ്ണൂറു വർഷമിങ്ങനെ ഇഴയുന്നതെന്നും, പരാജയങ്ങളിലാണ് ജീവിതമുള്ളതെന്നും വിജയമെന്നത് ശൂന്യാകാശം മാത്രമാണെന്നും ഓർമിപ്പിക്കുന്ന കവിതകൾ. എത്ര തേച്ചുരച്ചു കഴുകിയാലും പോകാത്ത ജീവിതത്തിൻ്റെ മണം ഈ കവിതകൾ നമ്മിൽ അവശേഷിപ്പിക്കുന്നു. വായനവേളയിലുണ്ടാവുന്ന നേർത്ത നൊമ്പരത്തെ, കവിതയിൽ നിന്നു തന്നെ കുഞ്ഞുചുണ്ടുകൾ ഇറങ്ങി വന്ന് ഉമ്മവെച്ചുണക്കുന്ന മാന്ത്രികത ഈ കവിതകൾക്കുണ്ട്.
കാക്കയും പൂച്ചയും കോഴിയും നായയുമെല്ലാം മനുഷ്യരല്ലേ.. ഇന്ന് വിചാരപ്പെടുന്ന വികാരലോകം ഈ കവിതകൾ പങ്കുവെക്കുന്നു. ആകാശം ചിറകുള്ള പക്ഷിയായി നമ്മുടെ തലക്കു മുകളിൽ പറക്കുന്നു.. റീത്തിൽ കുടുങ്ങി ഒടുങ്ങുന്നതിനു മുമ്പുള്ള ശലഭത്തിൻ്റെ നോട്ടവും, കളഞ്ഞു കിട്ടിയ വർണപ്പട്ടം പറത്താൻ ആകാശമില്ലാത്ത കുട്ടിയുടെ നിസ്സഹായതയും നമുക്കു മുന്നിൽ വളരുന്നു. ഉയിരിൻ കൊലക്കുടുക്ക് ഊഞ്ഞാലാക്കി മാറ്റുന്ന സ്നേഹശിഖരങ്ങൾ കാണിച്ചുതരുന്നു.
പേരില്ലാത്ത, രാവോർമയില്ലാത്ത പെൺപകലുകളുടെ അസ്തമയ ദൃശ്യങ്ങൾ വരക്കുന്നു. അൽപ്പായുസ്സിൽ ഒടുങ്ങുന്ന നമ്മുടെ വലിയ ഉൽക്കണ്ഠകളെ വെളിച്ചത്താക്കുന്നു. കരുണയുടെ നോട്ടങ്ങളെ എളുപ്പത്തിൽ ക്രൂരതയുടെ കുപ്പായമിടീക്കുന്ന ജാലവിദ്യയിൽ തളയ്ക്കുന്നു. വരിതെറ്റിച്ച് വഴി വെട്ടാൻ പ്രേരിപ്പിക്കുന്നു. ഹിംസാടകരുടെ ബുദ്ധനാട്യങ്ങളുടെ മുനയൊടിക്കുന്നു. ഓർമയിൽ കാടുള്ള മൃഗത്തെമെരുക്കാൻ കഴിയില്ലെന്ന് ഉറച്ചുരയ്ക്കുന്നു. അത്രമേൽ പൊരുതിയിട്ടും കിട്ടാത്ത സ്വാതന്ത്ര്യത്തെ വെച്ചുനീട്ടുമ്പോൾ സംശയിക്കാൻ പഠിപ്പിക്കുന്നു. വിശപ്പിൻ്റെ പക്ഷത്ത് ചേർത്തു നിർത്തുന്നു. ഒടുവിൽ ഈ കവിതകളുടെ തീയിൽപ്പെട്ടതിൻ്റെ പൊള്ളലോടെ നാമിരിക്കുമ്പോൾ അതേ കവിതകളിൽ നിന്നു തന്നെ തണുത്ത വിരലുകൾ വന്ന്, നേർത്തു നനഞ്ഞ ശീല കൊണ്ട് നമ്മുടെ പനിക്കുന്ന നെറ്റിയിൽ തണുപ്പേകുന്നു...
ഹരീഷ് ശക്തിധരൻ
