നക്സൽ നേതാവായിരുന്ന കനു സന്യാൽ ആത്മഹത്യ ചെയ്ത വാർത്ത കണ്ടപ്പോൾ, അതിൽ അദ്ദേഹം താമസിച്ചിരുന്ന കുടിലിന്റെ ദൃശ്യം കണ്ടതോർമ്മയുണ്ട്. സി ഗണേഷ് എഴുതിയ "ബംഗ" എന്ന നോവൽ തുടങ്ങുന്നത് കനു സന്യലിന്റെ ആ കുടിലിൽ നിന്നാണ്. ആത്മഹത്യക്ക് മുൻപുള്ള അദ്ദേഹത്തിന്റെ മനോവ്യാപരങ്ങളിലൂടെ സഞ്ചരിക്കുകയാണ് നോവലിന്റെ തുടക്കത്തിൽ.
ജീവനൊടുക്കുന്നതിന് തൊട്ടുമുൻപ് വരെയും സഹായിക്കാൻ ആരുമില്ലാത്ത തോട്ടം തൊഴിലാളികളുടെയും മറ്റും പ്രശ്നങ്ങൾക്ക് പുറകെയായിരുന്നു അയാൾ... തന്റെ ജീവചരിത്രം തയ്യാറാക്കാനായി വരുന്ന ബപ്പാദിത്യ എന്ന യുവ ജേർണലിസ്റ്റിനെ ആദ്യമൊക്കെ നിരുത്സാഹപ്പെടുത്തിയെങ്കിലും ഒടുവിൽ അയാളോട് സംസാരിക്കാൻ കനു സന്യാൽ തയ്യാറാവുന്നുണ്ട്.
കനുവിന്റെ ജീവചരിത്രം പ്രമേയമായ നോവലാകുമ്പോൾ സ്വാഭാവികമായും നക്സൽ ബാരിയുടെ ചരിത്രം അതിൽ വരുമല്ലോ. എന്നാൽ നോവലിനു "ബംഗ"എന്ന പേര് എങ്ങനെ വന്നു എന്നൊരു സംശയം നോവൽ വായിച്ചു തുടങ്ങുന്നതിനു മുൻപ് തീർച്ചയായും തോന്നിയിരുന്നു എന്നാൽ നോവൽ വായിച്ചു പോകുന്തോറും ആ സംശയം ഇല്ലാതാവും കാരണം ഇത് കേവലം കനുസന്യലിന്റെയോ നക്സൽബാരിയുടെയോ കഥ മാത്രമല്ല മറിച്ചു ബ്രിട്ടീഷ് അധിനിവേശ കാലം മുതൽക്കുള്ള ബംഗാളിന്റെ ചരിത്രം കൂടിയാണ്.
